ശൈഖ് മുഹമ്മദിന് സുചേതയുടെ ഗാനോപഹാരം

Posted on: July 16, 2019 5:49 pm | Last updated: July 17, 2019 at 6:09 pm

ദുബൈ: ഇന്നലെ 70-ാം ജന്മദിനം ആഘോഷിച്ച യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന് മലയാളി പെണ്‍കുട്ടിയുടെ ഗാനോപഹാരം. ’50 സുവര്‍ണ സംവത്സരങ്ങള്‍’ എന്ന അറബിയിലുള്ള ഈ ഗാനം പാടിയതും നിര്‍മിച്ചതും മലയാളി ഗായിക സുചേതാ സതീഷാണ്. പ്രശസ്ത അറബ് കവി ഡോ. ശിഹാബ് ഗാനിമിന്റെ കവിതക്ക് ബോളിവുഡ് സംഗീത സംവിധായകന്‍ മോണ്ടി ശര്‍മയാണ് ഈണം നല്‍കിയത്.

ഇന്ത്യന്‍ ഹൈസ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ സുചേത ഒരു കച്ചേരിയില്‍ ഏറ്റവും കൂടുതല്‍ ഭാഷകളിലും ഏറ്റവും സമയവും പാടിയതിനും ഗിന്നസ് റെക്കോര്‍ഡ് നേടിയിരുന്നു. 102 ഭാഷകളില്‍ ആറ് മണിക്കൂര്‍ 15 മിനിറ്റാണ് സുചേത പാടിയത്. ശൈഖ് മുഹമ്മദ് ദുബൈ ഭരണാധികാരിയായി 50 വര്‍ഷമായപ്പോള്‍ ഡോ. ശിഹാബ് ഗാനിം എഴുതിയ കവിതയാണ് ചെറിയ മാറ്റങ്ങളോടെ ഗാനരൂപത്തിലാക്കിയത്. അറബി പത്രത്തില്‍ പ്രസിദ്ധീകരിച്ച ഈ കവിത ശ്രദ്ധയില്‍പെട്ട ശൈഖ് മുഹമ്മദ് സന്തോഷസൂചകമായി തന്റെ ആത്മകഥയുടെ പകര്‍പ്പ് കയ്യൊപ്പിട്ട് ഡോ. ശിഹാബ് ഗാനമിന് അയച്ചുകൊടുത്തിരുന്നു.

ഗാനത്തിന്റെ പ്രകാശനം ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ആക്ടിങ് കോണ്‍സുല്‍ ജനറല്‍ നീരജ് അഗര്‍വാള്‍ നിര്‍വഹിച്ചു. ഡോ. ശിഹാബ് ഗാനിം, മോണ്ടി ശര്‍മ, സുചേത സതീഷ് എന്നിവര്‍ പങ്കെടുത്തു. ഗാനത്തിന്റെ പകര്‍പ്പ് ശൈഖ് മുഹമ്മദിന് കൈമാറും. പഠനമികവിന് സുചേതക്ക് 2013ല്‍ ലഭിച്ച ശൈഖ് ഹംദാന്‍ അവാര്‍ഡ് തുകയാണ് ഗാനനിര്‍മാണത്തിനായി ചെലവഴിച്ചതെന്ന് സുചേതയുടെ പിതാവായ ഡോ. സതീഷ് പറഞ്ഞു.