Kerala
ഗോപാലകൃഷ്ണന്റെ വിവരക്കേടിന് മറുപടിയില്ല; ശ്രീരാമനെ ചില വഷളന്‍മാര്‍ അപമാനിക്കുന്നു: അടൂര്‍ ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: തന്റെ വീടിന് മുമ്പില്‍ വന്ന് ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കുമെന്ന ബി ജെ പി നേതാവ് ബിഗോപാലകൃഷ്ണന്റെ ഭീഷണിക്ക് ശക്തമായ പ്രതികരണവുമായി സിനിമാ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. വിവരക്കേടാണ് ഗോപാലകൃഷ്ണന്‍ പറഞ്ഞത്. ഇത്തരം വിവരക്കേടിന് താന്‍ എന്ത് മറുപടിയാണ് നല്‍കേണ്ടത്. ചന്ദ്രനിലേക്ക് ടിക്കറ്റ് എടുത്ത് തന്നാല്‍ പോകാം.
വീടിന് മുമ്പില്‍ വന്ന് അവര്‍ മുദ്രാവാക്യം വിളിക്കട്ടെ. അവര്‍ക്കൊപ്പം താനും കൂടാം. എന്നാല്‍ ജയ് ശ്രീറാം വിളി കൊലവിളിയായി മാറരുതെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ശ്രീരാമനെ ഈ വഷളന്‍മാര്‍ അപമാനിക്കുകയാണ്. മാതൃകാപുരുഷനായാണ് ശ്രീരാമനെ എല്ലാവരും കാണുന്നത്. അതില്‍ ശക്തമായ പ്രതിഷേധമുണ്ട്. ശ്രീരാമന്റെ പേര് ഇത്തരത്തില്‍ ദുരുപയോഗപ്പെടുത്തരുത് എന്നാണ് പ്രധാനമന്ത്രിയ്ക്ക് അയച്ച കത്തില്‍ പറഞ്ഞത്.
ബി ജെ പിക്കാരുടെ സ്വന്തമല്ല ശ്രീരാമന്‍. എല്ലാജനങ്ങളും ബഹുമാനിക്കുന്ന ആരാധ്യപുരുഷനാണ് അദ്ദേഹം. ദൈവമായി സ്വീകരിക്കാന്‍ വയ്യെങ്കില്‍ അങ്ങനെ കണ്ടാല്‍ മതി. അത്യന്തം നീതിമാനും യോഗ്യനുമായുള്ള ഭരണാധികാരിയായിരുന്നു ശ്രീരാമനെന്നും അടൂര്‍ പറഞ്ഞു.
അടൂര്‍ ഗോപാലകൃഷ്ണന്റെ വീടിനു മുന്നിലും ജയ് ശ്രീറാം വിളിക്കുമെന്നും ജയ് ശ്രീറാം വിളിക്കുന്നത് കേള്‍ക്കേണ്ടെങ്കില്‍ അടൂരിന് ചന്ദ്രനിലേക്ക് പോകാമെന്നുമായിരുന്നു ഗോപാലകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.