Connect with us

Kerala

'ബി ജെ പിയുടെ വൃത്തികെട്ട രാഷ്ട്രീയം കേരളത്തില്‍ ചെലവാകില്ല', അടൂരിന് പിന്തുണയുമായി മുഖ്യമന്ത്രിയുടെ സന്ദര്‍ശനം

Published

|

Last Updated

പത്തനംതിട്ട: ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചത്തിന്റെ പേരില്‍ ബി ജെ പിയുടെ ഭീഷണി നേരിട്ട സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ മുഖ്യമന്ത്രി പിണറായി വിജയന്‍ വീട്ടിലെത്തി നേരില്‍ കണ്ടു. അടൂരിനെതിരെ വൃത്തിക്കെട്ട രീതിയില്‍ അധിക്ഷേപങ്ങള്‍ നടത്തുകയും അതിനെ അനുകൂലിച്ച് ബി ജെ പിയുടെ പ്രധാന നേതൃ നിരയിലുള്ളവര്‍ തന്നെ രംഗത്ത് വന്ന് നടത്തുന്ന ഇത്തരം പ്രവര്‍ത്തികള്‍ രാജ്യത്തിന്റെ പലഭാഗങ്ങളിലും നടക്കുന്ന കാര്യമാണെന്നും അത് കേരളത്തില്‍ ചെലവാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ധീരമായ നിലപാടാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഈ പ്രശ്‌നം വന്നപ്പോള്‍ തന്നെ കേരളം ഒറ്റക്കെട്ടായി അടൂരിന് പിന്നില്‍ അണിനിരന്നതാണ് നാം കണ്ടതാണെന്നും അതുമാത്രമാണ് ഇത്തരം ഛിദ്രശക്തികളോട് ചൂണ്ടിക്കാണിക്കനുള്ളൂ എന്നും മുഖ്യമന്ത്രി സന്ദര്‍ശന ശേഷം പറഞ്ഞു. കേരളത്തിന്റെ തനത് സംസ്‌കാരം ശരിയായ നിലയില്‍ നിലനിര്‍ത്തി പോകാനുള്ള ജാഗ്രത മത നിരപേക്ഷ ശക്തികള്‍ ഇവിടെ തുടര്‍ന്നും പാലിക്കുക തന്നെ ചെയ്യുമെന്നും  ഛിദ്രശക്തികളുടെ യാതൊരു ശ്രമങ്ങളും കേരളത്തില്‍ വിലപ്പോവില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. അടൂരിന് കേരളത്തിന്റെ സര്‍വ പിന്തുണയും ഉണ്ടായിട്ടുണ്ടെന്നും അതൊന്നു കൂടി അറിയിക്കാനാണ് സന്ദര്‍ശനമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

“ജയ് ശ്രീറാം” വിളി സഹിക്കാനാവുന്നില്ലെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പേര് മാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോകുന്നതാണ് നല്ലതെന്ന ബി ജെ പി വക്താവ് ബി ഗോപാലകൃഷ്ണന്റെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന് വന്നിരുന്നു. ആള്‍കൂട്ട ആക്രമണങ്ങള്‍ക്കെതിരെ അടൂര്‍ ബാലകൃഷ്ണനടക്കം നാല്‍പതിലധികം പേര്‍ ചേര്‍ന്ന് പ്രധാനമന്ത്രിക്ക് കത്തയച്ചതിനെതുടര്‍ന്നായിരുന്നു ബി ജെ പിയുടെ ഭീഷണി.