Connect with us

Techno

ആളില്ലാതെ നാളികേരം പറിക്കാം; പുതിയ യന്ത്രവുമായി വിദ്യാർഥികൾ

Published

|

Last Updated

കേര ഹാർവെസ്റ്റർ ഉപകരണത്തോടൊപ്പം വിദ്യാർഥികളും ഗൈഡ് അസിസ്റ്റന്റ്പ്രൊഫ. ടി വി ശ്രീജിത്തും

തൃശൂർ: ശാസ്ത്ര സാങ്കേതിക രംഗത്ത് പുതിയ കണ്ടുപിടിത്തവുമായി കേരള സാങ്കേതിക സർവകലാശാലക്ക് കീഴിലെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിംഗ് കോളജ് വിദ്യാർഥികൾ. നാളികേര വിളവെടുപ്പിന് സഹായിക്കുന്ന യന്ത്രമാണ് മെക്കാനിക്കൽ വിഭാഗത്തിലെ നാല് വിദ്യാർഥികൾ തയ്യാറാക്കിയിരിക്കുന്നത്. യന്ത്രത്തിന്റെ മുഴുവൻ പ്രവർത്തനവും ഓട്ടോമേറ്റ് ചെയ്തും വൈഫൈ മൊഡ്യൂളുകൾ ഘടിപ്പിച്ചുമാണ്. യന്ത്രം പൂർണമായും റോബോട്ടിനെ പോലെ പ്രവർത്തിക്കുന്ന രീതിയിലാണിവർ നിർമിച്ചിരിക്കുന്നത്.

തെങ്ങിന്റെ താഴെ നിന്നുകൊണ്ട് യന്ത്രത്തിന്റെ പ്രവർത്തനം റിമോട്ട് കൺട്രോളിലൂടെ നിയന്ത്രിക്കാൻ സാധിക്കുന്നതും തെങ്ങിന്റെ വണ്ണത്തിനനുസരിച്ച് യന്ത്രത്തിന്റെ വീലുകൾ മുറുകുകയും അയയുകയും ചെയ്യാൻ സാധിക്കുമെന്നതും തെങ്ങിന്റെ മുകളിലെ അവസ്ഥ താഴെ നിൽക്കുന്ന ഉപയോക്താവിന് സ്‌ക്രീനിലൂടെ കാണാൻ കഴിയുമെന്നതും യന്ത്രത്തിന്റെ പ്രത്യേകതകളാണ്.
എട്ട് കിലോക്ക് താഴെ മാത്രം തൂക്കം വരുന്ന യന്ത്രത്തിന് പ്രധാനമായും രണ്ട് ഭാഗങ്ങളാണുള്ളത്. തെങ്ങ് കയറാനുള്ള ഒരു ഭാഗവും നാളികേരം വെട്ടിയെടുക്കുന്നതിനുള്ള മറ്റൊരു ഭാഗവും.

“കേരാ ഹാർവെസ്റ്റർ” എന്നാണ് യന്ത്രത്തിന് പേര് നൽകിയിരിക്കുന്നത്.
നാട്ടിൽ നാളികേര വിളവെടുപ്പിനായി തൊഴിലാളികളെ കിട്ടാത്ത അവസ്ഥയും കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ തെങ്ങ് കൃഷി പ്രോത്സാഹിപ്പിക്കുന്നതും ഇത്തരത്തിലുള്ള യന്ത്രങ്ങളുടെ ആവശ്യകത വർധിപ്പിക്കുകയാണ്.
കൃഷി മന്ത്രി സുനിൽകുമാർ കോളജിൽ ഒരു ഉദ്ഘാടന ചടങ്ങിന് വന്ന വേളയിൽ നാളികേര വിളവെടുപ്പ് യന്ത്രത്തിന്റെ ആവശ്യകതയെപ്പറ്റി പറഞ്ഞതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വിദ്യാർഥികൾ കേര ഹാർവെസ്റ്റ് നിർമിച്ചത്.

മാനേജ്‌മെന്റിന്റെയും പ്രിൻസിപ്പലിന്റെയും മെക്കാനിക്കൽ എച്ച് ഒ ഡിയുടെയും പ്രോത്സാഹനത്തേടെയും ഗൈഡ് അസിസ്റ്റന്റ്പ്രൊഫ. ശ്രീജിത്ത് ടി വിയുടെയും മറ്റു ലാബ് സ്റ്റാഫുകളുടെയും സഹായത്തോടെയുമാണ് യന്ത്ര നിർമാണം പൂർത്തീകരിച്ചത്. അശ്വിൻ അനിൽ, എവിൻ പോൾ, ജോസഫ് കാഞ്ഞിരപ്പറമ്പിൽ, കിരൺ ജോയ് കോനേങ്ങാടൻ എന്നീ അവസാന വർഷ മെക്കാനിക്കൽ എൻജിനീയറിംഗ് വിദ്യാർഥികൾ ചേർന്നാണ് യന്ത്രം നിർമിച്ചത്. 12 വോൾട്ട് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന നാളികേര വിളവെടുപ്പ് യന്ത്രത്തിന്റെ പ്രാട്ടോടൈപ്പിന്റെ ആകെ ചെലവ് 14,000 രൂപയാണ്.

---- facebook comment plugin here -----

Latest