Connect with us

Ongoing News

മാമ്പഴം

Published

|

Last Updated

“ഞാനൊരു കുറ്റോം ചെയ്തില്ലേമാനേ…”
മൺപാതയിലൂടെ പോലീസ് വാഹനം മെല്ലെ മെല്ലെ മുന്നോട്ടു നീങ്ങുമ്പോൾ ദോപ്പയ്യ വാഹനത്തിലെ മാമ്പഴക്കുട്ടക്കരികിലിരുന്ന് നിസ്സഹായതയോടെ കാക്കി ധാരികളെ നോക്കി.

ആകെ ക്ഷീണിതനാണയാൾ. ധരിച്ച കുർത്തയും പൈജാമയും ചെളിമണ്ണ് കലർന്ന് മുഷിഞ്ഞതായിരുന്നു. വിയർപ്പിറ്റുന്ന എല്ലിച്ച ശരീരം വാഹനത്തിന്റെ കുലുക്കത്തിൽ ഇളകുന്നുണ്ടായിരുന്നു. വാഹനത്തിലാകെ തേൻ മാമ്പഴത്തിന്റെ ഗന്ധം നിറഞ്ഞുനിന്നു.
“ഞാനിത് കട്ടതല്ലേമാനേ…”

കാക്കിധാരികൾ മാമ്പഴക്കുട്ടയേയും തന്നേയും തുറിച്ചു നോക്കുന്നത് മനസ്സിലാക്കിയപ്പോൾ ദോപ്പയ്യ ആധിയോടെ വിളിച്ചു പറഞ്ഞു.

അയാൾ പറഞ്ഞത് തികച്ചും സത്യമായിരുന്നു. കള്ളം എന്താണെന്ന് അയാൾക്കറിയില്ലല്ലൊ. മാമരങ്ങളില്ലാത്ത ഗ്രാമമായിരുന്നു അയാളുടെത്. എങ്ങനെയാണ് ആ നാട്ടിൽ മാമരങ്ങളില്ലാതായതൊന്നും അയാൾക്കറിയില്ല. അന്യനാട്ടിൽ നിന്ന് കൊക്കിൽ മാമ്പഴവുമായി പറന്നു വന്നൊരു പറവ കൊത്തിയിട്ട വിത്ത് കുടിലിനരികിൽ മുളപൊട്ടിയപ്പോൾ അയാൾ ഓമനിച്ച് വളർത്തിയതായിരുന്നു. അതിപ്പോഴാണ് ആദ്യമായി പൂവണിഞ്ഞതും കായ്ഫലം നൽകിയതും.
തൊട്ടടുത്ത ഗ്രാമത്തിലാണ് അയാളുടെ മകൾ താമസിച്ചിരുന്നത്. കടിഞ്ഞൂൽ ഗർഭിണിയായ അവൾക്ക് നൽകാൻ രണ്ടുനാൾ മുമ്പ് അരുമയോടെ പറിച്ചെടുത്ത മാങ്ങ, രാവിലെ നോക്കുമ്പോൾ പഴുത്ത് പാകമായിരുന്നു. അതെല്ലാം ചൂരൽക്കുട്ടയിൽ അടുക്കി വച്ച്, തലച്ചുമടായി അയാൾ അയൽ ഗ്രാമത്തിലെ മകളുടെ വീട് ലക്ഷ്യമാക്കി നടക്കുകയായിരുന്നു. അപ്പോഴേക്കും തേൻ മാമ്പഴത്തിന്റെ ഗന്ധം നാടാകെ പരന്നു. ഇതു മണത്ത ചില കുട്ടികൾ അയാളുടെ പിന്നാലെ കൂടി. കുട്ടയിൽ നിന്ന് ഓരോ മാമ്പഴമെടുത്ത് അവർക്ക് കൊടുക്കുന്നതിനിടയിൽ പെട്ടെന്നാണ് ആ പോലീസ് വാഹനം അയാൾക്ക് മുന്നിൽ വന്നു നിന്നത്.

ജീപ്പിൽ നിന്നിറങ്ങിയ കാക്കി ധാരികൾ മാമ്പഴക്കുട്ട ജീപ്പിലേക്ക് വെപ്പിച്ച് അയാളെ അതിനുള്ളിലേക്ക് തള്ളിയിട്ടു.
യാതൊന്നും മനസ്സിലാകാതെ ജീപ്പിനുള്ളിലെ മാമ്പഴക്കൂടക്കരികിൽ കുന്തിച്ചിരുന്ന ദോപ്പയ്യ ഉറക്കെ കരഞ്ഞ് ഏമാൻമാരോട് തന്റെ നിരപരാധിത്വം ബോധിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. അയാളുടെ കലമ്പൽ കേട്ടു പൊറുതിമുട്ടിയൊരു കാക്കി ധാരി ഒടുവിൽ കോപത്തോടെ തെല്ലുറക്കെ ചോദിച്ചു.

“പേറ്റന്റ് നേടിയ കമ്പനിക്കല്ലാതെ ഈ നാട്ടിൽ മറ്റാർക്കും മാമ്പഴകൃഷി ചെയ്യാൻ അവകാശമില്ലെന്ന് അറിയില്ലേ തൈക്കെളവാ…?”

വൃദ്ധന് ഒന്നും മനസ്സിലായില്ല. കാക്കി ധാരിയുടെ ആക്രോശത്തിൽ പകച്ചുപോയ അയാൾ തന്റെ മാമ്പഴക്കുട്ടയിലേക്ക് നോക്കി നിശ്ശബ്ദനായി ഒന്നുകൂടി കൂനിക്കൂടി ഇരുന്നു.

ജ്യോതിബസു കീഴാറൂർ
• jyothibasu.kez@gmail.com

 

എരിഞ്ഞു തീരുന്നവർ

കവിത

ഇരുട്ടിൽ
പുകയുന്ന രണ്ട് രശ്മികൾ
പിണങ്ങി നിൽക്കുന്നത്
ഞാൻ കണ്ടു.

അൽപ്പം കഴിഞ്ഞ് അവ
അടുത്തുവന്നിരിക്കുന്നു.
അടുത്തടുത്തു വന്ന്
രണ്ടും കൂട്ടിയുരസി.
അടുത്ത നിമിഷം തന്നെ
കെട്ടടങ്ങി.

ചെന്നു നോക്കിയപ്പോൾ
രണ്ട് ചന്ദനത്തിരികൾ
ഒരേ കുഴിയിൽ കാലിട്ട്
തെറ്റിപ്പിരിഞ്ഞിരിക്കുന്നു.

വിദൂരത്തുണ്ടായിരുന്ന ഇരുതലകളും
അടുത്തുവന്ന്
ആ ജീവനുകൾക്ക് നാന്ദിയായി.

എരിഞ്ഞുതീരുന്ന ചന്ദനത്തിരികളെ
നോക്കി ഞാൻ പഠിച്ചു,
എരിഞ്ഞു തീരുന്ന ജീവിതത്തെ.

കെ വി ഉസ്മാന്‍
• kvupyd@gmail.com

Latest