ദമ്പതികളെ ക്രൂരമായി മര്‍ദിച്ച സംഭവം; പ്രതി സജീവാനന്ദന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Posted on: July 24, 2019 1:45 pm | Last updated: July 24, 2019 at 7:15 pm

കല്‍പ്പറ്റ: വയനാട് അമ്പലവയലില്‍ നടുറോഡില്‍ ദമ്പതികളെ ക്രൂരമായി മര്‍ദ്ദിച്ച പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സജീവാനന്ദനായി പോലീസ് ഊര്‍ജിതമായ അന്വേഷണം നടത്തിവരവെ ഇയാള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. അഭിഭാഷകന്‍ മുഖേനയാണ് സജീവാനന്ദന്‍ കല്‍പറ്റ ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഇയാള്‍ ജില്ലവിട്ട് പോയിട്ടില്ലെന്നാണ് അമ്പലവയല്‍ പോലീസിന്റെ നിഗമനം. ഇയാളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ അടക്കം കഴിഞ്ഞ ദിവസം പോലീസ് തിരച്ചില്‍ നടത്തിയിരുന്നു.

ഞായറാഴ്ച്ച രാത്രി അമ്പലവയല്‍ ടൗണില്‍ വച്ചാണ് യുവതിയെയും യുവാവിനെയും സജീവാനന്ദന്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ മൂന്നാംദിവസമാണ് പോലീസ് കേസെടുത്തത്. മര്‍ദ്ദനമേറ്റ് അവശരായ ഇരുവരെയും നാട്ടുകാര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച് പരാതി കൊടുക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും ഇരുവരും തയ്യാറായില്ല. പരാതി ലഭിച്ചില്ലെന്ന കാരണം പറഞ്ഞ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ സജീവാനന്ദിനെ നടപടിയൊന്നുമെടുക്കാതെ പോലീസ് വിട്ടയക്കുകയായിരുന്നു.