Connect with us

Articles

ബ്രിട്ടനിൽ 'ട്രംപ് ' അധികാരമേൽക്കുമ്പോൾ

Published

|

Last Updated

രൂപത്തിൽ മാത്രമല്ല, നിലപാടുകളിലും നയങ്ങളിലും യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പതിപ്പാണ് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി അലക്‌സാൻഡർ ബോറിസ് ഡെ ഫെഫൽ ജോൺസൻ. ചീകിയൊതുക്കാത്ത മുടി, ആരേയും കൂസാത്ത ഭാവം, പ്രവചനം അസാധ്യമായ പെരുമാറ്റം, വിവാദങ്ങളുടെ തോഴൻ. ബോറിസിനെ ബ്രിട്ടനിലെ ട്രംപെന്ന് വിശേഷിപ്പിക്കുന്നത് ഇരുവരും നന്നായി ആസ്വദിച്ചു വരുന്നു. “അദ്ദേഹം നല്ല മനുഷ്യനാണ്. ഏറ്റവും അടുത്ത സുഹൃത്ത്. യൂറോപ്യൻ യൂനിയൻ വിടാൻ അദ്ദേഹം ആഗ്രഹിക്കുന്നുവെങ്കിൽ അങ്ങനെ ചെയ്യട്ടെ. അതിനേക്കാൾ നല്ല സ്വതന്ത്ര വ്യാപാര കരാറിൽ അമേരിക്കയും ബ്രിട്ടനും ഒപ്പുവെക്കും” എന്നാണ് ബോറിസിന് അയച്ച അഭിനന്ദന സന്ദേശത്തിൽ ട്രംപ് വ്യക്തമാക്കുന്നത്. ബ്രിട്ടീഷ് ആണെങ്കിലും ബോറിസ് ജനിച്ചത് യു എസിലാണ്. 2016 വരെ യു എസ് പൗരത്വവും ഉണ്ടായിരുന്നു.

നേതാക്കൾ ഇങ്ങനെ പരസ്പരം അനുകരിക്കുന്നതിന് എത്രയോ ഉദാഹരണങ്ങളുണ്ടായിട്ടുണ്ട്. ഫിദൽ കാസ്‌ട്രോയെ അനുകരിച്ചായിരുന്നുവല്ലോ ഹ്യൂഗോ ഷാവേസ് എന്ന രാഷ്ട്രീയ നേതാവ് ഉയർന്നു വന്നത്. പക്ഷേ, ഇവിടെ ബോറിസ് -ട്രംപ് സമാനതയും രണ്ട് പേരും നേടുന്ന സ്വീകാര്യതയും ചർച്ചാ വിഷയമാകുന്നത് അവർ മുന്നോട്ടുവെക്കുന്ന ആശയഗതിയെ ആസ്പദമാക്കിയാണ്. രണ്ടാമൂഴത്തിനായി തിരഞ്ഞെടുപ്പു ഗോദയിലേക്ക് ഇറങ്ങുന്ന ഡൊണാൾഡ് ട്രംപ് അഴിച്ചു വിടുന്ന പ്രചാരണം കടുത്ത മുസ്‌ലിം, കുടിയേറ്റ വിരുദ്ധതയിൽ ഊന്നിയുള്ളതാണ്. യു എസ് ഇപ്പോൾ അനുഭവിക്കുന്ന എല്ലാ പ്രതിസന്ധികളെയും ഈ അതിദേശീയതയാൽ മറച്ചു പിടിക്കുകയാണ് ട്രംപ് ചെയ്യുന്നത്. ലോകത്താകെ ഈ പ്രവണത ശക്തിയാർജിക്കുകയാണ്. ജനാധിപത്യം എന്ന ഭരണക്രമം നിരർഥകമാകുന്ന നിലയിലേക്കാണ് ഈ തീവ്രവലതുപക്ഷ തരംഗം ആഞ്ഞടിക്കുന്നത്. ഇന്ത്യയിൽ ഈ കൊടുങ്കാറ്റ് ഭീകര രൂപം കൈവരിച്ചിരിക്കുന്നു. നരേന്ദ്ര മോദി സർക്കാർ വൻ ഭൂരിപക്ഷത്തോടെ തിരിച്ചു വന്നത് ജനാധിപത്യത്തിന്റെ വിജയമായല്ല ദൗർബല്യമായി മാത്രമേ കാണാനാകൂ. ജയിച്ചു വന്ന ശേഷം നടക്കുന്ന ജയ്ശ്രീറാം ആക്രോശങ്ങൾ തീവ്രവലതുപക്ഷ യുക്തിയുടെ ഉൻമത്ത രാഷ്ട്രീയം തന്നെയാണ് മോദിയുടെ വഴിയെന്ന് തെളിയിക്കുന്നുണ്ട്.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഇനിയൊരു തിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് വരെ വിലയിരുത്തുന്നതിലേക്ക് കാര്യങ്ങൾ അധഃപതിച്ചിരിക്കുന്നു.
ഏറ്റവും മഹത്തായ ജനാധിപത്യ രാജ്യത്ത് ഡൊണാൾഡ് ട്രംപും ഏറ്റവും പഴക്കമേറിയ ജനാധിപത്യ രാജ്യത്ത് ബോറിസ് ജോൺസനും വന്നതോടെ വൃത്തം പൂർത്തിയായിരിക്കുന്നു. കൺസർവേറ്റീവ് പാർട്ടിയിൽ നടന്ന ഉൾപ്പാർട്ടി വോട്ടെടുപ്പിൽ ബോറിസ് ജയിച്ചു വരുന്നുവെന്നാൽ അർഥമാക്കേണ്ടത് ബ്രിട്ടൻ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുന്നുവെന്നാണ്. കൂടുതൽ അപകടകരമായ തീവ്ര ദേശീയതയിലേക്കും യുദ്ധോത്‌സുകതയിലേക്കും കൊളോണിയൽ ചൂഷണത്തിൽ നിന്ന് വ്യാവസായിക കുതിപ്പ് നേടിയ ബ്രിട്ടൻ പ്രവേശിക്കുകയാണ്.

