Connect with us

Articles

അറ്റുപോകുമോ പ്രതിപക്ഷവംശം?

Published

|

Last Updated

പലതരം പേരുകളില്‍ അറിയപ്പെടുന്ന സംഘടനകള്‍ ഒക്കെയും ചേര്‍ന്നലിഞ്ഞ ഒരു വിശാല കൂട്ടുമുന്നണിയാണ് ഫാസിസം. ഇതിലെ വ്യത്യസ്ത സംഘടനകളെല്ലാം വിവിധ ദൗത്യങ്ങള്‍ ഏല്‍പ്പിക്കപ്പെട്ടവരാണ്.

ആദിവാസികള്‍ക്കിടയിലും ദളിതുകള്‍ക്കിടയിലുമുണ്ട് അവര്‍. സ്ത്രീകള്‍ക്കിടയിലുണ്ട്. ഇന്ത്യക്ക് പുറത്തും ആഴത്തില്‍ നിഗൂഢമായി പ്രവര്‍ത്തിക്കുന്ന സംഘടനകളുമുണ്ട്. വിവിധ തരം അഭിമുഖീകരണത്തിനും അഭിനയത്തിനും വേണ്ടി സുസജ്ജമാക്കി ഒരുക്കി നിര്‍ത്തിയ ചില രൂപങ്ങള്‍ മാത്രമാണ് നാം പുറത്ത് കാണുന്നത്. വ്യത്യസ്ത സമൂഹങ്ങള്‍ക്കിടയിലും മത വിഭാഗങ്ങള്‍ക്കിടയിലും വിടവുകള്‍ എപ്പോഴും നിലനില്‍ക്കാറുണ്ട്. ഒരു മതം മറ്റൊരു മതത്തെ കുറിച്ചും ഒരു ജാതി മറ്റൊരു ജാതിയെ കുറിച്ചും ഒരു വംശം മറ്റൊരു വംശത്തെ കുറിച്ചും വിദ്വേഷങ്ങള്‍ വെച്ചു പുലര്‍ത്തുന്നുണ്ടെന്ന ചില മുന്‍ വിധികളെ ഫാസിസം എപ്പോഴും ദുരുപയോഗം ചെയ്യുന്നു.

സമൂഹത്തിന്റെ വിവിധ തുറകളില്‍ ആഴത്തില്‍ വേരോടിയ ഈ ഫാസിസത്തിനെതിരെ ഒരു ഇലയനക്കം രൂപപ്പെടുമ്പോഴേക്കും പ്രത്യക്ഷവും പരോക്ഷവുമായ അതിന്റെ എല്ലാ ശാഖകളും സടകുടഞ്ഞെഴുന്നേല്‍ക്കുന്നു. വ്യത്യസ്ത സാഹചര്യങ്ങളില്‍ അതെല്ലാം കണ്‍മുമ്പില്‍ കണ്ടവരുമാണ് ഇന്ത്യക്കാര്‍. എന്നാല്‍ ഇന്ത്യയിലെ പ്രതിപക്ഷത്തിന് ഇപ്പോഴും ഇത് തിരിച്ചറിയാനോ പ്രതിരോധിക്കാനോ സാധിച്ചിട്ടില്ലെന്ന് വേണം കരുതാന്‍.

2014ല്‍ ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 69 ശതമാനം ജനങ്ങളും ഫാസിസത്തിനെതിരാണെന്നും 31 ശതമാനം വോട്ട് മാത്രമേ മോദിക്ക് ലഭിച്ചിട്ടുള്ളൂ എന്നും ആശ്വസിക്കുന്നത് ശരിയല്ല. 69 ശതമാനം ജനങ്ങളും ഫാസിസത്തിനെതിരാണെന്ന് ഇത് വരേക്കും തെളിയിക്കപ്പെട്ടിട്ടില്ല എന്നത് കൊണ്ട് പ്രത്യേകിച്ചും. രാജ്യത്തിന്റെ ഉന്നതമായ സഹിഷ്ണുതാ മനോഭാവത്തെ തകര്‍ത്തും അടുപ്പങ്ങള്‍ ഒക്കെയും വന്‍ അകലങ്ങളാക്കി മാറ്റിയുമാണ് വീണ്ടും വന്‍ ഭൂരിപക്ഷത്തോടെ ഫാസിസ്റ്റ് ഭരണകൂടം അധികാരത്തിലെത്തിയിരിക്കുന്നത്.

