ഷാമിക്ക് അമേരിക്ക വിസ നിഷേധിച്ചു; പിന്നീട് നൽകി

Posted on: July 28, 2019 8:42 am | Last updated: July 28, 2019 at 1:43 pm


ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റർ മുഹമ്മദ് ഷാമിക്ക് അമേരിക്ക വിസ നിഷേധിച്ചു. ഭാര്യ നൽകിയ ഗാർഹിക പീഡനമുൾപ്പെടെയുള്ള പരാതി നിലനിൽക്കുന്നതിനാലാണ് താരത്തിന് വിസ നിഷേധിച്ചതെന്നാണ് റിപ്പോർട്ട്. എന്നാൽ, ബി സി സി ഐയുടെ ഇടപെടലിനെ തുടർന്ന് താരത്തിന് പിന്നീട് വിസ ലഭിച്ചു. ബി സി സി ഐ. സി ഇ ഒ രാഹുൽ ജോഹ്രി അമേരിക്കൻ എംബസിയുമായി ബന്ധപ്പെട്ടതിനെത്തുടർന്നാണ് വിസ അനുവദിച്ചത്. കേസിന്റെ വിശദാംശങ്ങളും കേസുകൾക്ക് ശേഷവും താരം ലോകകപ്പിൽ പങ്കെടുത്തതും ചൂണ്ടിക്കാട്ടി രാഹുൽ ജോഹ്രി യു എസ് അംബാസിഡർക്ക് കത്തയക്കുകയായിരുന്നു. ഷാമിയുടെ പോലീസ് വെരിഫിക്കേഷൻ റെക്കോർഡുകൾ അപൂർണമാണ് എന്നതായിരുന്നു വിസ നിഷേധിക്കാൻ ഇടയാക്കിയത്. ഇതിനുശേഷം ആവശ്യമായ രേഖകൾ ഹാജരാക്കിയ ശേഷം ഷാമിക്ക് വിസ അനുവദിക്കാൻ എംബസി തയ്യാറാകുകയായിരുന്നെന്നും റിപ്പോർട്ട് പറയുന്നുണ്ട്. ഭാര്യ ഹസിൻ ജഹാനുമായുള്ള കുടുംബ വഴക്കാണ് ഷാമിക്കെതിരെ പോലീസ് കേസിനിടയാക്കിയത്. ഇതര സ്ത്രീകളുമായി ഷാമിക്ക് ബന്ധമുണ്ടെന്ന് ഭാര്യ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ഗാർഹിക പീഡനം ആരോപിച്ച് അവർ പരാതി നൽകുകയും ചെയ്തു.

സംഭവത്തിൽ ഷാമിക്കെതിരെ കേസ് നിലനിൽക്കുന്നുണ്ട്. താരത്തിനെതിരെ ഒത്തുകളി ഉൾപ്പെടെ ആരോപണങ്ങളും ഹസിൻ ഉന്നയിച്ചിരുന്നു. വിഷയത്തിൽ അന്വേഷണം നടത്തിയ ബി സി സി ഐ ഷാമിയെ കുറ്റവിമുക്തനാക്കിയ ശേഷമാണ് ടീമിൽ തിരികെയെടുത്തത്. അന്താരാഷ്ട്ര കായിക താരങ്ങൾക്കുള്ള വിസയാണ് ഷാമിക്ക് ലഭിച്ചത്.