Connect with us

Articles

ഇനിയും പത്രാധിപന്മാര്‍ അപ്രത്യക്ഷരാകും

Published

|

Last Updated

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ച ശേഷം മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി ഡല്‍ഹിയിലെ താജ് ഹോട്ടലിലൊരുക്കിയ വിരുന്നിനെത്തിയത് ഏഴ് റിപ്പോര്‍ട്ടര്‍മാരും 16 പത്രാധിപന്മാരും മാത്രമായിരുന്നു. മോദി ഭരണകാലത്തെ ഏറെ ശ്രദ്ധേയമായ ബഹിഷ്‌കരണമായിരുന്നു അത്. ഡല്‍ഹിയിലെ നൂറുകണക്കിന് പത്രപ്രവര്‍ത്തകരില്‍ നിന്ന് വിരുന്നിനെത്തിയത് ഇന്ത്യന്‍ എക്‌സ്പ്രസ്, ഫൈനാന്‍ഷ്യല്‍ എക്‌സ്പ്രസ്, പി ടി ഐ, എ എന്‍ ഐ എന്നീ മാധ്യമ സ്ഥാപനങ്ങളില്‍ നിന്നുള്ള ഏതാനും പേര്‍ മാത്രമായത് സമീപ കാലത്ത് രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍ കാണിച്ച ശ്രദ്ധേയമായ നിലപാടായി മാറി.

പാര്‍ലിമെന്റ് നോര്‍ത്ത് ബ്ലോക്കിലെ ധനകാര്യ വകുപ്പ് ഓഫീസിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം തടഞ്ഞതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധമായിരുന്നു ഈ ബഹിഷ്‌കരണം. ഓരോ വര്‍ഷവും ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പ് കേന്ദ്ര ധനമന്ത്രിയുടെ ഓഫീസില്‍ ബജറ്റിന്റെ പ്രധാന തീരുമാനങ്ങള്‍ വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തകര്‍ക്കായി മാത്രം ഒരു സിറ്റിംഗ് പതിവാണ്. ഇത് കവര്‍ ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് നിര്‍മല സീതാരാമന്റെ ഓഫീസ് തടഞ്ഞതെന്നും ഇത് മാധ്യമ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്ന നീക്കമാണെന്നും എഡിറ്റേഴ്‌സ് ഗില്‍റ്റ്, പ്രസ്സ് ക്ലബ് ഓഫ് ഇന്ത്യ എന്നീ മാധ്യമ സംഘടനകള്‍ പ്രതികരിക്കുകയും ചെയ്തു.

പത്രാധിപരെ നീക്കി മാര്‍ക്കറ്റിംഗ് മാനേജര്‍മാര്‍ വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന ഒരു കാലത്ത്, ഭരണകൂട വിമര്‍ശനം രാജ്യദ്രോഹവും കുറ്റകൃത്യവുമായി മാറിയ ഒരു സമയത്ത്, ഇന്ത്യന്‍ മാധ്യമരംഗത്തെ ധീരമായ തീരുമാനമായിരുന്നു ഈ പ്രതിഷേധം. രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും തമ്മിലുള്ള അവിശുദ്ധ ധാരണകള്‍ ശക്തമായി വരുന്ന ഒരു സാഹചര്യത്തില്‍ ഇത്തരമൊരു പ്രതിഷേധവും ഐക്യവും ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരില്‍ നിന്നുണ്ടായത് ജനാധിപത്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും ശക്തിപകരുമെന്ന് കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ് അഭിപ്രായപ്പെട്ടു. ശക്തമായ നിലപാടുകള്‍ എടുക്കുന്ന പത്രാധിപന്മാര്‍ പിന്തിരിപ്പന്മാരോ രാജ്യദ്രോഹികളോ ആകുകയും ഭരണകൂട താത്പര്യങ്ങള്‍ ചോദ്യം ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ അയോഗ്യരോ അവഗണിക്കപ്പെടേണ്ടവരോ ആയി മാറുകയും ചെയ്യുന്ന പ്രവണത ആദ്യ മോദി ഭരണകാലത്തെ ശ്രദ്ധേയമായ മാറ്റമായിരുന്നു. പ്രമുഖരായ പല ജേണലിസ്റ്റുകള്‍ക്കും വര്‍ഷങ്ങളായി സേവനം ചെയ്തുവന്ന മാധ്യമ സ്ഥാപനങ്ങളില്‍ നിന്ന് പടിയിറങ്ങേണ്ടി വന്നത് ഈ പ്രവണതയുടെ ഒരു സ്വാഭാവിക പരിണതിയായിരുന്നു. ഇങ്ങനെ അപ്രത്യക്ഷരാകുന്ന പത്രാധിപന്മാര്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്ന കോര്‍പറേറ്റ്, രാഷ്ട്രീയ അജണ്ടകളുടെ ഇരകളായിരുന്നു.

