Connect with us

Alappuzha

എന്‍ ഐ എ ബില്‍: കേരളത്തില്‍ നിന്ന് എതിര്‍ത്ത് വോട്ട് ചെയ്തത് എ എം ആരിഫ് മാത്രം

Published

|

Last Updated

ന്യൂഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ)ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ഭേദഗതി ബില്‍ ലോക്സഭയില്‍ വോട്ടിനിട്ടപ്പോള്‍ ബില്ലിനെ എതിര്‍ത്ത് കേരളത്തില്‍ നിന്നും വോട്ടു ചെയ്തത് എ എം ആരിഫ് എം പി മാത്രം. ന്യൂനപക്ഷ വിഭാഗങ്ങളെ വേട്ടയാടാന്‍ ബില്‍ ദുരുപയോഗം ചെയ്യപ്പെടുമെന്ന് കാട്ടി ബില്ലിനെ വിമര്‍ശിച്ചിരുന്ന കേരളത്തില്‍ നിന്നടക്കമുള്ള കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, ഡി എം കെ എം പിമാര്‍ വോട്ടെടുപ്പ് സമയത്ത് ബില്ലിനെതിരെ വോട്ട് ചെയ്യാന്‍ തയ്യാറായില്ല.

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം പിമാരടക്കം ബില്ലിനെതിരെ രംഗത്തുവന്നിരുന്നുവെങ്കിലും ആറിനെതിരെ 278 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊണ്ടുവന്ന ബില്ലിനെതിരായി ആരിഫിനു പുറമേ എ ഐ എം ഐ എം എം പിമാരായ അസദുദ്ദീന്‍ ഉവൈസി, ഇംതിയാസ് ജലീല്‍, നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഹസ്നൈന്‍ മസൂദി സി പി ഐ എം അംഗങ്ങളായ പി ആര്‍ നടരാജന്‍, സി പി ഐയുടെ കെ. സുബ്ബരായന്‍ എന്നിവര്‍ മാത്രമാണ് വോട്ടു ചെയ്തത്.

സര്‍ക്കാര്‍ കൊണ്ടുവരുന്ന ഭേദഗതി ബില്ലുകളില്‍ സാധാരണ വോട്ടെടുപ്പ് നടക്കാറില്ല. എന്നാല്‍ അസദുദ്ദീന്‍ ഉവൈസി ആവശ്യപ്പെട്ടതു പ്രകാരമാണ് വോട്ടെടുപ്പിന് അമിത് ഷാ തയ്യാറായത്. ഭീകരതക്കെതിരെ ആരെല്ലാമാണ് നിലപാടെടുക്കുന്നതെന്നും ആരെല്ലാമാണ് ഒപ്പം നില്‍ക്കുന്നതെന്നും വോട്ടെടുപ്പിന് ശേഷം വ്യക്തമാകുമെന്ന് അമിത്ഷാ പറഞ്ഞിരുന്നു. ഇതോടെ ഡി എം കെയും കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസുമടക്കമുള്ള പാര്‍ട്ടികള്‍ ബില്ലിനെ അനുകൂലിച്ച് രംഗത്തെത്തുകയായിരുന്നു. മുസ്ലിം ലീഗ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

അതേ സമയം, മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിനെ അനുകൂലിക്കരുതെന്ന് വാദിച്ച കേരളത്തിലെ കോണ്‍ഗ്രസ് എം പിമാരുടെ വോട്ടെടുപ്പ് സമയത്തെ നിലപാട് ചര്‍ച്ചയായിരിക്കുകയാണ്. എന്‍ ഐ എയിലുള്ള വിശ്വാസക്കുറവ് കാരണം കേരളത്തിലെ ജനങ്ങള്‍ ഈ നിലപാടിനെ എങ്ങനെ വ്യാഖ്യാനിക്കുമെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് എം പിമാര്‍. എതിരാളികളായ സി പി ഐ എം, സി പി ഐ. എം പിമാര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തിയതും സഖ്യകക്ഷികളായ മുസ്ലിം ലീഗും ആര്‍ എസ് പിയും വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നതും കോണ്‍ഗ്രസിന്റെ ആശങ്കകള്‍ക്ക് ആക്കംകൂട്ടുന്നു.

Latest