മന്ത്രിസഭാംഗങ്ങളെ തിരഞ്ഞെടുത്തിടത്ത് തന്നെ ജോൺസൻ തന്റെ മുൻഗണന വ്യക്തമാക്കിക്കഴിഞ്ഞു. സ്ഥാനമൊഴിഞ്ഞ, കൺസർവേറ്റീവ് തന്നെയായ, തെരേസ മെയ് കൂടെക്കൂട്ടിയവരെയെല്ലാം ബോറിസ് ജോൺസൻ പുറത്താക്കിയിരിക്കുന്നു. നിയന്ത്രിത ബ്രക്‌സിറ്റാനായി വാദിച്ചിരുന്നവരെല്ലാം പുറത്തായി. മുൻ ഭാര്യ ഇന്ത്യൻ വംശജയായതിനാലാകാം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വേരുകളുള്ളവർക്ക് അദ്ദേഹം നല്ല പ്രാതിനിധ്യം നൽകിയിരിക്കുന്നു. ഇന്ത്യൻ വംശജയായ പ്രീതി പട്ടേലിനെ ആഭ്യന്തര മന്ത്രിയും പാക് ദമ്പതികളുടെ മകൻ സാജിദ് ജാവിദിനെ ധനമന്ത്രിയുമാക്കി. മേയുടെ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്നു ജാവിദ്. പ്രീതി പട്ടേൽ രണ്ട് വർഷം മേയുടെ രാജ്യാന്തര വികസന മന്ത്രിയായി പ്രവർത്തിച്ചയാളാണ്. ഈ അഴിച്ചു പണി സ്വാഭാവികമായി തോന്നാമെങ്കിലും നയം മുറുക്കുന്നതിന്റെ ആദ്യ പടിയാണെന്ന് സൂക്ഷ്മ നിരീക്ഷണത്തിൽ വ്യക്തമാകും.

