ആറ് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാര്‍; യുപിയില്‍ ആനന്ദിബെന്‍ പട്ടേല്‍

Posted on: July 20, 2019 6:39 pm | Last updated: July 20, 2019 at 6:39 pm

ന്യൂഡല്‍ഹി: ആറ് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ച് കേന്ദ്രം ഉത്തരവിറക്കി. മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, ബിഹാര്‍, നാഗാലാന്റ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചത്. മധ്യപ്രദേശ് ഗവര്‍ണറും ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയുമായ ആനന്ദിബെന്‍ പട്ടേലിനെ ഉത്തര്‍ പ്രദേശ് ഗവര്‍ണറായി നിയമിച്ചു.

സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകന്‍ ജഗ്ദീപ് ധങ്കാറിനെ പശ്ചിമ ബംഗാളിലും, ബിജെപി നേതാവ് രമേശ് ബയസിനെ ത്രിപുരയിലും, ബിഹാര്‍ ഗവര്‍ണറായ ലാല്‍ ജി തണ്ഠനെ മധ്യപ്രദേശിലും ഫഗു ചൗഹാനെ ബിഹാറിലും ആര്‍എന്‍ രവിയെ നാഗാലാന്റിലും നിയമിച്ചു.

രാജ്യസഭാംഗം അനുസൂയ ഉക്കിയെ ഛത്തീസ്ഗഡ് ഗവര്‍ണറായും മുതിര്‍ന്ന ബിജെപി നേതാവ് ബിശ്വ ഭൂഷണ്‍ ഹരിചന്ദ്രനെ ആന്ധ്ര പ്രദേശ് ഗവര്‍ണറായും കേന്ദ്രസര്‍ക്കാര്‍ ഈ ആഴ്ച ആദ്യത്തില്‍ നിയമിച്ചിരുന്നു.