ആട്ടിയോടിക്കലല്ല ഇന്ത്യന്‍ പാരമ്പര്യം

Posted on: July 22, 2019 2:09 am | Last updated: July 22, 2019 at 2:09 am


രാജ്യത്താകെയുള്ള നിയമവിരുദ്ധ കുടിയേറ്റക്കാരെ കണ്ടെത്തി തിരിച്ചയക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി ജെ പി അധ്യക്ഷനുമായ അമിത് ഷാ പ്രഖ്യാപിച്ചിരിക്കുന്നു. അസാമില്‍ തയ്യാറാക്കി വരുന്ന ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ ആര്‍ സി) ബി ജെ പി പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ദാനത്തിന്റെ പൂര്‍ത്തീകരണമാണെന്നും അദ്ദേഹം പാര്‍ലിമെന്റില്‍ വ്യക്തമാക്കുകയുണ്ടായി. അനധികൃത കുടിയേറ്റക്കാരെ പുറന്തള്ളുമെന്ന പ്രഖ്യാപനത്തെ സ്വാഗതാര്‍ഹമെന്നേ പ്രത്യക്ഷത്തില്‍ വിലയിരുത്താനാകൂ.

എന്നാല്‍ ഇത്തരം പുറന്തള്ളലുകള്‍ പ്രയോഗവത്കരിക്കുമ്പോള്‍ എന്താണ് സംഭവിക്കുകയെന്ന് ഇന്ത്യയിലെ മാത്രമല്ല ലോകത്തുടനീളമുള്ള അനുഭവം നമ്മുടെ മുമ്പിലുണ്ട്. അത് പ്രത്യേക അജന്‍ഡകള്‍ നടപ്പാക്കാനുള്ള മാര്‍ഗമായി അധഃപതിക്കുമെന്നതിന് ഇനിയും പൂര്‍ണത കൈവന്നിട്ടില്ലാത്ത അസാം പൗരത്വ രജിസ്റ്റര്‍ മാത്രം പരിശോധിച്ചാല്‍ മതിയാകും. ദേശസുരക്ഷയെ പോലെ പൗരത്വവും വന്‍ പ്രഹര ശേഷിയുള്ള രാഷ്ട്രീയ ആയുധമായി പരിണമിക്കുകയാണ് ചെയ്യുന്നത്. അമേരിക്കയില്‍ രണ്ടാമൂഴത്തിന് ഗോദയിലിറങ്ങാനിരിക്കുന്ന ഡൊണാള്‍ഡ് ട്രംപും ഇസ്‌റാഈലില്‍ ബെഞ്ചമിന്‍ നെതന്യാഹുവും ഫ്രാന്‍സില്‍ മാരിനാ ലീപെന്നുമൊക്കെ ഒരേ സ്വരത്തില്‍ കുടിയേറ്റവിരുദ്ധത പ്രഖ്യാപിക്കുന്നത് അതുകൊണ്ടാണ്.

വംശീയ ധ്രുവീകരണത്തിനും അതുവഴി വോട്ട് കേന്ദ്രീകരണത്തിനും വഴിവെക്കുമെന്ന് കണ്ട് തന്നെയാണ് രാജ്യത്തിന്റെ അതിര്‍ത്തിക്കകത്തുള്ള മനുഷ്യരെ സ്വദേശി/ വിദേശി വിഭജനത്തിന് വിധേയമാക്കുന്നത്. അമിത് ഷാ പറയുന്ന ശുദ്ധീകരണത്തിനകത്തും ഈ അപകടം കാണുന്നവരെ പഴിക്കാനാകില്ല. ഇന്ത്യയെപ്പോലെ ഉള്‍ക്കൊള്ളലിന്റെ മഹത്തായ പാരമ്പര്യമുള്ള ഒരു ദേശരാഷ്ട്രത്തിന് ഈ പുറന്തള്ളലുമായി എത്രമാത്രം മുന്നോട്ട് പോകാനാകും? ആട്ടിയോടിക്കലിന്റെ മാനദണ്ഡം എത്രമാതം ശാസ്ത്രീയവും കുറ്റമറ്റതുമാകും?

അസാമില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ തയ്യാറാക്കുന്ന പൗരത്വ രജിസ്റ്ററാണ് മാതൃകയായി മുന്നിലുള്ളത്. ഈ പ്രക്രിയ അത്യന്തം സങ്കീര്‍ണമാണെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ സമ്മതിച്ചു കഴിഞ്ഞു. 2018 ജനുവരി ഒന്നിനാണ് അസാമില്‍ എന്‍ ആര്‍ സിയുടെ ആദ്യ കരട് പുറത്തുവന്നത്. 19 ദശലക്ഷം പേരുകളാണ് ഈ പട്ടികയില്‍ ഉണ്ടായിരുന്നത്. രജിസ്റ്ററില്‍ ഉള്‍പ്പെടാന്‍ അപേക്ഷിച്ചത് 32.9 ദശലക്ഷം പേരാണ്. അതേ വര്‍ഷം ജൂലൈയില്‍ പുറത്തിറക്കിയ രണ്ടാം കരടില്‍ പൗരന്‍മാരുടെ എണ്ണം 28.9 ദശലക്ഷമായി. അന്ന് നാല് ദശലക്ഷം പേരാണ് പുറത്തായത്. ഇതില്‍ 3.6 ലക്ഷം പേര്‍ രേഖകള്‍ ശരിയാക്കി വീണ്ടും എന്‍ ആര്‍ സി അധികൃതരെ സമീപിച്ചു. ഇതോടെ പട്ടികയില്‍ വീണ്ടും മാറ്റം വന്നു. ഈ മാസം 31ന് അന്തിമ പട്ടിക പുറത്തിറക്കണമെന്നാണ് സുപ്രീം കോടതിയുടെ അന്ത്യശാസനം. എന്നാല്‍ നിരവധി അനര്‍ഹര്‍ കടന്നു കൂടിയിട്ടുണ്ടെന്നും റാന്‍ഡം വെരിഫിക്കേഷന്‍ വേണമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്.

