ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലില്‍ 18 ഇന്ത്യക്കാര്‍

Posted on: July 20, 2019 3:28 pm | Last updated: July 20, 2019 at 7:06 pm

വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടന്റെ എണ്ണക്കപ്പലില്‍ ജീവനക്കാരിര്‍ 18 പേര്‍ ഇന്ത്യക്കാര്‍. ജീവനക്കാരില്‍ മലയാളികളുണ്ടോയെന്ന കാര്യം വ്യക്തമല്ല. 23 ജീവനക്കാരാണ് ആകെ കപ്പലിലുള്ളത്. സഊദിയിലേക്ക് പോകുകയായിരുന്ന സ്റ്റെനാ ഇംപേരോ എന്ന കപ്പലാണ് ഇറാാന്‍ പിടിച്ചെടുത്തത്. അന്താരാഷ്ട്ര സമുദ്രഗതാഗത ചട്ടങ്ങള്‍ ലംഘിച്ചതിനാണ് കപ്പല്‍ കണ്ടുകെട്ടിയതെന്ന് ഇറാന്‍ സൈന്യമായ റവല്യൂഷണറി ഗാര്‍ഡ് ഔദ്യോഗിക വെബ്‌സൈറ്റില്‍ വ്യക്തമാക്കിയത്.

ബ്രിട്ടന്റെ പതാക ഘടിപ്പിച്ച സ്വീഡന്റെ ഉടമസ്ഥതയിലുള്ളതാണ് കപ്പല്‍.
ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് ചെറിയ കപ്പലുകളും ഹെലികോപ്റ്ററും ബ്രിട്ടീഷ് കപ്പലിനെ സമീപിക്കുകയായിരുന്നുവെന്നും ഇപ്പോള്‍ ജീവനക്കാരുമായി ആശയ വിനിമയം സാധ്യമാകുന്നില്ലെന്നും ഇംപേരോയുടെ ഉടമയായ കമ്പനി വ്യക്തമാക്കി.

ഉപരോധം ലംഘിച്ചു സിറിയയിലേക്ക് എണ്ണ കൊണ്ടുപോയ ഇറാന്റെ എണ്ണക്കപ്പല്‍ ബ്രിട്ടന്‍ പിടികൂടിയിരുന്നു. ഈ കപ്പല്‍ 30 ദിവസം കൂടി തടങ്കലില്‍ വയ്ക്കാന്‍ ജിബ്രാള്‍ട്ടര്‍ സുപ്രീംകോടതി ഉത്തരവിട്ടതിനു തൊട്ടുപിന്നാലെയാണ് ബ്രിട്ടന്റെ എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തതെന്നാണു റിപ്പോര്‍ട്ട്.