സാഹചര്യങ്ങള്‍ ഇതായിരുന്നിട്ട് പോലും പ്രതിപക്ഷത്ത് ഇന്നും ഫാസിസത്തിനെതിരെ ഒരു ഐക്യനിര രൂപപ്പെടുത്താന്‍ കഴിഞ്ഞില്ല. മാത്രമല്ല, പരാജയം പലരെയും തകര്‍ത്തു കളയുകയും ചെയ്തിരിക്കുന്നു. പല പാര്‍ട്ടികളും നാഥനില്ലാത്ത അവസ്ഥയിലെത്തിയിരിക്കുന്നു. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചതിന്റെ ആഘാതത്തില്‍ നിന്ന് ആ പാര്‍ട്ടി ഇപ്പോഴും മോചിതമായിട്ടില്ല. തിരഞ്ഞെടുപ്പ് പരാജയം ഏറ്റെടുത്ത് പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവെച്ചാല്‍ ഫാസിസത്തിനെതിരെ പ്രതിപക്ഷ നിരയില്‍ ഐക്യമുണ്ടാകുമോ? വിജയിച്ചു വരുന്ന ഘട്ടത്തില്‍ മാത്രമാണ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് ഇരിക്കേണ്ടതെന്ന തെറ്റായ ബോധം ഇപ്പോള്‍ ചില പാര്‍ട്ടികളെ ചൂഴ്ന്നുപിടിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഫാസിസം അതിന്റെ സര്‍വ അടവുകളും പുറത്തെടുത്തു കൊണ്ടിരിക്കുന്ന ഈ പ്രത്യേക സാഹചര്യത്തില്‍.

ഭരണമില്ലാത്തപ്പോഴും ഫാസിസം അതിന്റെ പ്രവര്‍ത്തനം ശക്തമായി തുടരുമെന്ന് നമുക്കറിയാം. ഫാസിസ്റ്റുകള്‍ പ്രതിപക്ഷത്തായിരിക്കുമ്പോഴും അവരുടെ നേതൃത്വത്തില്‍ ഒരു അദൃശ്യ ഭരണം ഇന്ത്യയില്‍ എന്നും പ്രവര്‍ത്തിച്ചു വന്നിട്ടുണ്ട്. സായുധ സേനയിലും മാധ്യമങ്ങളിലും ജുഡീഷ്യറിയിലും മറ്റു ഉന്നത തലങ്ങളിലുമെല്ലാം ഈ അദൃശ്യ ഭരണം കാണാം. ഭരണമില്ലാത്തപ്പോഴും ചടുലമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുകയെന്നതാണ് ആവശ്യം. ഇന്ത്യയിലെ പ്രതിപക്ഷത്തിന് ഇതില്‍ ചില പാഠങ്ങളുണ്ട്.