കോര്‍പറേറ്റ് മേലധികാരികളും രാഷ്ട്രീയ പ്രമുഖരും അവജ്ഞയോടെ കാണുന്ന ഇത്തരം മാധ്യമപ്രവര്‍ത്തകരെ പരമാവധി സെലക്റ്റ് ചെയ്യാതിരിക്കാന്‍ മാധ്യമ സ്ഥാപനങ്ങളും ശ്രദ്ധിച്ചുവരുന്നു. ന്യൂസ് ഏജന്‍സികള്‍ക്കുള്ളില്‍ പോലും ഭരണകൂട വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നവര്‍ക്ക് ഇപ്പോഴും ആയുസ്സില്ല.

1975ല്‍ ആരംഭിച്ച അടിയന്തരാവസ്ഥക്കാലത്താണ് മാധ്യമ പ്രവര്‍ത്തകരെ മാധ്യമ സ്ഥാപനങ്ങളില്‍ നിന്ന് നിഷ്‌കരുണം നീക്കം ചെയ്തത്. ഭരണകൂട വിമര്‍ശകരായ പത്രപ്രവര്‍ത്തകര്‍ പലരും ജയിലിലായി. 1977ല്‍ ജനതാ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കോണ്‍ഗ്രസിനെ ശക്തമായി അനുകൂലിച്ചിരുന്ന ഖുശ്വന്ത് സിംഗിനെ ഇല്ലസ്‌ട്രേറ്റഡ് വീക്ക്‌ലി ഓഫ് ഇന്ത്യ പുറത്താക്കി. ഇങ്ങനെ പുറത്താക്കപ്പെടുന്നത് മാധ്യമപ്രവര്‍ത്തകര്‍ക്ക് അഭിമാനകരമായ അനുഭവമായിരുന്നു. രാജീവ് ഗാന്ധിയുടെ ഭരണകാലത്തും പ്രധാനമന്ത്രിയെ വിമര്‍ശിച്ച പത്രങ്ങള്‍ അടച്ചു പൂട്ടുക പോലും ചെയ്തു. 1991ല്‍ മാധ്യമരംഗം അടിമുടി മാറി. വാര്‍ത്തയും വാര്‍ത്താ മൂല്യവും വിപണിക്കനുസരിച്ച് നിര്‍ണയിക്കപ്പെട്ടു. വാര്‍ത്തകളേക്കാള്‍ കൂടുതല്‍ പ്രാധാന്യവും സ്‌പേസും പരസ്യങ്ങള്‍ക്കാണെന്നും അതിനാല്‍ മാര്‍ക്കറ്റിംഗ് എഡിറ്റര്‍മാരാണ് ഓരോ മാധ്യമസ്ഥാപനത്തിലും വേണ്ടതെന്നുമുള്ള കമ്പോള കേന്ദ്രീകൃത മാധ്യമപ്രവര്‍ത്തന രീതിക്ക് ടൈംസ് ഓഫ് ഇന്ത്യ തുടക്കമിട്ടു. അധികം താമസിയാതെ വരുമാനത്തിന്റെ വലുപ്പമനുസരിച്ച് മാധ്യമ സ്ഥാപനങ്ങളും മാധ്യമപ്രവര്‍ത്തകരും വാര്‍ത്തകളും മുന്നോട്ടുപോയി. മാധ്യമ സ്ഥാപനങ്ങളുടെയോ ഉടമകളുടെയോ രാഷ്ട്രീയത്തിനപ്പുറത്തേക്ക് വിപണി കേന്ദ്രീകൃത മാധ്യമപ്രവര്‍ത്തനം വളര്‍ന്നു.

പുതിയ പ്രതിഭകള്‍ വന്നു. അവര്‍ എപ്പോഴും മാര്‍ക്കറ്റിന് ഫിറ്റ് ആയ മാധ്യമപ്രവര്‍ത്തകരായിരുന്നു. സ്വന്തമായ അഭിപ്രായമോ രാഷ്ട്രീയമോ ഇല്ലാത്ത പ്രൊഫഷണലുകള്‍ ആയിരുന്നു പുതു തലമുറയിലെ മികച്ച പത്രപ്രവര്‍ത്തകര്‍. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ തീര്‍ച്ചയായും ചാനല്‍ ഉടമകളുടെ ആദര്‍ശത്തോടും നിലപാടുകളോടും കൂറുപുലര്‍ത്തുന്നവരാകുമ്പോഴാണ് നിക്ഷേപകരുടെ നിര്‍ദേശങ്ങളനുസരിക്കുന്ന അച്ചടക്കമുള്ള ഒരു വാര്‍ത്താചാനല്‍ ഉണ്ടാകൂ. ഇതാണ് പുതിയ കാലത്തെ മാധ്യമപ്രവര്‍ത്തനം.

