Connect with us

International

ഹ്രസ്വ ദൂര മിസൈലുകള്‍ പരീക്ഷിച്ച് ഉത്തര കൊറിയ; ആണവ നിര്‍വ്യാപന ചര്‍ച്ചകള്‍ക്ക് തിരിച്ചടിയായേക്കും

Published

|

Last Updated

സോള്‍: ഉത്തര കൊറിയ രണ്ട് ഹ്രസ്വ ദൂര മിസൈലുകള്‍ കടലില്‍ പരീക്ഷിച്ചു. യു എസുമായുള്ള ആണവായുധ നിര്‍വ്യാപന ചര്‍ച്ചകള്‍ പുനരാരംഭിക്കാനിരിക്കെയാണ് മിസൈല്‍ പരീക്ഷണം. സംയുക്ത സൈനികാഭ്യാസത്തിന് യു എസും ദക്ഷിണ കൊറിയയും പദ്ധതിയിട്ടതാണ് ഉത്തര കൊറിയയെ പ്രകോപിപ്പിച്ചത്.

ആണവ നിര്‍വ്യാപനത്തിനുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ഉം തമ്മില്‍ കഴിഞ്ഞ മാസം നടന്ന കൂടിക്കാഴ്ചയില്‍ തീരുമാനിച്ചിരുന്നു. അതിനു ശേഷമുള്ള ഉത്തര കൊറിയയുടെ ആദ്യ മിസൈല്‍ പരീക്ഷണമാണിത്. ഇതോടെ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ വീണ്ടും സ്തംഭനാവസ്ഥയിലാകാന്‍ സാധ്യതയേറി.

ഉത്തര കൊറിയയുടെ കിഴക്കന്‍ തീരമായ വൊന്‍സാനില്‍ നിന്ന് ജപ്പാന്‍ സമുദ്രത്തിലേക്കാണ് മിസൈല്‍ വിക്ഷേപിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഉത്തര കൊറിയന്‍ പ്രാദേശിക സമയം 5.34നും 5.57നും ഇടയിലായിരുന്നു വിക്ഷേപണം.