സിസ്റ്റര്‍ അഭയ കേസ്: കേസില്‍നിന്ന് ഒഴിവാക്കണമെന്ന പ്രതികളുടെ ഹരജി സുപ്രീം കോടതി തള്ളി

Posted on: July 15, 2019 6:32 pm | Last updated: July 15, 2019 at 7:21 pm

ന്യൂഡല്‍ഹി: അഭയകേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് പ്രതികള്‍ നല്‍കിയ ഹരജി സുപ്രീം കോടതി തള്ളി. ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ നല്‍കിയ ഹരജിയാണ്
സുപ്രീംകോടതി തള്ളിയത്‌. പ്രതിസ്ഥാനത്ത്് നിന്ന് ഒഴിവാക്കേണ്ട പ്രത്യേക സാഹചര്യം ഇല്ലെന്ന് കാണിച്ചാണ് ഹരജി തള്ളിയത്. കേസില്‍ തങ്ങള്‍ക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഫാദര്‍ കോട്ടൂരിന്റെയും സിസ്റ്റര്‍ സെഫിയുടെയും ഹര്‍ജി. ഇരുവരും വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു.

സിസ്റ്റര്‍ അഭയ കേസില്‍ ഒന്നാം പ്രതിയാണ് ഫാദര്‍ തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫിയാകട്ടെ മൂന്നാം പ്രതിയും. രണ്ടാം പ്രതി ഫാദര്‍ ജോസ് പൂതൃക്കയിലിനെയും നാലാം പ്രതി മൈക്കിളിനെയും നേരത്തേ കേരളാ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

അഭയ കേസില്‍ ഇരുവരും വിചാരണ നേരിടണമെന്ന തിരുവനന്തപുരം സിബിഐ കോടതിയുടെ മുന്‍ ഉത്തരവ് ചോദ്യം ചെയ്ത് ഇരുപ്രതികളും നല്‍കിയ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീംകോടതിയും പ്രതികളുടെ ഹര്‍ജി തള്ളിയത്.