തൊണ്ണൂറുകള്‍ക്ക് ശേഷമാണ് കോര്‍പറേറ്റുകള്‍ ഇന്ത്യന്‍ മാധ്യമരംഗത്ത് വലിയ നിക്ഷേപങ്ങള്‍ നടത്തുന്നത്. എണ്ണക്കമ്പനികളും റിയല്‍ എസ്റ്റേറ്റ് പ്രമുഖരും മാധ്യമസ്ഥാപനങ്ങള്‍ വാങ്ങിക്കൂട്ടി. 1993 നവംബര്‍ 13നാണ് അന്നുവരെ ഇന്ത്യയിലെ ഏറ്റവും ജനകീയമായിരുന്ന ഇല്ലസ്‌ട്രേറ്റഡ് വീക്കിലി പ്രസിദ്ധീകരണം നിര്‍ത്തുന്നത്. അതേ വര്‍ഷമാണ് ഏഷ്യയില്‍ ടൈം മാഗസിന്‍ പ്രസിദ്ധീകരണം ആരംഭിക്കുന്നത്. അതൊരു യാദൃച്ഛികതയായിരുന്നില്ല. മുംബൈ ആസ്ഥാനമാക്കി ഇന്ത്യയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന അന്താരാഷ്ട്ര പ്രചാരമുള്ള ഇംഗ്ലീഷ് വാരികയായിരുന്നു ദി ഇല്ലസ്‌ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യ. ഈ പ്രസിദ്ധീകരണത്തിന്റെ ഷെയറുകള്‍ വാങ്ങി ഏറ്റവും വലിയ നിക്ഷേപം ഇറക്കിയത് ടൈം മാഗസിനായിരുന്നു. അവര്‍ക്ക് ഏഷ്യയില്‍ അവതരിക്കാന്‍ ദി ഇല്ലസ്‌ട്രേറ്റഡ് വീക്കിലി പ്രസിദ്ധീകരണം നിര്‍ത്തണമായിരുന്നു. അങ്ങനെയാണ് ടൈം മാഗസിന്‍ ദി ഇല്ലസ്‌ട്രേറ്റഡ് വീക്കിലി വിലകൊടുത്ത് സ്വന്തമാക്കുകയും അടച്ചു പൂട്ടുകയും ചെയ്തത്. സാമ്പത്തിക പരാധീനതയുടെ വക്കിലെത്തിയ ദി ഇല്ലസ്‌ട്രേറ്റഡ് വീക്കിലി മാനേജ്‌മെന്റ് ടൈം മാഗസിന്‍ പോലുള്ള ഒരു അന്തര്‍ദേശീയ മാധ്യമസ്ഥാപനം തങ്ങളുടെ മാഗസിനില്‍ നിക്ഷേപമിറക്കാന്‍ തയ്യാറാണെന്നറിഞ്ഞപ്പോള്‍ പലതും സ്വപ്‌നം കണ്ടിരുന്നു. ദി ഇല്ലസ്‌ട്രേറ്റഡ് വീക്കിലിയുടെ അന്താരാഷ്ട്ര രംഗത്തെ വളര്‍ച്ചയും നിലവാരവും പ്രചാരവുമെല്ലാം നിക്ഷേപമിറക്കിയ തൊട്ടടുത്ത ദിവസം തന്നെ അവസാനിച്ചു.

മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമാണ് രാജ്യത്തെ മാധ്യമരംഗം കൂടുതല്‍ പരസ്യമായി ഭരണകൂട താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ തയ്യാറാകുന്നതും മുന്നോട്ടു വരുന്നതും. കോര്‍പറേറ്റ്- രാഷ്ട്രീയ ചങ്ങാത്തം തന്നെയാണ് ഈ പ്രവണതക്ക് ശക്തമായ പിന്തുണയും അവസരവുമൊരുക്കിയത്. നിലവിലുള്ള ഭൂരിപക്ഷം മാധ്യമ സ്ഥാപനങ്ങളുടെയും ഉടമാവകാശം ഭരണകൂടത്തോട് നേരിട്ട് ചങ്ങാത്തമുള്ള കോര്‍പറേറ്റുകള്‍ ആയതോടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ മാധ്യമ സ്ഥാപനങ്ങളും മാധ്യമപ്രവര്‍ത്തകരും മോദി സര്‍ക്കാറിനോട് ചേര്‍ന്നു നിന്നു.

അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനല്‍ ഉടമകളായ എ ആര്‍ ജി ഔട്ട്‌ലിയര്‍ മീഡിയ ഏഷ്യാനെറ്റ് ന്യൂസ് പ്രൈവറ്റ് ലിമിറ്റഡിലെ പ്രധാന നിക്ഷേപകന്‍ കര്‍ണാടകയില്‍ നിന്നുള്ള ബി ജെ പി. എം പി രാജീവ് ചന്ദ്രശേഖറാണ്.

30 കോടി രൂപയാണ് അമിത് ഷായുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് നേടിയ രാജീവ് ചന്ദ്രശേഖര്‍ അര്‍ണബിന്റെ ചാനലിന് വേണ്ടി മുടക്കിയത്. റിപ്പബ്ലിക് ഇംഗ്ലീഷ് വാര്‍ത്താ ചാനല്‍ സംപ്രേക്ഷണം ചെയ്തു തുടങ്ങിയതു മുതല്‍ ബി ജെ പി-ആര്‍ എസ് എസ് അജന്‍ഡകള്‍ നടപ്പാക്കാനും ചര്‍ച്ച ചെയ്യാനുമാണ് അര്‍ണബ് ഗോസ്വാമി ഓരോ ദിവസവും ന്യൂസ് റൂമിലെത്തുന്നത്. അത് ഒരു റിപ്പബ്ലിക് ചാനലിന്റെ മാത്രം രീതിയല്ല. രാജ്യത്തെ ഒട്ടുമിക്ക വാര്‍ത്താ ചാനലുകളും പത്രങ്ങളും ഇങ്ങനെ മാറിക്കഴിഞ്ഞിട്ട് വര്‍ഷങ്ങളായി. എന്‍ ഡി ടി വിയിലെ റിപ്പോര്‍ട്ടറായിരുന്ന ശ്രീനിവാസന്‍ ജെയ്ന്‍ എന്ന പ്രതിഭാശാലിയായ മാധ്യമപ്രവര്‍ത്തകനെ മാനേജ്‌മെന്റ് പുറത്താക്കിയത് അമിത് ഷായുടെ മകന് കേന്ദ്ര സര്‍ക്കാര്‍ അനധികൃതമായി നല്‍കിയ ലോണിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തു എന്ന കാരണം കൊണ്ടായിരുന്നു. പ്രാദേശിക, ദേശീയ രംഗത്തെ ബഹുഭൂരിപക്ഷം മാധ്യമ സ്ഥാപനങ്ങളിലും വ്യക്തമായ നിയന്ത്രണമോ ഉടമാവകാശമോ സ്വാധീനമോ സംഘ്പരിവാര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ട് എന്നത് ഇന്നൊരു രഹസ്യമേയല്ല. സമീപ കാലത്തായി വിവിധ ദേശീയ മാധ്യമ സ്ഥാപനങ്ങളില്‍ നിന്ന് പടിയിറങ്ങിയവരുടെയും പുറത്താക്കപ്പെട്ടവരുടെയും അനുഭവങ്ങള്‍ ഇതിന് തെളിവാണ്. പല പത്രാധിപരും അത് പിന്നീട് വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഗുജറാത്ത് സമാചാര്‍, സന്ദേശ് എന്നീ ഗുജറാത്തി പത്രങ്ങളെ വിലക്കെടുത്താണ് നരേന്ദ്ര മോദി ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്. മോദിയെ പ്രധാനമന്ത്രിയാക്കിയതിലും രാജ്യത്തെ മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഡല്‍ഹിയിലെ രണ്ടാമൂഴത്തിലും ഇന്ത്യന്‍ മാധ്യമരംഗത്തുണ്ടാകാന്‍ പോകുന്ന മാറ്റങ്ങളിലേക്കുള്ള സൂചനയാണ് ബജറ്റ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞത്. മാധ്യമ സ്ഥാപനങ്ങളില്‍ നിന്ന് ഇനിയും പത്രാധിപന്മാര്‍ അപ്രത്യക്ഷരാകും. നമ്മുടെ രാജ്യത്ത് അതൊരു സ്വാഭാവിക പ്രവണതയായി മാറുകയും അനിവാര്യതയായി പരിണമിക്കുകയും ചെയ്യും.

Latest