ലസിത് മലിംഗ വിരമിക്കുന്നു; വിടവാങ്ങല്‍ മത്സരം 26ന് ബംഗ്ലാദേശിനെതിരെ

Posted on: July 23, 2019 5:57 pm | Last updated: July 23, 2019 at 9:30 pm

കൊളംബോ: ശ്രീലങ്കയുടെ ഫാസ്റ്റ് ബൗളര്‍ ലസിത് മലിംഗ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ജൂലൈ 26ന് കൊളംബോയില്‍ നടക്കുന്ന ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിന മത്സരത്തിനു ശേഷം വിടപറയാനാണ് 36കാരനായ മലിംഗയുടെ തീരുമാനം. മൂന്നു മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ടെസ്റ്റില്‍ നിന്ന് താരം നേരത്തെ വിരമിച്ചിരുന്നു.

ഇക്കഴിഞ്ഞ ലോകകപ്പില്‍ മികച്ച പ്രകടനമാണ് മലിംഗ കാഴ്ചവച്ചത്. ഏഴു മത്സരങ്ങളില്‍ നിന്നായി 13 വിക്കറ്റുകളാണ് അദ്ദേഹം സ്വന്തമാക്കിയത്. ദേശീയ ടീമിനു വേണ്ടി ആകെ 225 ഏകദിനങ്ങളില്‍ കളിച്ച മലിംഗ 335 വിക്കറ്റുകള്‍ നേടി. 73 ടി ട്വന്റിയില്‍ നിന്ന് 97ഉം 30 ടെസ്റ്റില്‍ നിന്നായി 101ഉം വിക്കറ്റുകള്‍ മലിംഗ പിഴുതിട്ടുണ്ട്.