Connect with us

Sports

കോലിയും രോഹിതും രണ്ട് തട്ടില്‍ ബി സി സി ഐ ഇടപെടുന്നു

Published

|

Last Updated

ലോകകപ്പ് സെമിയിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ക്യാമ്പില്‍ വിവാദം പുകയുന്നതായി സൂചന. ടീം സെലക്ഷനെച്ചൊല്ലി നായകന്‍ വിരാട് കോലിയും ഉപനായകന്‍ രോഹിത് ശര്‍മ്മയും കടുത്ത ഭിന്നതയിലാണെന്ന റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ വിഷയത്തില്‍ ഇടപെടാന്‍ ബിസിസിഐ ഒരുങ്ങുകയാണത്രെ. ലോകകപ്പ് തോല്‍വിയെയും ടീം സെലക്ഷനിലെ വിവാദങ്ങളും ബി സി സി ഐ ക്രിക്കറ്റ് ഭരണ സമിതി ഗൗരവമായിട്ടാണ് കാണുന്നത്. ടീമില്‍ വലിയ അഴിച്ചുപണികള്‍ക്ക് തയ്യാറെടുക്കുകയാണ് ബോര്‍ഡ്.

എല്ലാ ഫോര്‍മാറ്റിലും വിരാട് കോലി ക്യാപ്റ്റന്റെ അപ്രമാദിത്വം കൈയ്യാളുന്നത് ടീമിനുള്ളില്‍ പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. അതു കൊണ്ട് മുന്നോട്ടുള്ള പരമ്പരകളില്‍ കോലിക്കും രോഹിത്തിനും നായക പദവി വീതിച്ചു നല്‍കാനാണ് ബിസിസിഐ നീക്കം നടത്തുന്നത്. 50 ഓവര്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് രോഹിത് ശര്‍മ്മയെയും ടെസ്റ്റ് മത്സരങ്ങള്‍ക്ക് വിരാട് കോലിയെയും നായകനാക്കാന്‍ ബോര്‍ഡ് ആലോചിക്കുന്നു. ക്രിക്കറ്റില്‍ നായക സ്ഥാനം പങ്കുവെയ്ക്കുന്ന രീതി ആസ്‌ത്രേലിയ ഉള്‍പ്പടെയുള്ള വിദേശ ടീമുകള്‍ നടപ്പിലാക്കിയിട്ടുണ്ട്. നേരത്തെ ഇന്ത്യയില്‍ ടെസ്റ്റ് മത്സരങ്ങള്‍ക്ക് അനില്‍ കുംബ്ലൈയെയും പരിമിത ഓവര്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് മഹേന്ദ്ര സിംഗ്് ധോണിയെയും ബിസിസിഐ നായകരായി നിയോഗിച്ചിരുന്നു. നേതൃപാടവം തെളിയിച്ച കളിക്കാര്‍ ടീമിലുള്ളപ്പോള്‍ ഒരാളെ മാത്രം നായകസ്ഥാനത്ത് പരീക്ഷിക്കുന്നത് ഒന്ന് മാറ്റിപ്പിടിക്കാനാണ് ബി സി സി ഐ ആലോചിക്കുന്നത്.

അടുത്ത ലോകകപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ഇപ്പോഴേ തുടങ്ങണം. ഏകദിന മത്സരങ്ങള്‍ക്ക് രോഹിത് ശര്‍മ്മയെ നായകനാക്കി മാറ്റത്തിന് തുടക്കമിടാനാണ് ബിസിസിഐ തയ്യാറെടുക്കുന്നത്. ടീമിനകത്ത് കോലിക്കും രോഹിത്തിനും വെവ്വേറെ ഗ്രൂപ്പുകളുണ്ടെന്നാണ് ടീമിലെ ഒരു താരത്തെ ഉദ്ധരിച്ച് ഒരു ഹിന്ദി ദിനപത്രം വാര്‍ത്ത പുറത്തുവിട്ടത്. പരിശീലകന്‍ രവി ശാസ്ത്രിയുമായി ചേര്‍ന്ന് കോലി ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുന്നു. കോലിയുടെ പ്രീതി സമ്പാദിച്ചില്ലെങ്കില്‍ ആദ്യ ഇലവനില്‍ സ്ഥാനമില്ല. ടീമിലെ പല താരങ്ങള്‍ക്കും ഇക്കാര്യത്തില്‍ കടുത്ത അസംതൃപ്തിയുണ്ട്.

ആ എന്തായാലും സുപ്രീം കോടതി നിയമിച്ച സമിതിക്ക് മുന്നില്‍ നായകന്‍ വിരാട് കോലിയും പരിശീലകന്‍ രവി ശാസ്ത്രിയും ഇക്കാര്യങ്ങള്‍ക്ക് വിശദീകരണം നല്‍കേണ്ടതുണ്ട്. ലോകകപ്പില്‍ കുല്‍ദീപ് യാദവിനെക്കാള്‍ അവസരം യുസ്‌വേന്ദ്ര ചഹലിന് ലഭിച്ചതും അമ്പാട്ടി റയിഡുവിന് ടീമില്‍ ഇടം ലഭിക്കാഞ്ഞതും കോലിക്കെതിരായ ആരോപണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നു. കോലിയുടെ രീതികളുമായി സഹകരിച്ചു പോകാന്‍ പറ്റില്ലെന്ന് നേരത്തെ പരിശീലകനായിരുന്ന അനില്‍ കുംബ്ലൈ അഭിപ്രായപ്പെട്ടതും ക്രിക്കറ്റ് ഭരണ സമിതിക്ക് മുന്നിലുണ്ട്.

Latest