Connect with us

Kerala

കേരള പോലീസിനെ അടുത്തറിയാന്‍ ടാന്‍സാനിയന്‍ പോലീസ് സംഘം തിരുവനന്തപുരത്ത്

Published

|

Last Updated

തിരുവനന്തപുരം: കേരള പോലീസിന്റെ വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് മനസിലാക്കുന്നതിനും വിവിധ സംരംഭങ്ങളെ പഠനവിധേയമാക്കുന്നതിനുമായി ടാന്‍സാനിയന്‍ പോലീസ് സംഘം തിരുവനന്തപുരത്ത്. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയില്‍ നിന്ന് സീനിയര്‍ പോലീസ് ഓഫീസര്‍മാരുടെ സംഘമാണ് തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനം സന്ദര്‍ശിച്ചത്.

കേരളത്തിലെ മികച്ച ക്രമസമാധാനപാലനത്തെക്കുറിച്ചും സോഷ്യല്‍ പോലീസിംഗിനെക്കുറിച്ചുമൊക്കെ സംസ്ഥാന പോലീസ് മേധാവി അവര്‍ക്ക് വിശദമാക്കിക്കൊടുത്തു. കേരള പോലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ വളരെ സന്തുഷ്ടരായാണ് സംഘം പ്രതികരിച്ചത്.

സന്ദര്‍ശനത്തിന്റെ ഭാഗമായി സംഘം കേരള പോലീസിന്റെ നവമാധ്യമ വിഭാഗം കൈകാര്യം ചെയ്യുന്ന സോഷ്യല്‍ മീഡിയ സെല്ലും പഠന വിധേയമാക്കി. കേരള പോലീസിന്റെ ഫെയ്സ്ബുക്ക് പേജ് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങള്‍ വഴി പൊതുജനങ്ങളുമായുള്ള ഇടപെടലും സേവനങ്ങളും അവര്‍ പ്രത്യേകം ചോദിച്ച് മനസ്സിലാക്കുകയും 1.2 M ഫോളോവേഴ്സുമായി മുന്‍പന്തിയില്‍ നില്‍ക്കുന്ന പേജിന്റെ ഇടപെടലിനെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

സീനിയര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ എംഗല്‍ബര്‍ട് ഇസ്‌ദോര്‍ കിയോണ്ടോ, സൂപ്രണ്ട് ഓഫ് പോലീസ് ഹംസ ഖലീഫ ഛിമ്പി, ഇസ്‌പെക്ടര്‍ ഇസ്സ സംലി അസ്സലി, പോലീസ് കോര്‍പ്പറല്‍മാരായാ മലിമ ജിത്സ കബൊന്റോ, രമധാനി തമിലു നസ്സോറാ എന്നിവരാണ് ടാന്‍സാനിയന്‍ സംഘത്തില്‍ ഉണ്ടായിരുന്നത്. എ ഡി ജി.പി മാരായ ഡോ. ബി സന്ധ്യ, ഡോ. ഷേഖ് ദര്‍വേഷ് സാഹിബ്, മനോജ് എബ്രഹാം, ഐ ജി മാരായ ബല്‍റാം കുമാര്‍ ഉപാധ്യായ, എസ്. ശ്രീജിത്ത്, കമ്മീഷണര്‍ ദിനേന്ദ്ര കശ്യപ്, പി വിജയന്‍ എന്നിവരുമായി സംഘം വിവരങ്ങള്‍ ചോദിച്ചറിഞ്ഞു..

---- facebook comment plugin here -----

Latest