ഇന്റര്‍കോണ്ടിനന്റല്‍ കപ്പ്: ഉത്തര കൊറിയ ചാമ്പ്യന്മാര്‍

Posted on: July 19, 2019 11:27 pm | Last updated: July 19, 2019 at 11:39 pm

അഹമ്മദാബാദ്: 2019 ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് ഫുട്‌ബോളില്‍ താജിക്കിസ്ഥാനെ തോല്‍പിച്ച് ഉത്തരക്കൊറിയ ചാമ്പ്യന്മാരായി. ഫൈനലില്‍ 20 ആം നമ്പര്‍ താരം പാക് ഇല്‍ നേടിയ ഏകഗോളിനാണ് ഉത്തരകൊറിയയുടെ വിജയം.

കളിയുടെ ഇരുപതാം മിനിറ്റില്‍ ഉത്തര കൊറിയയുടെ ജോങ് ഗ്വാന്റെ ഗോള്‍ ശ്രമം വിജയിച്ചില്ല. ഗോള്‍ നേടാതെ പിരിഞ്ഞ ആദ്യ പകുതിക്ക് ശേഷം 71 ആം മിനുട്ടിലായിരുന്നു ഉത്തര കൊറിയയുടെ ഗോള്‍ പിറന്നത്. ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി ഇല്‍ തൊടുത്ത ഷോട്ട് എതിര്‍ താരത്തിന്റെ കാലില്‍ തട്ടി ഗതിമാറിയാണ് വലയിലെത്തിയത്.

ഗോള്‍ മടക്കാനുള്ള താജിക്കിസ്ഥാന്റെ ശ്രമങ്ങള്‍ കൊറിയന്‍ പ്രതിരോധ നിരക്ക് മുന്നില്‍ വിഫലമായി. ഉത്തരകൊറിയന്‍ ക്യാപ്റ്റന്‍ ജോംഗ് ഇല്‍ ഗ്വാന്‍ ആണ് ടൂര്‍ണമെന്റിലെ താരം. റിജിന്‍ ആണ് കളിയിലെ താരം.

ലീഗ് ഘട്ടത്തിലും ഉത്തര കൊറിയന്‍ ടീം താജിക്കിസ്ഥാനെ ഇതേ വ്യത്യാസത്തില്‍ പരാജയപ്പെടുത്തിയിരുന്നു. ചാമ്പ്യന്‍ ടീമിന് 50,000 ഡോളറും റണ്ണര്‍അപ്പിന് 25 ആയിരം ഡോളറുമാണ് സമ്മാനത്തുക.

ടൂര്‍ണമെന്റിലെ മുന്‍ നിര ടീമുകളെ അട്ടിമറിച്ചാണ് റാങ്കിംഗില്‍ പിന്നിലുള്ള ഇരുടീമും ഫൈനലിലെത്തിയത്. താജിക്കിസ്ഥാന്‍ ഫിഫ റാങ്കിംഗില്‍ 120 ആം സ്ഥാനത്തും ഉത്തരകൊറിയ 122 ആം സ്ഥാനത്തുമാണ്.