Connect with us

Kerala

വി ടി ബല്‍റാമിനെതിരെ രൂക്ഷ പരിഹാസവുമായി ഷാഹിദ കമാല്‍

Published

|

Last Updated

തിരുവനന്തപുരം: തന്റെ അഭിപ്രായ പ്രകടനങ്ങളെ ന്യായീകരിക്കാന്‍ ഇ എം എസിന്റെയും എ കെ ജിയുടെയുമെല്ലാം പേര് ഉപയോഗിക്കുന്ന വി ടി ബല്‍റാം എം എല്‍ എക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഷാഹിദ കമാല്‍. ചില അല്‍പന്മാര്‍ അങ്ങനെയാണ്. സ്വന്തമായി അഡ്രസില്ലാത്തവര്‍ അഡ്രസുള്ളവരുടെ പേരുപയോഗിച്ച് ചീപ് പബ്ലിസിറ്റിക്ക് ശ്രമിക്കും. അത് അവരുടെ കുറ്റമല്ല. ചികിത്സയാണ് വേണ്ടത്- വനിതാകമ്മീഷന്‍ അംഗമായ ഷാഹിദ കമാല്‍ ഫേസ്ബുക്കില്‍ പറഞ്ഞു.

ആലത്തൂര്‍ എം പി രമ്യ ഹരിദാസിന് കാര്‍ വാങ്ങാനായി യൂത്ത് കോണ്‍ഗ്രസ് പിരിവ് നടത്തിയതിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ പിരിവിനെ ന്യായീകരിച്ച് ഇ എം എസ് മകള്‍ക്ക് സാരി നല്‍കാന്‍ വസ്ത്ര വ്യാപാരിയോട് കത്തെഴുതിയ കാര്യം ബല്‍റാം ഉന്നയിച്ചിരുന്നു. ബല്‍റാമിന്റെ ഈ പ്രതികരണമാണ് ഷാഹിദ കമാല്‍ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചിരിക്കുന്നത്. ഇ എം എസിന്റെ മകള്‍ രാധക്കൊപ്പം നില്‍ക്കുന്ന തന്റെ ഫോട്ടോ പോസ്റ്റ് ചെയ്താണ് ഷാഹിദ ബല്‍റാമിനെ വിമര്‍ശിച്ചത്.

ഷാഹിദയുടെ ഫേസ്ബുക്കിന്റെ പൂര്‍ണരൂപം

ഇത് സഖാവ് ഇ എം എസിന്റെ മകള്‍ ശീമതി. ഇ എം രാധ. എന്റെ അടുത്ത സുഹൃത്ത്, സഹപ്രവര്‍ത്തക.
ഇപ്പോള്‍ ഈ ഫോട്ടോ ഇവിടെ വേണമെന്ന് എനിക്ക് തോന്നി. പിതാവായ ഇ എം എസ് ഒന്നും കാണാന്‍ ഈ ലോകത്ത് ഇല്ലായെന്നറിഞ്ഞിട്ടും, പിതാവ് കാട്ടികൊടുത്ത വഴികളിലൂടെ ഇന്നും ലളിതവും സൗമ്യവുമായ ജീവിതം നയിക്കുന്ന വൃക്തിയാണ് ഞാനറിയുന്ന രാധേച്ചി.
മിക്കവാറും ഒരുമിച്ചാണ് ഞങ്ങള്‍ യാത്ര. യാത്രയിലെല്ലാം പിതാവിനെ കുറിച്ച് പറയാറുണ്ട്. പിതാവിന്റെ പേരോ പദവിയോ ഒരിക്കല്‍ പോലും ഉപയോഗിക്കാന്‍ പാടില്ലായെന്ന കര്‍ശന നിര്‍ദ്ദേശത്തില്‍ വളര്‍ത്തിയ അമ്മ. എന്താവശ്യവും അമ്മയോടാണ് പറഞ്ഞിരുന്നത്. അമ്മയാണ് ഞങ്ങളുടെ ആവശ്യങ്ങള്‍ നടത്തി തന്നിരുന്നത്.

മക്കളായ ഞങ്ങള്‍ക്ക് സാരി വാങ്ങാന്‍ കത്തെഴുതിയത് ഞങ്ങള്‍ അറിഞ്ഞിട്ടില്ല. ഞങ്ങളാരും സാരി വാങ്ങാന്‍ പോയിട്ടുമില്ല. എന്തേ ഷാഹീ ഈ കോണ്‍ഗ്രസ്സുകാര്‍ ഇങ്ങനെ? വില കുറഞ്ഞ പ്രശസ്തിക്കു വേണ്ടി തന്റെ പിതാവിനെ അനാവശ്യമായി വലിച്ചിഴക്കുന്നത് ഒരു മകള്‍ എന്ന നിലയില്‍ തന്നെ വല്ലാതെ വേദനിപ്പിക്കുന്നുവെന്ന് വളരെ വിഷമത്തോടെ ഇന്ന് അവര്‍ എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ അവരെ ആശ്വസിപ്പിച്ചു. രാധേച്ചി അതൊന്നും കാര്യമാക്കണ്ട. ചില അല്‍പന്‍മാര്‍ അങ്ങനയാണ്. സ്വന്തമായി അഡ്രസ്സില്ലാത്തവര്‍ അഡ്രസ്സുള്ളവരുടെ പേരുപയോഗിച്ച് ചീപ് പബ്ലിസിറ്റിക്ക് ശ്രമിക്കും. അത് അവരുടെ കുറ്റമല്ല. മതിയായ ചികിത്സ നല്‍കിയാല്‍ മതി.

---- facebook comment plugin here -----

Latest