Connect with us

Kerala

നിപ്പാ ബാധിതനായ വിദ്യാര്‍ഥി ആശുപത്രി വിട്ടു; എറണാകുളം ജില്ലയെ നിപ്പാ വിമുക്തമായി പ്രഖ്യാപിച്ചു

Published

|

Last Updated

കൊച്ചി: ഒറ്റക്കെട്ടായ പോരാട്ടത്തിലൂടെയാണ് നിപ്പായെ തുരത്താന്‍ കഴിഞ്ഞതെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ
നിപ്പാ ബാധിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ചികിത്സയിലായിരുന്ന യുവാവിനെ ഡിസ്ചാര്‍ജ് ചെയ്ത ശേഷം നടന്ന യാത്രയയപ്പു ചടങ്ങില്‍ എറണാകുളം ജില്ലയെ നിപ്പാ വിമുക്ത ജില്ലയായി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അവര്‍. മെയ് 30നാണ് 23കാരനായ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂണ്‍ നാലിന് നിപ്പാ ബാധിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

നിപ്പാ ആദ്യം വന്നപ്പോള്‍ തനിക്ക് ഭയാശങ്കകള്‍ ഉണ്ടായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ അത് പുറത്തുകാണിക്കാന്‍ തനിക്ക് സാധിക്കുമായിരുന്നില്ല. എല്ലാവരും ചേര്‍ന്ന് നടത്തിയ പോരാട്ടത്തിലൂടെ നിപ്പായെ അതിജീവിക്കാന്‍ നമുക്കു കഴിഞ്ഞു.
54 ദിവസത്തെ ചികിത്സക്കു ശേഷമാണ് കോളജ് വിദ്യാര്‍ഥിയായ അസുഖ ബാധിതന്‍ സുഖം പ്രാപിച്ച് ആശുപത്രി വിട്ടത്.

സര്‍ക്കാറും സ്വകാര്യ മേഖലകളും കൈകോര്‍ത്തു പിടിച്ചു നടത്തിയ പോരാട്ടത്തിന്റെ വിജയം കൂടിയാണിത്. ലോകത്തിന്റെ മുഴുവന്‍ പ്രശംസ നേടാന്‍ ഇതിലൂടെ സംസ്ഥാനത്തിന്റെ ആരോഗ്യ സംവിധാനത്തിന് സാധിച്ചു. നിപ്പാ പടരാതിരിക്കാന്‍ ആരോഗ്യ വിദഗ്ധരുടെയും ഡോക്ടര്‍മാരുടെയും സേവനം സ്വീകരിച്ചു. യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളും ഇടപെടലുകളുമാണ് നടത്തിയത്. നിപ്പാ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രി ഡോക്ടര്‍മാര്‍, ആരോഗ്യ വകുപ്പിലെ ജീവനക്കാര്‍, മുന്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല തുടങ്ങിയവരെയെല്ലാം മന്ത്രി അഭിനന്ദിച്ചു.

Latest