ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാന മന്ത്രി

Posted on: July 23, 2019 5:22 pm | Last updated: July 23, 2019 at 9:30 pm

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാന മന്ത്രിയായി വലതുപക്ഷ നേതാവും മുന്‍ മേയറുമായ ബോറിസ് ജോണ്‍സണ്‍ തിരഞ്ഞെടുക്കപ്പെട്ടു. രാജിവച്ച മുന്‍ പ്രധാന മന്ത്രി തെരേസ മേയുടെ പിന്‍ഗാമിയായി അദ്ദേഹം ബുധനാഴ്ച സ്ഥാനമേല്‍ക്കും. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവായും ജോണ്‍സണ്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടിനെയാണ് ജോണ്‍സണ്‍ തോല്‍പ്പിച്ചത്. 45,497 വോട്ടുകള്‍ക്കാണ് ജോണ്‍സന്റെ വിജയം. ജോണ്‍സണ് 92,153 വോട്ടും ഹണ്ടിന് 46,656 വോട്ടും ലഭിച്ചു. 1,60,000 കണ്‍സര്‍വേറ്റീവ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു.

ബ്രെക്‌സിറ്റ് വിഷയത്തില്‍ പ്രതിസന്ധിയിലായി രാജിവച്ച തെരേസ മേയുടെ പിന്‍ഗാമിയായെത്തുന്ന ബോറിസ് ജോണ്‍സണ്‍ ബ്രെക്‌സിറ്റ് നടപ്പിലാക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. നേരിയ ഭൂരിപക്ഷമാണ് പാ ര്‍ലിമെന്റില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളത്. ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട ജോണ്‍സന്റെ നിലപാടുകളോട് പാര്‍ട്ടിയില്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കടുത്ത ബ്രെക്‌സിറ്റ് അനുകൂലികളെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുനസ്സംഘടിപ്പിക്കുമെന്നും കരാറോടെയോ അല്ലാതെയോ ഒക്ടോബര്‍ 31നു മുമ്പ് ബ്രെക്‌സിറ്റ് നടപ്പിലാക്കുമെന്നും ജോണ്‍സണ്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

അതിനിടെ, ബ്രക്‌സിറ്റ് വിരുദ്ധരായ വിദ്യാഭ്യാസ മന്ത്രി അന്നെ മില്‍ട്ടണ്‍, വിദേശകാര്യ സഹ മന്ത്രി അല്‍ ഡങ്കന്‍ എന്നിവര്‍ രാജിവച്ചു. ജോണ്‍സണ്‍ പ്രധാന മന്ത്രിയായി ചുമതലയേല്‍ക്കുന്നതിനു മുമ്പു തന്നെ രാജിവെക്കാന്‍ ധനമന്ത്രി ഫിലിപ്പ് ഹാമന്‍ഡും തയാറെടുക്കുന്നുണ്ട്. ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് സാംസ്‌കാരിക മന്ത്രി മാര്‍ഗോട്ട് ജയിംസ് നേരത്തെ രാജിവച്ചിരുന്നു.