1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെടുമ്പോള്‍ നരസിംഹ റാവുവിന്റെ നേതൃത്വത്തില്‍ ശക്തമായ ഒരു കോണ്‍ഗ്രസ് മന്ത്രിസഭയായിരുന്നു ഇന്ത്യ ഭരിച്ചിരുന്നത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്നതും വന്‍ തോതില്‍ ആയുധ ശേഖരമുള്ളതും ഇന്ത്യന്‍ സേനയിലും പഞ്ചാബിലെ പൗരന്‍മാര്‍ക്കിടയിലും വലിയ സ്വാധീനവുമൊക്കെയുള്ള സിഖ് ഭീകരവാദത്തെ ചുരുങ്ങിയ കാലങ്ങള്‍ കൊണ്ട് അടിച്ചമര്‍ത്താന്‍ ആ സര്‍ക്കാറിന് അന്നു കഴിഞ്ഞിരുന്നു. അങ്ങനെയാകുമ്പോള്‍ തന്നെ, ബാബരി മസ്ജിദ് തകര്‍ക്കുന്നത് മുന്‍കൂട്ടി പ്രഖ്യാപനം നടത്തിയാണ്. അന്ന് ബാബരി തകര്‍ക്കപ്പെടുന്നത് റാവുവിന് തടയാന്‍ എന്തുകൊണ്ട് കഴിഞ്ഞില്ല? ഫാസിസത്തിന്റെ സ്വാധീനവും അതിന്റെ അദൃശ്യ കരങ്ങളും അത്രക്ക് ശക്തമായിരുന്നു. അന്നും അതിന് മുമ്പും ശേഷവും ഫാസിസത്തോട് കോണ്‍ഗ്രസ് പുലര്‍ത്തിയ മൃദുഹിന്ദുത്വ സമീപനം ഫാസിസത്തിന് വളരാനും ഉഗ്രരൂപം പുറത്തെടുക്കാനും സഹായമാകുകയും ചെയ്തു. ജനാധിപത്യത്തിന്റെ പരാജയത്തിനും ഫാസിസത്തിന്റെ കടന്നുകയറ്റത്തിനും പ്രത്യക്ഷ തുടക്കമിടുന്നത് ഈ സംഭവത്തിലൂടെയാണ്. രാജ്യത്തെ മതേതര- ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ഇതൊന്നും പ്രതിരോധിക്കാന്‍ സാധിച്ചതുമില്ല. അന്നും ഈ പ്രതിപക്ഷ അനൈക്യം വലിയ വിലങ്ങു തടിയായി മുന്നിലുണ്ടായിരുന്നു.

ഫാസിസം ഇപ്പോള്‍

ഫാസിസം അതിന്റെ സംഹാര നൃത്തമാടുകയാണ് ഇപ്പോള്‍. കത്‌വയിലെ പിഞ്ചുമോള്‍ ആസിഫയെ കാമഭ്രാന്തന്‍മാര്‍ മൃഗീയമായി വകവരുത്തിയ സാഹചര്യവും അതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളും രാജ്യം മറന്നിട്ടില്ല.
ജി എസ് ടിയും നോട്ടു നിരോധനവും രാജ്യത്തെയും പൗരന്മാരെയും പിന്നോട്ടടിപ്പിച്ചു. അസാമിലും ബംഗാളിലും മറ്റ് സംസ്ഥാനങ്ങളിലും വ്യാജ പൗരത്വ പ്രശ്നം ഉയര്‍ത്തിക്കാട്ടി ഒരു വിഭാഗത്തിനെതിരെ കടുത്ത അനീതി മാത്രം പ്രവര്‍ത്തിച്ചു. ആള്‍ക്കൂട്ട കൊലപാതകങ്ങളും ഗോരക്ഷാ കൊലകളും നിത്യ സംഭവമായി. സംഘ്പരിവാര്‍ സംഘടനകളുടെ പ്രമുഖര്‍ തന്നെ ഒന്നാം പ്രതികളായ കേസുകള്‍ തള്ളപ്പെട്ടു. കൊടും ക്രിമിനലുകളെ പാര്‍ലിമെന്റിലേക്ക് തിരഞ്ഞെടുക്കാന്‍ പാകത്തില്‍ ഒരു ജനവിഭാഗത്തെ ഫാസിസം തന്ത്രപൂര്‍വം വളര്‍ത്തിയെടുത്തു.

