Connect with us

National

പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ നിതീഷ് കുമാറിന് പരവതാനി; രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം

Published

|

Last Updated

പാറ്റ്‌ന: ബീഹാറിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ കാലില്‍ ചളി പറ്റാതിരിക്കാന്‍ കാര്‍പ്പറ്റ് വിരിച്ചു കൊടുത്തത് വിവാദമാകുന്നു. ജൂലൈ 21ന് ദര്‍ ബംഗ ജില്ലയിലെ മിര്‍സാപൂര്‍ ഗ്രാമം സന്ദര്‍ശിച്ച മുഖ്യമന്ത്രിക്ക് പ്രാദേശിക ഭരണകൂടമാണ് പച്ച കാര്‍പ്പറ്റ് വിരിച്ചുകൊടുത്തത്. മുഖ്യമന്ത്രിക്ക് പോകാനുള്ളിടത്തെല്ലാം കാര്‍പ്പറ്റ് വിരിച്ചിരുന്നു.

നിതീഷ് കുമാറിന്റെ നടപടിയെ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചു. സംസ്ഥാനത്തെ ജനങ്ങള്‍ ദുരിതത്തില്‍ മുങ്ങിക്കിടക്കുമ്പോഴാണ് ഇങ്ങനെയൊരു സ്വീകരണം മുഖ്യമന്ത്രി ഏറ്റുവാങ്ങുന്നതെന്നും ഇത്തരം കാര്യങ്ങള്‍ ബിഹാറില്‍ മാത്രമെ സംഭവിക്കുകയുള്ളൂവെന്നും മുന്‍ മുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദള്‍ നേതാവുമായ റാബ്രി ദേവി പറഞ്ഞു. സര്‍ക്കാറിന്റെ ദുരിതാശ്വാസ-രക്ഷാ പ്രവര്‍ത്തന നടപടികള്‍ വെറും പ്രദര്‍ശനം മാത്രമാണെന്ന ആരോപണവുമായി സംസ്ഥാന കോണ്‍ഗ്രസ് നേതാവ് പ്രേംചന്ദ് മിശ്രയും രംഗത്തെത്തി.

ബിഹാറില്‍ പ്രളയവുമായി ബന്ധപ്പെട്ട് കടുത്ത ദുരിതങ്ങമാണ് ജനങ്ങള്‍ അനുഭവിക്കുന്നത്. പ്രളയ ബാധിത ജില്ലകളായ സിതാമര്‍ഹി, മധുഭാനി, അരാരിയ, ഷിയോഹര്‍, ദര്‍ഭംഗ, പുര്‍നിയ, കിഷന്‍ഗഞ്ച്, സുപോള്‍, കിഴക്കന്‍ ചമ്പാരന്‍, മുസഫര്‍പൂര്‍, സഹര്‍സ, കതിഹര്‍ എന്നിവിടങ്ങളിലെല്ലാം വെള്ളം വലിയ തോതില്‍ പൊങ്ങിയിട്ടുണ്ട്. പ്രളയത്തില്‍ സംസ്ഥാനത്ത് 104 പേര്‍ മരിക്കുകയും 76.85 ലക്ഷം പേര്‍ ദുരിതബാധിതരാവുകയും ചെയ്തിട്ടുണ്ട്.

Latest