മെക്‌സിക്കോ സിറ്റി: മയക്കുമരുന്ന് രാജാവായി അറിയപ്പെടുന്ന ജോക്വിന്‍ ഗുസ്മാന് യു എസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങി പത്തോളം കേസുകളില്‍ 62കാരനായ ഗുസ്മാന്‍ കുറ്റക്കാരനാണെന്ന് ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതി ഫെബ്രുവരിയില്‍ കണ്ടെത്തിയിരുന്നു. ജീവപര്യന്തത്തിനു പുറമെ തോക്കുകള്‍ അനധികൃതമായി ഉപയോഗിച്ചതിന് 30 വര്‍ഷം അധികം തടവും 12.6 കോടി ഡോളര്‍ പിഴയും പ്രതിക്ക് കോടതി വിധിച്ചു.
കനത്ത സുരക്ഷാ ക്രമീകരണങ്ങളുള്ള കൊളറാഡോ ജയിലിലേക്കാവും ഗുസ്മാനെ അയക്കുകയെന്ന് പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു. വിചാരണ നീതിപൂര്‍വകമായിരുന്നില്ലെന്നും ജഡ്ജിമാരെ മാധ്യമ വാര്‍ത്തകള്‍ സ്വാധീനിച്ചതായും ആരോപിച്ച ഗുസ്മാന്റെ അഭിഭാഷകന്‍ ജെഫ്രി ലിച്ച്മാന്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് വ്യക്തമാക്കി.
2015ല്‍ മെക്‌സിക്കന്‍ ജയിലില്‍ നിന്ന് തുരങ്കം വഴി രക്ഷപ്പെട്ട പ്രതിയെ പിന്നീട് പിടികൂടുകയും യു എസിന് കൈമാറുകയുമായിരുന്നു. യു എസിലേക്ക് മയക്കുമരുന്ന് കടത്തുന്ന വന്‍ ഗ്രൂപ്പായ സിനാലോവ കാര്‍ട്ടലിന്റെ മുന്‍ തലവനായിരുന്നു ഗുസ്മാന്‍.