കനത്ത സുരക്ഷയില്‍ യൂനിവേഴ്‌സിറ്റി കോളജ് തുറന്നു

Posted on: July 22, 2019 10:54 am | Last updated: July 22, 2019 at 12:33 pm

തിരുവനന്തപുരം: യൂനിവേഴ്സ്റ്റി കോളജില്‍ കെ എസ് യു യൂണിറ്റ് കമ്മിറ്റി രൂപവത്ക്കരിച്ചു. സെക്രട്ടേറിയറ്റിന മുമ്പില്‍ നടക്കുന്ന കെ എസ് യുവിന്റെ സമരപന്തലില്‍ വെച്ചാണ് കമ്മിറ്റി രൂപവത്ക്കരിച്ചത്. അമല്‍ ചന്ദ്രന്‍ പ്രസിഡന്റും ആര്യ എസ് നായര്‍ വൈസ് പ്രസിഡന്റുമായ ഏഴംഗ കമ്മിറ്റിയാണ് രൂപവത്ക്കരിച്ചത്. 18 വര്‍ഷത്തിന് ശേഷമാണ് ഇവിടെ കെ എസ് യു യൂനിറ്റ് കമ്മിറ്റി നിലവില്‍ വന്നത്.

യൂനിറ്റ് രൂപവത്ക്കരിച്ച ശേഷം മാര്‍ച്ചുമായി കെ എസ് യു പ്രവര്‍ത്തകര്‍ കോളജിലേക്ക് എത്തി. എന്നാല്‍ ഇവരെ കോളജിലേക്ക് കടത്തിവിടാന്‍ പോലീസ് തയ്യാറായില്ല. കോളജില്‍ എത്തുന്നതിന് മുമ്പ് ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് തടഞ്ഞു. യൂണിറ്റ് ഭരാവാഹികളായ ആറ് പേര്‍ക്ക് കോളജിലേക്ക് കയറാമെന്ന് പോലീസ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ ഭാരവാഹികള്‍ കോളജിലേക്ക് പ്രേവേശിക്കുകയായിരുന്നു. കോളജില്‍ കോടി നാട്ടാലും പ്രകടനവും നടത്തുമെന്നും യൂണിറ്റ് ഭാരവാഹികള്‍ പ്രതികരിച്ചു.

വിദ്യാര്‍ഥി കുത്തേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ആഴ്ചയായി അടഞ്ഞുകിടന്ന കോളജ് ഇന്ന് രാവിലെയാണ് തുറന്നത്. വിദ്യാര്‍ഥികളുടെ ഐഡന്റി കാര്‍ഡ് പരിശോധിച്ച ശേഷമാണ് കോളജിലേക്ക് കടത്തിവിട്ടത്. ഇനി മുതല്‍ എല്ലാ ദിവസവും ഐഡന്റിറ്റി കാര്‍ഡ് പരിശോധനയുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.