ഏഴ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് മൂന്ന് ജീവപര്യന്തം തടവ്

Posted on: July 17, 2019 12:27 pm | Last updated: July 17, 2019 at 8:28 pm

കൊല്ലം: അഞ്ചലില്‍ ഏഴ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് മൂന്നു ജീവപര്യന്തം ശിക്ഷ. കേസിലെ പ്രതി രാജേഷ് 26 വര്‍ഷം പ്രത്യേക ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു. കൊല്ലം പോക്‌സോ കോടതിയുടേതാണ് വിധി. അതിഹീനമായ കുറ്റകൃത്യമാണ് കുട്ടിയുടെ അമ്മയുടെ സഹോദരി ഭര്‍ത്താവ് കൂടിയായ രാജേഷ് നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു. പ്രതി 3,20,000 രൂപ പിഴയൊടുക്കണമെന്നും കോടതി വിധിച്ചു. രാജേഷിന്റെ പ്രായം കണക്കിലെടുത്താണ് വധശിക്ഷ ഒഴിവാക്കുന്നതെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. രാജേഷ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്.

2017 ആഗസ്റ്റ് 27 നാണ് നാടിനെ നടുക്കിയ സംഭവം നടക്കുന്നത്. അമ്മൂമ്മയോടൊപ്പം ട്യൂഷന്‍ ക്ലാസിലേക്കുപോയ കുട്ടിയെ പ്രതി കാത്ത് നിന്ന് കൂട്ടി കൊണ്ടുപോയി കുളത്തൂപ്പുഴയിലെ ഒരു കാട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.സംഭവം വീട്ടില്‍ പറയുമെന്ന് പറഞ്ഞതോടെ കുട്ടിയെ കൊലപ്പെടുത്തി സമീപത്തുള്ള ആര്‍പിഎല്‍ എസ്റ്റേറ്റില്‍ മൃതദേഹം ഉപേക്ഷിച്ചു. കൊലപ്പെടുത്തിയശേഷവും കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. കുട്ടിക്കൊപ്പം പ്രതി യാത്രചെയ്യുന്ന സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും കേസ് അന്വേഷണത്തില്‍ നിര്‍ണായകമായി.