നവജോത് സിംഗ് സിദ്ദു പഞ്ചാബ് മന്ത്രിസഭയില്‍ നിന്ന് രാജിവച്ചു; പിന്നില്‍ മുഖ്യമന്ത്രിയുമായുള്ള ഭിന്നത

Posted on: July 14, 2019 1:13 pm | Last updated: July 14, 2019 at 10:08 pm

ചണ്ഡീഗഢ്: കോണ്‍ഗ്രസ് നേതാവ് നവ്‌ജോത് സിംഗ് സിദ്ദു പഞ്ചാബ് മനത്രിസഭയില്‍ നിന്ന് രാജിവച്ചു. മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് രാജി. ജൂണ്‍ പത്ത് തീയതി രേഖപ്പെടുത്തി രാഹുല്‍ ഗാന്ധിക്ക് അയച്ചുകൊടുത്ത രാജിക്കത്ത് ട്വിറ്ററിലെ തന്റെ ഔദ്യോഗിക അക്കൗണ്ട് വഴി സിദ്ദു പുറത്തുവിട്ടു. പഞ്ചാബ് മുഖ്യമന്ത്രിക്ക് ഉടന്‍ രാജി കൈമാറുമെന്നും സിദ്ദുവിന്റെ ട്വീറ്റിലുണ്ട്.

കഴിഞ്ഞ മാസം മന്ത്രിസഭാ പുനസ്സംഘടനയുടെ ഭാഗമായി സിദ്ദുവിനെ തദ്ദേശ സ്വയംഭരണ-ടൂറിസം-സംസ്‌കാരിക വകുപ്പില്‍ നിന്ന് ഊര്‍ജ വകുപ്പിന്റെ ചുമതലയിലേക്ക് മാറ്റിയിരുന്നു. മുഖ്യമന്ത്രിയുമായി ഇടഞ്ഞു നില്‍ക്കുന്നതിനിടെയുള്ള വകുപ്പു മാറ്റം സിദ്ദുവിനെ കൂടുതല്‍ ചൊടിപ്പിച്ചു. ജൂണ്‍ ആറിനാണ് വകുപ്പു മാറ്റി നല്‍കിയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭാര്യ നവ്‌ജോത് കൗറിന് പാര്‍ട്ടി ടിക്കറ്റ് നിഷേധിച്ചതാണ് സിദ്ദുവും അമരീന്ദറും തമ്മിലുള്ള തര്‍ക്കം രൂക്ഷമാക്കിയത്. വകുപ്പു മാറ്റത്തെ തുടര്‍ന്ന് ഒരു മാസത്തിലധികമായി സിദ്ദു ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഇതിനെതിരെ ബി ജെ പി നേതാക്കള്‍ രംഗത്തു വന്നിരുന്നു.