ആഫ്രിക്കയില്‍ ഇന്ന് കിരീടധാരണം

Posted on: July 19, 2019 11:46 am | Last updated: July 19, 2019 at 11:46 am

ആഫ്രിക്കന്‍ നാഷന്‍സ് കപ്പ് ഫുട്‌ബോളില്‍ ഇന്ന് ഫൈനല്‍. സെനഗലും അള്‍ജീരിയയുമാണ് കലാശപ്പോരില്‍ നേര്‍ക്കുനേര്‍ വരുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ നേര്‍ക്കു നേര്‍ വരികയാണ്.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ റിയാദ് മഹ്‌റെസും ലിവര്‍പൂളിന്റെ സാദിയോ മാനെയും. പ്രീമിയര്‍ ലീഗ് കിരീടപ്പോരില്‍ ലിവര്‍പൂളിനെ പിന്തള്ളി ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി കരുത്തറിയിച്ചപ്പോള്‍ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ സാദിയോ മാനെയുടെ ലിവര്‍പൂള്‍ ചാമ്പ്യന്‍മാരായിരുന്നു. ആഫ്രിക്കന്‍ പോരില്‍ ഭാഗ്യം ആര്‍ക്കൊപ്പമായിരിക്കും എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം.

നൈജീരിയന്‍ ടീം
നൈജീരിയക്ക് വെങ്കലം

ആഫ്രിക്കന്‍ നാഷന്‍സ് കപ്പില്‍ നൈജീരിയ മൂന്നാം സ്ഥാനക്കാര്‍. പ്ലേ ഓഫില്‍ ടുണീഷ്യയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു. മൂന്നാം മിനുട്ടില്‍ ഇഹാലോയാണ് വിജയ ഗോള്‍ നേടിയത്. അഞ്ച് ഗോളുകളുമായി ഇഹാലോയാണ് ടൂര്‍ണമെന്റ് ടോപ് സ്‌കോറര്‍.
അത്ര ആകര്‍ഷകമല്ലായിരുന്നു മത്സരം. തണുപ്പന്‍ കളിയാണ് ഇരുടീമുകളും കാഴ്ചവെച്ചത്. സെമിഫൈനലിലെ പരാജയം ടീമുകളെ തളര്‍ത്തിയത് പോലെ. കളി തുടങ്ങി മൂന്നാം മിനുട്ടില്‍ തന്നെ ഇഹാലോ സ്‌കോര്‍ ചെയ്തു. പിന്നീട് നൈജീരിയ പന്ത് ഹോള്‍ഡ് ചെയ്ത് കളിക്കാനാണ് ശ്രമിച്ചത്.

ടുണീഷ്യ അറ്റാക്കിംഗിന് മുതിരാതെ നിന്നതോടെ മത്സരം തണുത്തു. ആദ്യ പകുതിക്ക് മുമ്പായിട്ട് ഫെര്‍യാനി സാസിയും ഗെയ്‌ലിന്‍ ചലാലിയും ഉഗ്രന്‍ ഷോട്ടുകള്‍ എതിര്‍ പോസ്റ്റിലേക്ക് തൊടുത്തതോടെ മത്സരത്തിന് ഉണര്‍വ് വന്നു. മൂന്ന് തവണ ചാമ്പ്യന്‍മാരായ നൈജീരിയ ലീഡ് നഷ്ടമാകാതിരിക്കാന്‍ മാത്രമാണ് ശ്രമിച്ചത്. എട്ട് തവണ മൂന്നാം സ്ഥാനക്കാരായ നൈജീരിയ ഇതുവരെ മൂന്നാം സ്ഥാന പ്ലേ ഓഫില്‍ പരാജയപ്പെട്ടിട്ടില്ല എന്ന റെക്കോര്‍ഡ് നിലനിര്‍ത്തുകയും ചെയ്തു.2004 ചാമ്പ്യന്‍മാരാണ് ടുണീഷ്യ. രണ്ടാം പകുതിയില്‍ രണ്ടാം ഗോള്‍ വഴങ്ങാതെ രക്ഷപ്പെട്ടതിന് ഗോളി ചെറിഫിയയോട് ടുണീഷ്യന്‍ ടീം നന്ദി പറയണം.

സാമുവലിന്റെ ഷോട്ട് വിരല്‍ കൊണ്ടാണ് പുറത്തേക്ക് തട്ടിയിട്ടത്. ഇഞ്ചുറി ടൈമില്‍ സാമുവല്‍ കാലുവിന്റെ ഫ്രീകിക്ക് അതിശയിപ്പിക്കുന്ന മെയ് വഴക്കത്തോടെ ചെറിഫിയ പ്രതിരോധിക്കുകയായിരുന്നു. തുല്യശക്തികളുടെ പോരാട്ടത്തില്‍ ബോള്‍ പൊസഷന്‍ 58 ശതമാനമാണ് ടുണീഷ്യക്ക്. ഷോട്ടുകളുടെ എണ്ണം കോര്‍ണറുകള്‍ എന്നിവയിലെല്ലാം ടുണീഷ്യയാണ് മുന്നില്‍. ഫൗളുകളുടെ എണ്ണത്തിലും വ്യത്യാസമില്ല.