അഖിലിനെ അക്രമിച്ചത് ആസൂത്രിതമല്ല, പെട്ടെന്നുള്ള പ്രകോപനം; കുറ്റം സമ്മതിച്ച് പ്രതികള്‍

Posted on: July 15, 2019 9:48 am | Last updated: July 15, 2019 at 5:30 pm

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും കുറ്റം സമ്മതിച്ചു. പെട്ടെന്നുണ്ടായ പ്രകോപനമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്ന് എസ് എഫ് ഐ നേതാക്കളായ പ്രതികള്‍ അന്വേഷണ സംഘത്തിന് മുമ്പാകെ മൊഴി നല്‍കി. കുറ്റം സമ്മതിച്ച പ്രതികള്‍ ആസൂത്രിതമായല്ല അഖിലിനെ കുത്തിയതെന്നാണ് അന്വേഷണ സംഘത്തോട് പറഞ്ഞത്.

എന്നാല്‍ അക്രമം ആസൂത്രിതമാണെന്ന നിലപാടില്‍ തന്നെയാണ് പോലീസ് പറഞ്ഞു. പ്രതികളില്‍ നിന്നും രക്ഷപ്പെട്ട് അഖില്‍ ഓടിയപ്പോള്‍ പിന്നാലെ ഓടി പിടിച്ചു നിര്‍ത്തി കുത്തുകയായിരുന്നുവെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്.
തന്നെ കുത്തിയത് ശിവരജ്ഞിത്താണെന്ന് അഖിലും മൊഴി നല്‍കിയിരുന്നു. ആക്രമണത്തിന് കോളേജിന് പുറത്തുനിന്നുള്ളവരേയും എത്തിച്ചിരുന്നെന്നും ആക്രമിക്കാനായി മനപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയായിരുന്നെന്നുമായിരുന്നു അഖിലിന്റെ മൊഴി.

അഖിലിനെ കുത്തിയതിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്ന പ്രതികള്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പോലീസിന്റെ വലയിലായത്.കല്ലറയിലേക്ക് പോകാന്‍ ഓട്ടോയില്‍ കേശവദാസപുരത്ത് എത്തിയപ്പോഴാണ് ഇരുവരേയും അറസ്റ്റ് ചെയ്തതെന്ന് കന്റോണ്‍മെന്റ് പോലീസ് അറിയിച്ചു.

ഇതോടെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയവരില്‍ അഞ്ച് പ്രതികള്‍ ഉള്‍പ്പെട ആറ് പേര്‍ പിടിയിലായി. ഇന്നലെ വൈകിട്ടോടെയാണ് കേസിലെ പ്രതികളായ ആരോമല്‍, ആദില്‍, അദ്വൈത്, ഇജാബ് എന്നിവരെ പിടികൂടിയത്. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ അക്രമിസംഘത്തിലുണ്ടായിരുന്ന കോളജ് എസ് എഫ് ഐ യൂണിറ്റ് കമ്മിറ്റി അംഗം ഇജാബിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം, പ്രതികള്‍ക്കായി ഇന്നലെ അര്‍ദ്ധരാത്രി പോലീസ് യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലിലും സ്റ്റുഡന്റ്‌സ് സെന്ററിലും നടത്തിയ പരിശോധനയില്‍ മാരകായുധങ്ങള്‍ കണ്ടെടുത്തു. ഇരുമ്പുദണ്ഡുകള്‍ ഉള്‍പ്പെടെയാണ് കണ്ടെത്തിയതെന്ന് ഡി സി പി ആദിത്യ പറഞ്ഞു.