എന്‍ സി പിയുടെ മുംബൈ അധ്യക്ഷന്‍ സച്ചിന്‍ ആഹിര്‍ ശിവസേനയില്‍

Posted on: July 25, 2019 2:25 pm | Last updated: July 25, 2019 at 8:14 pm

മുംബൈ: മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, എന്‍ സി പിക്ക് കനത്ത തിരിച്ചടി നല്‍കി പാര്‍ട്ടിയുടെ മുംബൈ അധ്യക്ഷന്‍ സച്ചിന്‍ ആഹിര്‍ ശിവസേനയില്‍ ചേര്‍ന്നു. ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ, യുവസേനാ നേതാവ് ആദിത്യ താക്കറെ എന്നിവരുടെ സാന്നിധ്യത്തില്‍ മതോശ്രീയിലെ ഇവരുടെ വസതിയില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം ശിവസേനാ അംഗത്വം സ്വീകരിച്ചു. ആദിത്യ താക്കറെയാണ് ആഹിറിനെ ശിവസേനയിലേക്ക് കൊണ്ടുവരുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് കരുതുന്നത്.

വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നതിനാണ് ശിവസേനയില്‍ ചേര്‍ന്നതെന്ന് ആഹിര്‍ പറഞ്ഞു. വികസനത്തിനു വേണ്ടി യുവ നേതൃത്വത്തിനൊപ്പം ചേരാന്‍ താന്‍ ആഗ്രഹിക്കുന്നു. മറ്റു പാര്‍ട്ടികളിലെ നേതാക്കളെ ഉള്‍പ്പെടുത്തുന്നതിലൂടെ ശിവസേനയുടെ ശക്തി വര്‍ധിക്കുകയാണെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.