Connect with us

National

കുതിരക്കച്ചവടം തീര്‍ത്ത രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമാകുന്നു; കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് വ്യാഴാഴ്ച

Published

|

Last Updated

ബംഗളൂരു: കര്‍ണാടകയില്‍ ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജനതാദള്‍- കോണ്‍ഗ്രസ് സഖ്യസര്‍ക്കാറിന്റെ ഭാവി വ്യാഴാഴ്ച അറിയാം. വ്യാഴാഴ്ച രാവിലെ 11ന് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കും. ചര്‍ച്ചക്ക് ശേഷമാകും വോട്ടെടുപ്പ് നടക്കുക. ഇന്ന് ചേര്‍ന്ന നിയമസഭ അഡൈ്വസറി സമിതിയാണ് തീരുമാനം കൈക്കൊണ്ടത്. രണ്ടാഴ്ച നീണ്ട രാഷ്ട്രീയ അനിശ്ചിതങ്ങള്‍ക്കൊടുവിലാണ് കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പ് നടക്കാന്‍ പോകുന്നത്. വോട്ടെടുപ്പ് അതിജീവിക്കാന്‍ സര്‍ക്കാറിന് കഴിയുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

224 അംഗം കര്‍ണാടക നിയമസഭയില്‍ ഭരണപക്ഷത്തെ 16 എം എല്‍ മാര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് പ്രതിസന്ധി ഉടലെടുത്തത്. 16 പേര്‍ രാജിവെച്ചതോടെ കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യത്തിന് 101 എം എല്‍ എമാരുടെ പിന്തുണ മാത്രമാണുള്ളത്. എന്നാല്‍ പ്രതിപക്ഷമായ ബി ജെ പിക്ക് നേരത്തെ സര്‍ക്കാറിനെ പിന്തുണച്ച രണ്ട് സ്വതന്ത്രരുടേത് അടക്കം 107 എം എല്‍ എമാരുടെ പിന്തുണയുണ്ട്. എന്നാല്‍ ഇപ്പോള്‍ ബി ജെ പി പാളയത്തിലേക്ക് മാറിയ 16 എം എല്‍ എമാരുടെയും രാജി സ്പീക്കര്‍ അംഗീകരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ സ്പീക്കറുടെ നിലപാട് നാളെ അറിയാമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ന് തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് രാവിലെ കോണ്‍ഗ്രസ്, ബി ജെ പി എം എല്‍ എമാര്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് ശേഷമാണ് വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്.

ഭൂരിപക്ഷം തെളിയിക്കാന്‍ കോണ്‍ഗ്രസ്‌ജെ ഡി എസ് സഖ്യത്തിന് കഴിയില്ലെന്നുറപ്പാണെന്ന് ബി ജെ പി നേതാക്കള്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ സാഹചര്യത്തില്‍ എത്രയും വേഗം കാര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കുകയാണ് ബി ജെ പിയുടെ ലക്ഷ്യം.

നിലവിലെ സാഹചര്യത്തില്‍ ഏഴ് വിമത എം എല്‍ എമാരെങ്കിലും തീരുമാനം മാറ്റിയാല്‍ മാത്രമേ സര്‍ക്കാറിന് നിലനില്‍ക്കാനാവൂ. വിമതരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളെല്ലാം പരാജയപ്പെട്ട അവസ്ഥയാണുള്ളത്. അതിനിടെ, കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ഭീഷണിയുണ്ടെന്ന് കാട്ടി പോലീസ് സംരക്ഷണം ആവശ്യപ്പെട്ട വിമതരുടെ നീക്കവും കോണ്‍ഗ്രസ്‌ജെ ഡി എസ് സഖ്യത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

അനുനയചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കര്‍ണാടക ഉപമുഖ്യമന്ത്രി ജി പരമേശ്വരയും മുംബൈയിലെത്തി വിമത എം എല്‍ എമാരെ കാണാനിരിക്കെയാണ് വിമതര്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടത്. കോണ്‍ഗ്രസ് നേതാക്കളെ ആരെയും കാണാന്‍ തങ്ങള്‍ക്ക് താത്പര്യമില്ല. കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ഭീഷണിയുണ്ടെന്നും പോലീസിന് നല്‍കിയ കത്തില്‍ പറഞ്ഞിട്ടുണ്ട്. 14 എം എല്‍ എമാരാണ് പരാതി നല്‍കിയിരിക്കുന്നത്.