Connect with us

National

ശരവണ ഭവന്‍ ഹോട്ടലുടമ പി രാജഗോപാല്‍ നിര്യാതനായി

Published

|

Last Updated

ചെന്നൈ: കൊലപാതക കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ശരവണ ഭവന്‍ ഹോട്ടല്‍ ശൃംഗലയുടെ ഉടമ പി രാജഗോപാല്‍ നിര്യാതനായി. ഇന്ന് രാവിലെ 10.30ഓടെയാണ് ചെന്നൈയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ സ്റ്റാന്‍ലി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രാജഗോപാലിനെ പിന്നീട് സ്വകാര്യാശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

2001ല്‍ പ്രിന്‍സ് ശാന്തകുമാര്‍ എന്നയാളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനാണ് രാജഗോപാലിനെ കോടതി ശിക്ഷിച്ചത്. ഒരു ജ്യോതിഷിയുടെ നിര്‍ദേശ പ്രകാരം ശാന്തകുമാറിന്റെ ഭാര്യ ജീവജ്യോതിയെ വിവാഹം കഴിക്കാന്‍ രാജഗോപാല്‍ ആഗ്രഹിച്ചിരുന്നു. ജീവജ്യോതിയുടെ എതിര്‍പ്പിനെ വകവെക്കാതെ രാജഗോപാല്‍ അവരെയും ഭര്‍ത്താവിനെയും വിടാതെ പിന്തുടരുകയും ദ്രോഹിക്കുകയും ചെയ്തു. പിന്നീട് ശാന്തകുമാറിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു.

കേസ് ആദ്യം പരിഗണിച്ച മദ്രാസ് സെഷന്‍സ് കോടതി പത്തു വര്‍ഷം കഠിന തടവാണ് പ്രതിക്ക് വിധിച്ചത്. രാജഗോപാല്‍ ഇതിനെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, ശിക്ഷ ജീവപര്യന്തം തടവായി വര്‍ധിപ്പിക്കുകയാണ് ഹൈക്കോടതി ചെയ്തത്. വിധിക്കെതിരെ പ്രതി സുപ്രീം കോടതിയില്‍ ഹരജി നല്‍കിയെങ്കിലും ഹൈക്കോടതി വിധി മേല്‍ക്കോടതിയും അംഗീകരിക്കുകയായിരുന്നു. ആരോഗ്യ പ്രശനങ്ങള്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് കീഴടങ്ങുന്നതിന് ജൂലൈ ഏഴു വരെ രാജഗോപാലിന് കോടതി സമയം അനുവദിച്ചിരുന്നു. ഈ ദിവസവും കീഴടങ്ങാതിരുന്ന രാജഗോപാല്‍ പിറ്റേന്ന് കോടതിയെ സമീപിച്ച് തീയതി നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, അപേക്ഷ തള്ളിയ കോടതി ഉടന്‍ കീഴടങ്ങാന്‍ പ്രതിയോട് ഉത്തരവിടുകയായിരുന്നു.

Latest