സുപ്രീം കോടതിയോട് വീണ്ടും സാവകാശം തേടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. അത്യന്തം സങ്കീര്‍ണമാണ് സംഗതിയെന്ന് ചുരുക്കം.
മുഖ്യമായും സാമ്പത്തിക കാരണങ്ങളാല്‍ ആയിരക്കണക്കിനാളുകള്‍ പല കാലങ്ങളിലായി ബംഗ്ലാദേശില്‍ നിന്ന് അസാമിലേക്ക് കുടിയേറിയെന്നത് വസ്തുതയാണ്. 1961ലെയും 1971ലെയും രണ്ട് കാനേഷുമാരികള്‍ക്ക് ഇടക്ക് അസാമിലെ ജനസംഖ്യ 34 ശതമാനം വര്‍ധിച്ചുവെന്ന കണക്ക് ഇതാണ് വ്യക്തമാക്കുന്നത്. അസാമിലെ തദ്ദേശീയര്‍ ബംഗാളി, ബംഗ്ലാദേശി മുസ്‌ലിംകളെ സാമൂഹിക ജീവിതത്തിന്റെ ഭാഗമായി അംഗീകരിച്ചില്ലെന്നതും സത്യമാണ്. ഇതിന്റെ ഏറ്റവും ക്രൂരമായ ആവിഷ്‌കാരമായിരുന്നു നെല്ലി കൂട്ടക്കൊല.

അഭയാര്‍ഥികളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സമരം ശക്തമായതോടെ 1982ല്‍ കേന്ദ്ര സര്‍ക്കാറും അസാം പ്രക്ഷോഭകാരികളും തമ്മിലുണ്ടാക്കിയ ഉടമ്പടി 1961ന് മുമ്പ് അസാമില്‍ എത്തിയവര്‍ക്ക് പൗരത്വം നല്‍കുക, 1961നും 71നും ഇടയില്‍ എത്തിയവരുടെ കാര്യം പിന്നീട് തീരുമാനിക്കുക, 1971നു ശേഷം എത്തിയവരെ നാടുകടത്തുക എന്നീ തീരുമാനങ്ങളില്‍ എത്തിച്ചേര്‍ന്നു. ഇതിനു ശേഷം വന്ന സര്‍ക്കാറുകള്‍ 1990കളിലും 2015 വരെയും ഈ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ചില്ല. നാഷണല്‍ സിറ്റിസണ്‍ രജിസ്റ്റര്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ 2015ല്‍ സുപ്രീം കോടതി ഉത്തരവിട്ടു. 2016ല്‍ അസാമില്‍ ബി ജെ പി അധികാരത്തില്‍ വന്നു. ഇതിന് ശേഷമാണ് പട്ടികാ നിര്‍മാണത്തിന് ജീവന്‍ വെച്ചത്.

തൊഴിലും വിഭവങ്ങളും പങ്കുവെക്കുന്നതിന്റെയും ക്രമസമാധാനത്തിന്റെയും സാംസ്‌കാരിക സംഘട്ടനത്തിന്റെയുമൊക്കെ കാരണങ്ങള്‍ ഉയര്‍ത്തുമ്പോഴും അതിനേക്കാളെല്ലാം മുകളിലാണ് ഈ ആട്ടിയോടിക്കല്‍ ഉണ്ടാക്കുന്ന മാനുഷിക പ്രതിസന്ധി. മുപ്പതും നാല്‍പ്പതും വര്‍ഷം ഈ മണ്ണില്‍ ജീവിച്ച മനുഷ്യര്‍ എവിടെയും പൗരത്വമില്ലാതെ അലയേണ്ടി വരുന്നത് എത്ര ഭീകരമാണ്! കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത ധീര സൈനികന്‍ പോലും വിദേശിയായി ജയിലില്‍ പോകേണ്ടി വരുന്നത് എങ്ങനെ ന്യായീകരിക്കും? അവര്‍ എങ്ങോട്ട് പോകും? എത്രകാലം അവരെ ജയിലിലിടും? ബംഗ്ലാദേശിലേക്ക് പോകാനൊക്കുമോ?

ഈ മനുഷ്യര്‍ക്ക് അവിടെയും പൗരത്വ രേഖകളില്ലല്ലോ. ഈ പുറത്താക്കലിന് മതപരമായ തലം കൂടിയുണ്ടെന്നതാണ് വസ്തുത. അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള മുസ്‌ലിമേതരര്‍ക്ക് പൗരത്വം നല്‍കാന്‍ നിയമ ഭേദഗതി കൊണ്ടു വന്നിരിക്കുന്നു, കേന്ദ്ര സര്‍ക്കാര്‍. പൗരത്വ രജിസ്റ്ററില്‍ പുറന്തള്ളപ്പെട്ട് രാഷ്ട്രരഹിതരാകുന്നതില്‍ നല്ല പങ്ക് മുസ്‌ലിംകളാണ് താനും. അതുകൊണ്ട് അങ്ങേയറ്റത്തെ അവധാനതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ് പൗരത്വം. അത് താത്കാലിക രാഷ്ട്രീയ ലാഭത്തിന് എടുത്തു പയറ്റരുത്. ഉള്‍ക്കൊള്ളലാണ്, ആട്ടിയോടിക്കലല്ല ഇന്ത്യയുടെ പാരമ്പര്യം.