ട്രംപിനെ പ്രസിഡന്റ്പദത്തിലെത്തിച്ചത് ഇറാൻവിരുദ്ധതയും കുടിയേറ്റത്തിനെതിരായ പ്രഖ്യാപനങ്ങളുമാണെങ്കിൽ ബോറിസിന് വഴിയൊരുക്കിയത് ബ്രക്‌സിറ്റ് മാത്രമാണ്. യൂറോപ്യൻ യൂനിയനിൽ ബ്രിട്ടൻ തുടരണമോ വേണ്ടയോ എന്നതായിരുന്നുവല്ലോ ചോദ്യം. ഹിതപരിശോധനയിൽ നേരിയ വ്യത്യാസത്തിൽ യെസ് പക്ഷം വിജയിച്ചു. നോ പക്ഷത്ത് നിലയുറപ്പിച്ച ഡേവിഡ് കാമറൂൺ സ്ഥാനമൊഴിഞ്ഞു. ബ്രക്‌സിറ്റ് വക്താവായ തെരേസ മെയ് അധികാരമേറ്റു. പക്ഷേ, താൻ എന്തിനു വേണ്ടിയാണോ നിലകൊണ്ടത് അതേ വിഷയത്തിൽ ഒറ്റപ്പെട്ട് തെരേസക്ക് പുറത്ത് പോകേണ്ടി വന്നു. അതിർത്തികൾ അടച്ച് താഴിടേണ്ടതാണെന്ന് നിരന്തരം പ്രചരിപ്പിച്ച് ജനങ്ങളുടെ വികാരത്തിന് തീ കൊളുത്തിയ തെരേസക്ക് അധികാരം കൈവന്നപ്പോൾ യാഥാർഥ്യം മനസ്സിലായി. എളുപ്പമല്ല കാര്യങ്ങൾ. ഇ യുവിൽ നിന്ന് വേർപെടുകയെന്നത് സങ്കീർണമായ പ്രക്രിയയാണ്. അടുത്ത ഒക്‌ടോബറിൽ പൂർത്തിയാകേണ്ട ബ്രക്‌സിറ്റിന്റെ വിശദാംശങ്ങൾ തയ്യാറാക്കുന്നിടത്ത് തേരേസക്ക് കാലിടറി. സമ്പൂർണ ബ്രക്‌സിറ്റിൽ (നോ ഡീൽ ബ്രക്സ്റ്റിൽ) നിന്ന് മൃദു ബ്രക്‌സിറ്റിലേക്ക് ഇറങ്ങി വരാൻ അവർ നിർബന്ധിതയായി. അതാകട്ടേ അവരുടെ പ്രഖ്യാപിത നയത്തിന് വിരുദ്ധമായിരുന്നു. തന്റെ പാർട്ടിയുടെ എം പിമാർ തന്നെ അവരെ കൈയൊഴിഞ്ഞു. പ്രതിപക്ഷ നിര ശക്തമായി. തെരേസക്ക് പടിയിറങ്ങുകയല്ലാതെ വഴിയില്ലെന്ന് വന്നു.
പിന്നെ പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താനുള്ള ഉൾപ്പാർട്ടി മത്സരം തുടങ്ങി. ജെറമി ഹണ്ട് ആയിരുന്നു ബോറിസിന്റെ മുഖ്യ എതിരാളി. ലേബർ പാർട്ടിയിൽ നിന്ന് ലണ്ടൻ മേയർ സ്ഥാനം പിടിച്ചെടുത്തതിന്റെ വീര പരിവേഷം ബോറിസ് ജോൺസന് മേൽക്കൈ നേടിക്കൊടുത്തു. അദ്ദേഹത്തിന്റെ തീവ്രനിലപാടുകൾക്കും നല്ല സ്വീകാര്യത ലഭിച്ചു. മേയർ സ്ഥാനത്ത് ഇരുന്നു കൊണ്ടാണ് ബ്രക്‌സിറ്റാനായി അദ്ദേഹം ഘോര ഘോരം വാദിച്ചത്. ബ്രിട്ടന്റെ എല്ലാ പ്രശ്‌നങ്ങൾക്കും കാരണം യൂറോപ്യൻ യൂനിയനിലെ അംഗത്വമാണെന്നും നഷ്ടമല്ലാതെ ലാഭം ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വീറോടെ വാദിച്ചു. മുൻ പത്രപ്രവർത്തകനായ ബോറിസ് കുറച്ച് കാലം ഇ യു തലസ്ഥാനമായ ബ്രസൽസിൽ ജോലി ചെയ്തിരുന്നു. അന്നാണ് അദ്ദേഹത്തിൽ ഇ യു വിരോധം കുടിയിരുന്നത്. ബ്രക്‌സിറ്റ് ഹിതപരിശോധനയുടെ ഘട്ടത്തിൽ താൻ ഉണ്ടാക്കിയ വൈകാരികതക്ക് തീ പകരേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ, പ്രധാനമന്ത്രിപദം കൈപ്പിടിയിലൊതുക്കാൻ.

