വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി യുവനടിയുടെ പരാതി

Posted on: July 15, 2019 10:29 am | Last updated: July 15, 2019 at 10:56 am

മുംബൈ: നടനും സിനിമാ നിര്‍മാതാവുമായ മുന്‍ കാമുകനെതിരെ പീഡന പരാതിയുമായി നടിയും മോഡലുമായ യുവതി രംഗത്ത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി ചൂണ്ടിക്കാട്ടി മുംബൈയില്‍ താമസക്കാരിയായ ഉത്തര്‍പ്രദേശിലെ നോയ്ഡ സ്വദേശിയായ നടിയാണ് പോലീസില്‍ പരാതി നല്‍കിയത്.

2017 ല്‍ ഒരു ഷൂട്ടിനിടെ പരിചയപ്പെട്ട 34കാരനായ നടന്‍, താന്‍ വിവാഹിതനാണെന്ന കാര്യം മറച്ചുവച്ച് പ്രണയബന്ധത്തില്‍ ഏര്‍പ്പെടുകയും പിന്നീട് ബലമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നുമാണ് കേസ്. പ്രണയത്തിലായ ശേഷം തന്നോട് മറ്റ് നടന്മാരോടൊപ്പം അഭിനയിക്കരുതെന്നും സുഹൃത്തുക്കളോട് സൗഹൃദം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടതായും നടിയുടെ പരാതിയിലുണ്ട്. തന്റെ നഗ്ന ചിത്രങ്ങള്‍ കൈവശമുണ്ടെന്ന് പറഞ്ഞ് നടന്‍ ബ്ലാക്ക്‌മൈല്‍ ചെയ്യുന്നതായും പരാതിയിലുണ്ട്. നടിയുടെ പരാതിയില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376(2) (ി), 323, 504,506 വകുപ്പുകള്‍ പ്രകാരം മുംബൈ പോലീസ് കേസെടുത്തു. നടന്‍ ഇപ്പോള്‍ മുംബൈയിലില്ലെന്നും അദ്ദേഹത്തിനായി തിരച്ചില്‍ നടത്തുകയാണെന്നും പോലീസ് അറിയിച്ചു.