ഇതൊക്കെയും വസ്തുതകളാണ്. മതനിരപേക്ഷ നിലപാടുള്ളവരെ അസ്വസ്ഥപ്പെടുത്തുന്നതും ഭീതിപ്പെടുത്തുന്നതുമാണ്. ഈ പ്രതിസന്ധി ഘട്ടത്തില്‍ പോലും രാജ്യത്തെ മതേതര ജനാധിപത്യ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ഐക്യനിര കെട്ടിപ്പടുക്കാനോ ഫാസിസത്തിനെതിരെ യോജിച്ച പോരാട്ടത്തിന് തുടക്കമിടാനോ കഴിയുന്നില്ല. രാഷ്ട്രം പ്രത്യേകമായൊരു മതത്തിന് മാത്രം അവകാശപ്പെട്ടതാണെന്ന് പരോക്ഷമായി ഫാസിസം വിളിച്ചു പറയുമ്പോഴും പ്രതിപക്ഷത്തുള്ളവരെല്ലാം മൗനമാചരിക്കുന്നു. ഈ മൗനത്തിന്റെ മറവില്‍ തന്നെയാണ് ഫാസിസം തടിച്ചു കൊഴുത്ത് വളര്‍ന്ന് കൊണ്ടിരിക്കുന്നത്. രാജ്യത്ത് അരങ്ങേറുന്ന ചെറിയ അനിഷ്ട സംഭവങ്ങളിലേക്കു പോലും കണ്ണ് തുറന്ന് പിടിച്ച് പ്രതികരിക്കുന്ന ഒരു ജനത രൂപപ്പെട്ടു വരിക എന്നതാണ് ഫാസിസത്തെ പരാജയപ്പെടുത്താനുള്ള ഏറ്റവും വലിയ വഴി.

തിരഞ്ഞെടുപ്പിലെ വിജയത്തിന്റെയും പരാജയത്തിന്റെയും അടിസ്ഥാനത്തിലല്ല ഫാസിസത്തിനെതിരെയുള്ള കൂട്ടായ്മ രൂപപ്പെടുത്തേണ്ടത്. ആരോഗ്യകരമായ ഒരു ജനാധിപത്യ ജീവിതം രാജ്യത്ത് നിലനില്‍ക്കണമെന്നതാണ് ആവശ്യം. ഭിന്നാഭിപ്രായങ്ങള്‍ വെച്ചു പുലര്‍ത്തുന്നവരെയെല്ലാം ചേര്‍ത്തുപിടിച്ച്, അവരെ ബോധ്യപ്പെടുത്തി ഫാസിസത്തിനെതിരെ മുന്നേറുകയാണ് ആവശ്യം. അങ്ങനെ മൊത്തം മനുഷ്യരെയും ഒരു ഫാസിസ്റ്റ് വിരുദ്ധ കാഴ്ചപ്പാടിലേക്ക് കണ്ണി ചേര്‍ക്കാന്‍ കഴിയുക എന്ന ഏറ്റവും വലിയ മുന്നേറ്റം സാധ്യമാകണം. അതിന് മുന്നില്‍ നില്‍ക്കേണ്ടവരാണ് പ്രതിപക്ഷത്തെ മുഴുവന്‍ പാര്‍ട്ടികളും. ഫാസിസത്തിന്റെ വളര്‍ച്ചയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വംശനാശം സംഭവിക്കരുതെന്ന് ചുരുക്കം. ഫാസിസത്തിനെതിരെ മൗനം പാലിച്ചും സങ്കുചിതമായ പ്രതിരോധങ്ങള്‍ തീര്‍ത്തുമാണ് ഒരു ജനത മുന്നോട്ട് പോകുന്നതെങ്കില്‍ അവരുടെ രാജ്യം ഫാസിസത്തിന്റെ കീടങ്ങള്‍ പെറ്റുപെരുകുന്ന അഴുക്ക് ചാലുകളായി മാറുന്നത് കാണാന്‍ അധിക നാളുകള്‍ കാത്തിരിക്കേണ്ടി വരില്ല.

Latest