അതുകൊണ്ട് ബോറിസിന്റെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി ബ്രക്‌സിറ്റ് തന്നെയാണ്. ഗാലറിയിലിരുന്ന് കളി പറയുന്നതുപോലെയല്ലല്ലോ മൈതാനത്തിറങ്ങി കളിക്കുന്നത്. ബോറിസിന്റെ കാലിലാണ് ഇപ്പോൾ ബ്രക്‌സിറ്റ് പന്ത്. ഏത് തരം ബ്രക്‌സിറ്റ് വേണമെന്ന് തീരുമാനിക്കാനും കരാറുണ്ടാക്കാനുമുള്ള അവസാന തീയതി ഒക്ടോബർ 31 ആണ്. പുതിയ കരാർ തയ്യാറാക്കാനും അതിനു പാർലിമെന്റിന്റെ അംഗീകാരം നേടിയെടുക്കാനും ബോറിസ് ജോൺസന്റെ മുന്നിലുള്ളത് മൂന്ന് മാസവും ഏതാനും ദിവസങ്ങളും മാത്രം. അതിനകം കരാർ ഉണ്ടായില്ലെങ്കിൽ കരാർ ഇല്ലാതെതന്നെ ബ്രിട്ടൻ യൂറോപ്യൻ യൂനിയൻ വിട്ടുപോകേണ്ടി വരും. അത് സമ്പൂർണമായ ബന്ധ വിച്ഛേദനമായിരിക്കും. ഒരു പരുക്കുമേൽക്കില്ലെന്ന് ബോറിസ് അവകാശപ്പെടുന്നുണ്ടെങ്കിലും ആത്യന്തികമായി സാമ്പത്തികാഘാതം ഗുരുതരമായിരിക്കും.

വൈകാരികതയുടെ പുറത്ത് ബോറിസിനെ പിന്തുണച്ചവർ പോലും എതിരാകും. അങ്ങനെയൊരു സാധ്യത മറികടക്കാൻ അദ്ദേഹത്തിന് സാധിക്കുമോയെന്നതാണ് ചോദ്യം.
സങ്കീർണമായ വിഷയമാണ് ബ്രക്‌സിറ്റ്. ബോറിസിന്റെ വരവോടെ അത് കൂടുതൽ ദുഷ്‌കരമായി. യൂറോപ്യൻ യൂനിയനിൽ നിന്നുള്ള വേർപിരിയൽ മൂന്ന് നിലയിലാകാം. ഒന്ന് സമ്പൂർണ ബ്രക്‌സിറ്റ്. എല്ലാ ബന്ധവും വിച്ഛേദിക്കപ്പെടും. ഇ യു കസ്റ്റംസ് യൂനിയനിൽ നിന്നും ഏകീകൃത വിപണിയിൽ നിന്നും പൊതു നീതിന്യായ കോടതിയിൽ നിന്നും പുറത്ത് കടക്കും. വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് ബ്രിട്ടനിലേക്കും തിരിച്ചുമുള്ള മനുഷ്യരുടെ സ്വതന്ത്ര സഞ്ചാരം നിലക്കും. ഇ യുവിന്റെ ഭാഗമായിരുന്നപ്പോഴുള്ള എല്ലാ അന്താരാഷ്ട്ര കരാറുകളും അവസാനിക്കും. ബ്രിട്ടനിൽ ഇന്ന് പ്രവർത്തിക്കുന്ന മുഴുവൻ കമ്പനികളും പുതുതായി കരാർ വെക്കേണ്ടി വരും. ഇത്ര കടുപ്പമുള്ള ബ്രക്‌സിറ്റ് വേണ്ടെന്നായിരുന്നു തെരേസ സർക്കാറിന്റെ തീരുമാനം. പക്ഷേ ബോറിസിന് ഈ പരിഹാരം എടുക്കാനാകില്ല. തെരേസ പ്ലാനിനെ രൂക്ഷമായി കടന്നാക്രമിച്ചാണല്ലോ അദ്ദേഹം കസേരയിലെത്തിയത്.
സമ്പൂർണ വേർപിരിയൽ പ്രതിസന്ധികളുടെ പണ്ടോര പെട്ടി തുറക്കുകയാകും ചെയ്യുക. വടക്കൻ അയർലാൻഡിലാകും അത് ഏറ്റവും ദൃശ്യമാകുക. ഈ ഭൂവിഭാഗം ഇപ്പോൾ ഗ്രേറ്റ് ബ്രിട്ടന്റെ ഭാഗമാണ്. പക്ഷേ, അവർക്ക് അയർലാൻഡുമായാണ് ഏറെ ബന്ധം. 1998ലെ ഗുഡ് ഫ്രൈഡേ കരാർ പ്രകാരം അയർലാൻഡ് അതിർത്തി തുറന്നതോടെയാണ് വ. അയർലാൻഡിലെ വിഘടനവാദ പ്രവണതകൾക്ക് ശമനമായത്. ഇ യുവിൽ നിന്ന് ബ്രിട്ടൻ വേർപെടുന്നതോടെ ഈ അതിർത്തി അടയ്ക്കപ്പെടും. അതോടെ വ. അയർലാൻഡിൽ പ്രശ്‌നങ്ങൾ തലപൊക്കുകയും ചെയ്യും. കടുത്ത ബ്രക്‌സിറ്റിലേക്ക് പോകേണ്ടെന്ന് തീരുമാനിക്കാൻ തെരേസയെ പ്രേരിപ്പിച്ചിരുന്നത് ഇത്തരം നിരവധി പ്രശ്‌നങ്ങളായിരുന്നു. അതുകൊണ്ട് അവർ മൃദു ബ്രക്‌സിറ്റ് എടുത്തു. വേർപിരിയുന്നു. എന്നാൽ കസ്റ്റംസ് യൂനിയനിൽ നിന്ന് പിൻവാങ്ങില്ല. ഏകീകൃത വിപണിയിലും തുടരും.

