Uae
എരിതീയില്‍ എണ്ണയൊഴിക്കുന്ന ഇറാന്‍

ഗള്‍ഫിന്റെ കപ്പല്‍ പാതയായ ഹോര്‍മൂസ് കടലിടുക്കില്‍ ദിവസം തോറും സംഘര്‍ഷം കനക്കുന്നു. ഇറാന്‍ കഴിഞ്ഞ ദിവസം ബ്രിട്ടീഷ് കപ്പല്‍ റാഞ്ചിയത് യുദ്ധ ഭീതിയിലേക്കു വരെ ലോകത്തെ നയിച്ചു. 18 ഇന്ത്യക്കാരടക്കം 23 ജീവനക്കാരുള്ള സ്റ്റെന ഇമ്പേറോ എന്ന കപ്പലാണ് ഇറാന്‍ റാഞ്ചിയത്. ഏതാനും ദിവസങ്ങളായി അമേരിക്കയും ഇറാനും പരസ്പരം കുറ്റപ്പെടുത്തുകയും പോര്‍വിളി നടത്തുകയും ചെയ്തു വരികയായിരുന്നു.
അനേകം എണ്ണക്കപ്പലുകള്‍ കടന്നുപോകുന്ന ഇറാന്റെ സമീപത്തുള്ള ഹോര്‍മൂസ് കടലിടുക്കിന്റെ നിയന്ത്രണത്തിന് വേണ്ടിയുള്ള മരണക്കളിയാണ് ഇപ്പോള്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം ഇറാന്റെ ആളില്ലാ പേടകം അമേരിക്കന്‍ യുദ്ധക്കപ്പല്‍ വെടിവെച്ചിട്ടു. അതിനു മുമ്പ് യു എ ഇ യുടെ അടക്കം കപ്പലുകള്‍ക്ക് നേരെ ആക്രമണം നടന്നു. സംഘര്‍ഷം ലഘൂകരിക്കാന്‍ ചില രാജ്യങ്ങള്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇറാനെ ഭസ്മീകരിക്കും എന്ന് ഇസ്രായീല്‍ ആക്രോശിച്ചത് സ്ഥിതിഗതികള്‍ വഷളാക്കി. അമേരിക്കയുടെ ആറ് നാവിക കപ്പലാണ് ഹോര്‍മൂസില്‍ നങ്കൂരമിട്ടിരിക്കുന്നത്. ഇതില്‍ നിന്ന് ഇടതടവില്ലാതെ യുദ്ധവിമാനങ്ങള്‍ പറക്കും. മറ്റൊരുവശത്ത് ഹോര്‍മൂസ് കടലിടുക്കിന്റെ നിയന്ത്രണത്തിന് വേണ്ടി ഏതറ്റം വരെ പോകാനും ഇറാന്‍ തയാറായി നില്‍ക്കുന്നു.
അതിനുവേണ്ടി ദീര്‍ഘ ദൂര മിസൈലുകള്‍ വികസിപ്പിക്കുന്നു. എന്നാല്‍ അമേരിക്കയുടെയും ബ്രിട്ടന്റെയും യുദ്ധക്കപ്പലുകള്‍ സദാ റോന്തുചുറ്റുന്ന മേഖലയാണിത്. ഇറാനെ ആക്രമിക്കാന്‍ ഈ വന്‍ ശക്തികള്‍ക്ക് എളുപ്പവുമാണ്. മേഖലയില്‍ പലയിടങ്ങളിലായി അവര്‍ക്കു സൈനിക താവളങ്ങളുണ്ട്. നിരവധി കാലത്തെ സാമ്പത്തിക ഉപരോധം നേരിട്ട ഇറാന് പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. ആത്യന്തികമായി ആഗോള തലത്തില്‍ എണ്ണ വില കുത്തനെ കൂടാന്‍ മാത്രമേ ഈ സംഘര്‍ഷം ഉപകരിക്കുകയുള്ളൂ. ലോകത്തിന്റെ മൂന്നിലൊന്നു എണ്ണ കടന്നുപോകുന്ന പാതയാണിത്.
സംഘര്‍ഷം കനത്താല്‍ പാത അടയും. ഗള്‍ഫ് രാജ്യങ്ങളുടെ എണ്ണ കയറ്റുമതി തടസപ്പെടും. ഗള്‍ഫ് സമ്പദ് വ്യവസ്ഥക്ക് തിരിച്ചടിയാകും. ഇത് ഗള്‍ഫിലെ ഇന്ത്യക്കാരിലടക്കം വലിയ ആധി സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസം റാഞ്ചിയ കപ്പലില്‍ അകപ്പെട്ട ഇന്ത്യക്കാരെ രക്ഷിക്കാന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ശ്രമം തുടരുന്നു. ടെഹ്റാനുമായി നേരിട്ട് ആശയവിനിമയം നടത്തിയിട്ടുണ്ടെന്ന് മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി. സാധ്യമായില്ലെങ്കില്‍ അമേരിക്ക, ബ്രിട്ടന്‍ ചേരിയില്‍ ഇന്ത്യ കൂടി എത്തിപ്പെടും. ഇറാനുമായുള്ള ദീര്‍ഘകാല ബന്ധത്തിന് അവസാനമാകും.