Connect with us

National

പ്രതിപക്ഷ പ്രതിഷേധത്തിനിടെ എന്‍ ഐ എ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി

Published

|

Last Updated

ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധത്തിനിടെ, എന്‍ ഐ എ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസാക്കി. ദേശീയ അന്വേഷണ ഏജന്‍സിക്ക് വിപുലമായ അധികാരങ്ങള്‍ നല്‍കുന്നതാണ് പുതിയ ബില്‍. ഭേദഗതി പ്രകാരം വിദേശങ്ങളില്‍ ഇന്ത്യക്കാര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍, മനുഷ്യക്കടത്ത് തുടങ്ങിയവ എന്‍ ഐ എക്ക് അന്വേഷിക്കാം. ബില്‍ പ്രയോഗത്തില്‍ വരുത്തണമെങ്കില്‍ രാജ്യസഭ കൂടി പാസാക്കുകയും രാഷ്ട്രപതിയുടെ അനുമതി ലഭിക്കുകയും വേണം.

ഏജന്‍സിക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നത് മതാടിസ്ഥാനത്തിലും മറ്റും സര്‍ക്കാര്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന വാദമുയര്‍ത്തിയാണ് പ്രതിപക്ഷം ബില്ലിനെതിരെ രംഗത്തു വന്നത്. എന്നാല്‍, അങ്ങനെയുണ്ടാകില്ലെന്ന് വ്യക്തമാക്കിയ ആഭ്യന്തര മന്ത്രി അമിത് ഷാ മത പരിഗണനകള്‍ കൂടാതെ തന്നെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുമെന്ന് പറഞ്ഞു. മുന്‍ യു പി എ സര്‍ക്കാര്‍ കൊണ്ടുവന്ന ഭീകരവാദ വിരുദ്ധ നിയമം (പോട്ട) അവര്‍ തന്നെ പിന്നീട് പിന്‍വലിച്ചതിനെ ഷാ വിമര്‍ശിച്ചു. വോട്ട് ബേങ്ക് ലക്ഷ്യം വച്ചായിരുന്നു യു പി എ സര്‍ക്കാറിന്റെ നിലപാടു മാറ്റമെന്ന് അദ്ദേഹം ആരോപിച്ചു.

രാഷ്ട്രീയ വിരോധം തീര്‍ക്കുന്നതിനു വേണ്ടി ദേശീയ അന്വേഷണ ഏജന്‍സിയെ സര്‍ക്കാര്‍ ദുരുപയോഗപ്പെടുത്താനുള്ള സാധ്യതയുണ്ടെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആശങ്ക പ്രകടിപ്പിച്ചു. ബില്‍ അവതരണത്തിനു ശേഷമുള്ള ചര്‍ച്ചക്കിടെ ഹൈദരാബാദ് എം പിയും ഓള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എ ഐ എം ഐ എം) നേതാവുമായ അസദുദ്ദീന്‍ ഉവൈസിയുടെ അമിത് ഷായും തമ്മില്‍ രൂക്ഷ വാദപ്രതിവാദമുണ്ടായി. ഒരു തീവ്രവാദ കേസില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ ഹൈദരാബാദിലെ ഒരു രാഷ്ട്രീയ നേതാവ് ആവശ്യപ്പെട്ടുവെന്ന ബി ജെ പി എം പി. സത്യപാല്‍ സിംഗിന്റെ പരാമര്‍ശത്തിനെതിരെ ഉവൈസി രംഗത്തു വന്നതോടെയാണ് വാക്കേറ്റമുണ്ടായത്. ഇന്ത്യയെ യു എസ്, ഇസ്‌റാഈല്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യരുതെന്ന് ഉവൈസി പറഞ്ഞു.

Latest