അഖിലിനെ കുത്താന്‍ ഉപയോഗിച്ച കത്തി കോളജ് വളപ്പില്‍നിന്നും കണ്ടെത്തി

Posted on: July 19, 2019 9:29 am | Last updated: July 19, 2019 at 3:27 pm

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ഥി അഖിലിനെ കുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്തി. കേസിലെ പ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നിവരെ യൂണിവേഴ്‌സിറ്റി കോളജിലെത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് കത്തി കണ്ടെത്തിയത്. കോളജ് വളപ്പിലെ ചവറ്റ് കൂനയില്‍ ഒളിപ്പിച്ച നിലയിലായിരുന്ന കത്തി ശിവരഞ്ജിത്താണ് പുറത്തെടുത്തത്. അതേ സമയം കത്തി വാങ്ങിയത് ഓണ്‍ലൈന്‍ വഴിയാണെന്ന് പോലീസ് പറഞ്ഞു. ആവശ്യമനുസരിച്ച് നിവര്‍ത്താനും മടക്കാനും കഴിയുന്ന കത്തിയാണിത്. കൈയിലൊതുങ്ങുന്ന വലുപ്പംമാത്രമുള്ളതാണ് കത്തി. സംഭവം നടന്ന് നാളുകളേറെ കഴിഞ്ഞിട്ടും അഖിലിനെ കുത്താന്‍ ഉപയോഗിച്ചിരിുന്ന ആയുധം കണ്ടെത്താനായിരുന്നില്ല. കേസിലെ പതിനാറ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ആറ് പേരെ മാത്രമാണ് ഇതുവരെ പോലീസ് പിടികൂടിയത്. ബാക്കി പത്ത് പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

എസ്എഫ്‌ഐ അംഗങ്ങളുടെ ധാര്‍ഷ്ട്യം ചോദ്യം ചെയ്തതിലുളള വൈരാഗ്യമാണ് അഖിലിനെ ആക്രമിക്കാന്‍ കാരണമെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഒന്ന് മുതല്‍ അഞ്ചുവരെയുള്ള പ്രതികള്‍ അഖിലിനെ തടഞ്ഞ് നിര്‍ത്തുകയും ഒന്നാം പ്രതിയായ ശിവരഞ്ജിത്ത് കത്തിയെടുത്ത് നെഞ്ചില്‍ കുത്തുകയും ചെയ്തുവെന്നാണ് കേസ്. അതേ സമയം യൂണിവേഴ്‌സിറ്റി കോളജിനും പി എസ് സിക്കുമെതിരായ ആരോപണങ്ങളില്‍ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണും