Connect with us

Gulf

ബിസിനസ് യാത്രകള്‍ക്ക് ലോകത്തെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയില്‍ ദുബൈയും

Published

|

Last Updated

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളം ലോകത്തെ മികച്ച പത്ത് വിമാനത്താവളങ്ങളില്‍ ഇടം പിടിച്ചു. പ്രമുഖ യാത്രാ സഹായ ഓണ്‍ലൈന്‍ പോര്‍ട്ടലായ ഗ്ലോബ്ഹണ്ടേഴ്‌സ് നടത്തിയ സര്‍വേയിലാണ് പ്രധാന 10 വിമാനത്താവളങ്ങളുടെ പട്ടികയില്‍ ദുബൈ ഇടം പിടിച്ചത്. 45 തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളങ്ങളെയാണ് സര്‍വേയില്‍ ഭാഗവാക്കാക്കിയത്.

ബിസിനസ് യാത്രകള്‍ക്ക് മികച്ചതും അന്താരാഷ്ട്ര നിലവാരത്തോടെ സേവനങ്ങള്‍ മിനിറ്റുകള്‍ക്കുള്ളില്‍ ലഭ്യമാക്കുന്നതുമായ വിമാനത്താവളങ്ങളുടെ ലിസ്റ്റാണ് സര്‍വേയില്‍ തയ്യാറാക്കിയത്. ബിസിനസ് ആവശ്യങ്ങള്‍ക്കായി സ്വകാര്യ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കുള്ള സേവനങ്ങളുടെ അടിസ്ഥാനത്തിലും സര്‍വേ ഒരുക്കിയിരുന്നു. വിമാനത്താവളത്തില്‍ എത്തിച്ചേരുമ്പോള്‍ നല്‍കുന്ന സേവനങ്ങള്‍, സ്വകാര്യ വിമാനങ്ങള്‍ക്ക് പാര്‍ക്കിങ്ങിന് ഏര്‍പെടുത്തുന്ന ഫീസ്, വിമാനത്താവളങ്ങളില്‍ നിന്ന് ഏര്‍പെടുത്തുന്ന മറ്റ് സര്‍വീസുകള്‍ തുടങ്ങിയവയെ മാനദണ്ഡമാക്കിയാണ് സര്‍വേ ഒരുക്കിയിട്ടുള്ളത്.

ജപ്പാനിലെ നരിത എയര്‍പോര്‍ട്ടാണ് ലോകത്തിലെ മികച്ച വിമാനത്താവളങ്ങളില്‍ ഒന്നാമത്.ലോസ് ഏഞ്ചല്‍സ് ഇന്റര്‍നാഷണല്‍, ഫ്രാങ്ക്ഫര്‍ട് എയര്‍പോര്‍ട്ട് എന്നിവയാണ് രണ്ടും മൂന്നും സ്ഥാനത്ത്.

ദുബൈ അന്താരാഷ്ട്ര വിമാനത്താവളം പത്താം സ്ഥാനത്താണുള്ളത്. കഴിഞ്ഞ വര്‍ഷം ദുബൈ വിമാനത്താവളം വഴി ഒന്‍പത് കോടി യാത്രക്കാരാണ് കടന്ന് പോയത്. ലണ്ടന്‍, ഹോങ്കോങ് വിമാനത്താവളങ്ങളിലൂടെ യഥാക്രമം 7.5 കോടി, 7.4 കോടി യാത്രക്കാരാണ് കടന്ന് പോയതെന്നാണ് കണക്കുകള്‍.

മധ്യവേനലവധി കാലമായ ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ ദുബൈ വിമാനത്താവളം വഴി 1.6 കോടി യാത്രക്കാര്‍ കടന്ന് പോകുമെന്നാണ് അധികൃതരുടെ കണക്ക്.