സാങ്കേതികമായി പിരിയുന്നുവെന്നേ ഉള്ളൂ. ബന്ധവും അതുമായി ബന്ധപ്പെട്ട ബാധ്യതകളും തുടരും. ഒരിക്കലും അവസാനിക്കാത്ത, വ്യക്തത വരാത്ത ചർച്ചകൾ തുടർന്നു കൊണ്ടുപോകുകയെന്നതാണ് മൂന്നാമത്തെ സാധ്യത. ഇത് ഇ യുവിനും ബ്രിട്ടനും ഒരു പോലെ വിനാശകരമാണ്.
മൃദു ബ്രക്‌സിറ്റു കൊണ്ട് എന്ത് ഗുണമെന്ന് ചോദിച്ചയാളാണ് പുതിയ പ്രധാനമന്ത്രി. ഇ യുവിന് കീഴടങ്ങലാണ് തെരേസ പ്ലാനെന്ന് അദ്ദേഹം ആക്ഷേപിച്ചിരുന്നു. ടോറികളിൽ നല്ലൊരു ശതമാനം ഇതേ ചിന്താഗതിക്കാരാണ്. അവരുടെ ചോദ്യമിതാണ്. സ്വതന്ത്ര രാഷ്ട്രമായി നിന്ന് സ്വന്തം അതിജീവന മാർഗം കണ്ടെത്താനാണല്ലോ ഹിതപരിശോധനയിൽ ജനം യെസ് പറഞ്ഞത്. പിന്നെയിപ്പോൾ എന്തിനാണ് ഒരു മധ്യമ മാർഗം?

അതുകൊണ്ട് കടുത്ത തീരുമാനങ്ങളിലേക്ക് ബോറിസിന് പോകേണ്ടി വരും. ഇ യുവിൽ പ്രവേശിച്ച് ജീവിതം കരുപ്പിടിപ്പിക്കാനാഗ്രഹിക്കുന്ന കുടിയേറ്റക്കാരെ മാത്രമല്ല, ഇ യു രാജ്യങ്ങളിൽ സഞ്ചരിച്ച് തൊഴിൽ സാധ്യത തേടാൻ കാത്തിരിക്കുന്ന ബ്രിട്ടീഷ് യുവാക്കളെയും ഈ കരാർരഹിത വേർപിരിയൽ വലയ്ക്കും. ഇന്ന് ബ്രിട്ടനിൽ പ്രവർത്തിക്കുന്ന എല്ലാ കമ്പനികളും മറ്റ് ഇ യു രാജ്യങ്ങളുമായി കരാർ വെക്കേണ്ടി വരും. പല വിദേശ കമ്പനികളും രാജ്യം വിടും. വലിയ സാമ്പത്തിക പ്രതിസന്ധിയാകും ഇതുണ്ടാക്കുക.
ഒരു ഇടവേളക്ക് ശേഷം ബ്രിട്ടൻ അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ സജീവമാകും. ഇറാനിൽ ഇപ്പോൾ തന്നെ ലാൻഡ് ചെയ്തിരിക്കുന്നു. ഇറാന്റെ കപ്പൽ പിടിച്ചുവെച്ച് ബ്രിട്ടനും അതേ നാണയത്തിൽ തിരിച്ചടിച്ച് ഇറാനും കൊമ്പു കോർത്ത് നിൽക്കുകയാണ്. ബോറിസ് ജോൺസനെ പോലെ ഒരാൾ പ്രധാനമന്ത്രിയായി വരുമ്പോൾ ട്രംപിന്റെ എല്ലാ എടുത്തു ചാട്ടങ്ങൾക്കും കൂടെയുണ്ടാകും. ടോണി ബ്ലെയറിന്റെ കാലത്തേക്കാകും ബ്രിട്ടൻ തിരിച്ചു പോകുക.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest