ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിരക്ക് സെനഗല്‍ കരുത്ത്‌

Posted on: July 19, 2019 8:30 am | Last updated: July 19, 2019 at 11:30 am


കേരള ബ്ലാസ്‌റ്റേഴ്‌സിന്റ മധ്യനിരയ്ക്ക് കരുത്താകാന്‍ സെനഗല്‍ താരം. ആഫ്രിക്കന്‍ ഫുട്‌ബോളില്‍ നിരവധി ക്ലബ്ബുകള്‍ക്ക് കളിച്ച മുപ്പതുകാരനായ മുഹമ്മദ് മുസ്തഫ നിംഗ് ആണ് ടീമിലെത്തുന്നത്. ഇതോടെ ഐഎസ്എല്‍ പുതിയ സീസണിലേക്ക് ബ്ലാസ്‌റ്റേഴ്‌സ് കരാറിലെത്തിയ വിദേശ താരങ്ങളുടെ എണ്ണം അഞ്ചായി.

കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഒരുക്കം. നേരത്തെ ലെയ്ഡ എസ്‌പോര്‍ട്ടിയു, സി.ഡി.എബ്രോ, സി.ഡി.സരിനേന, എസ്.ഡി.അമോറെബീറ്റ, യുഡി ലോഗ്രോണ്‍സ്, എസ്.ഡി.ഇജിയാ, അന്‍ഡോറ സി.എഫ് തുടങ്ങിയ ക്ലബ്ബുകള്‍ക്കുവേണ്ടി കളിച്ച മുഹമ്മദ് മധ്യനിരയില്‍ തിളങ്ങുമെന്നാണ് പ്രതീക്ഷ. മധ്യനിരയിലും പ്രതിരോധനിരയിലും ഒരേ സമയം മികവറിയിക്കാന്‍ സാധിക്കുന്ന താരമാണ് മുഹമ്മദ്.

ടീമിനെ ഐക്യപ്പെടുത്താന്‍ കഴിവുള്ള കളിക്കാരനാണ് മുഹമ്മദ് എന്ന പരിശീലകന്‍ ഇല്‍ക്കോ ഷട്ടോരി പറഞ്ഞു. ഇദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നതില്‍ സന്തോഷമുണ്ട്.

അതിനായി താന്‍ കാത്തിരിക്കുകയാണെന്നും പരീശീലകന്‍ വ്യക്തമാക്കി. ഐ എസ് എല്ലിലെ സൂപ്പര്‍ ടീമായ ബ്ലാസ്റ്റേഴ്‌സിനായി കളിക്കുന്നതില്‍ അഭിമാനമുണ്ടെന്നാണ് നിംഗിന്റെ പ്രതികരണം. കേരളത്തെ കുറിച്ച് ഏറെ കേട്ടിരിക്കുന്നു. ഇവിടത്തെ സംസ്‌കാര വൈവിദ്യവും പ്രകൃതിയുമെല്ലാം ഏറെ ആകര്‍ഷിച്ചുവെന്നും താരം.