സൈനിക താവളത്തിന് അനുമതി; കൂടുതല്‍ യുഎസ് സൈനികര്‍ സഊദിയിലേക്ക്

Posted on: July 20, 2019 11:58 pm | Last updated: July 21, 2019 at 4:18 pm

റിയാദ്/വാഷിംഗ്ടണ്‍: ഹോര്‍മുസ് ജലപാതയിലെ സുരക്ഷയുമായി ബന്ധപ്പെട്ട് മേഖലയില്‍ ഉടലെടുത്ത സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ അമേരിക്കന്‍ സൈനികര്‍ സഊദിയിലേക്ക്. അമേരിക്കന്‍ സൈന്യത്തിന് ആവശ്യമായ സൈനിക താവളം നല്‍കാന്‍ തീരുമാനിച്ചതായി സഊദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. സഊദിയും അമേരിക്കയും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സൈനിക താവളമൊരുക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങളിലെ പെട്രോളിയം ഉത്പന്നങ്ങളും മറ്റ് ചരക്കുകളും കപ്പല്‍ മാര്‍ഗ്ഗം സഞ്ചരിക്കുന്ന പ്രധാന
ജലപാതയായ ഹോര്‍മൂസ് കടലിടുക്കില്‍ കഴിഞ്ഞ ദിവസം ജലപാത ലംഘിച്ചു എന്നാരോപിച്ച് സ്റ്റെനാ ഇംപെറോ എണ്ണ ബ്രിട്ടീഷ് കപ്പല്‍ ഇറാന്‍ നാവിക സേന പിടിച്ചെടുത്തിരുന്നു. ഇതേ തുടര്‍ന്ന് ഹോര്‍മൂസ് കടലിടുക്ക് മേഖലയില്‍ അമേരിക്ക ശക്തമായ വ്യോമനിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

റിയാദില്‍ നിന്നും 150 കലോമീറ്റര്‍ അകലെയുള്ള പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ ബേസിലായിരിക്കും അമേരിക്കന്‍ സേന തമ്പടിക്കുക.