അബുദാബി: അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ പൂര്‍ണ തോതിലുള്ള പ്രവര്‍ത്തനക്ഷമതാ പരിശോധന നടത്തി. മേഖലയിലെ ഏറ്റവും ആധുനിക സാങ്കേതിക സംവിധാനത്തോട് കൂടിയതാണ് മിഡ്ഫീല്‍ഡ് ടെര്‍മിനല്‍. 800 ഓളം സന്നദ്ധപ്രവര്‍ത്തകരും രണ്ട് ഇത്തിഹാദ് ജെറ്റുകളും പരിശോധനയുടെ ഭാഗമായി. യാത്രക്കാര്‍ക്കായി കെട്ടിടം എത്രത്തോളം തയ്യാറാണെന്ന് വിലയിരുത്തുന്നതിനാണ് പരിശോധന നടത്തിയത്.
7,42,000 ചതുരശ്ര മീറ്റര്‍ വിസ്താരമുള്ള മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ നിര്‍മാണം ഈ വര്‍ഷം അവസാനത്തോടെ യാത്രക്കാര്‍ക്കായി തുറന്ന് കൊടുക്കും. സാധാരണ യാത്രക്കാരെ പോലെ രാവിലെ ഒമ്പതിന് ടെര്‍മിനലില്‍ എത്തിയ സന്നദ്ധ പ്രവര്‍ത്തകര്‍ സുരക്ഷാ വാതിലിലൂടെ കടന്ന്, ബാഗേജ് പരിശോധിച്ച് വിമാനത്തില്‍ കയറി. എയര്‍ബസ് എ 330-200, എ 330-300 എന്നീ വിമാനങ്ങളാണ് സുരക്ഷ പരിശോധനക്കായി ഉപയോഗിച്ചത്. ലോഡിംഗ്, ഇന്ധനം നിറക്കല്‍, സുരക്ഷാ പരിശോധനകള്‍ എന്നിവ ഉള്‍പെടെ 80 മിനിറ്റ് ദൈര്‍ഘ്യമുള്ള സുരക്ഷ പരിശോധനയാണ് വിമാനത്തിലുണ്ടായത്. ഇമിഗ്രേഷന്‍ ഡെസ്‌കുകള്‍, സുരക്ഷ, ബാഗേജ് കൈകാര്യം ചെയ്യല്‍, കസ്റ്റംസ് എന്നിവയുടെ പ്രകടനവും വിലയിരുത്തി. പൂര്‍ണതോതിലുള്ള സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കിയെങ്കിലും മിഡ്ഫീല്‍ഡ് ടെര്‍മിനലിന്റെ ഉദ്ഘാടന ദിവസം പ്രഖ്യാപിച്ചിട്ടില്ല. മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ ഈ വര്‍ഷം അവസാനം യാത്രക്കാര്‍ക്കായി തുറന്ന് കൊടുക്കുമെന്ന് അബുദാബി വിമാനത്താവളം ചീഫ് എക്‌സിക്യൂട്ടീവ് ബ്രയാന്‍ തോംസണ്‍ അറിയിച്ചു.
മിഡ്ഫീല്‍ഡ് ടെര്‍മിനലിന്റെ സുരക്ഷ, ക്ഷമത എന്നിവ വിലയിരുത്തിയത് പദ്ധതിയുടെ പ്രധാന ഘടകമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പരീക്ഷണങ്ങള്‍ നടത്തുന്നതിലൂടെയും അതിലെ ഫലങ്ങള്‍ പൂര്‍ണമായി വിലയിരുത്തുന്നതിലൂടെയും പ്രവര്‍ത്തനത്തിന്റെ ആദ്യ ദിവസം മുതല്‍ തന്നെ യാത്രക്കാര്‍ക്ക് കാര്യക്ഷമവും സുഗമവുമായ യാത്ര ആസ്വദിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പാക്കാന്‍ കഴിയും, അദ്ദേഹം പറഞ്ഞു. പരിശോധനയില്‍ പങ്കാളികളായ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് തോംസണ്‍ നന്ദി പറഞ്ഞു. മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ പൂര്‍ണ നിലയില്‍ തുറക്കുന്നതോടെ മണിക്കൂറില്‍ 8,500 യാത്രക്കാര്‍ക്ക് സഞ്ചരിക്കാനും കഴിയും. പ്രതിവര്‍ഷം ഒരു കോടി യാത്രക്കാര്‍ക്കും ഒരു ദിവസം അരലക്ഷം ബാഗുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയും, അദ്ദേഹം വിശദീകരിച്ചു.