കര്‍താര്‍പൂര്‍ ഇടനാഴി: ഇന്ത്യ-പാക് രണ്ടാംഘട്ട ചര്‍ച്ച ഇന്ന്

Posted on: July 14, 2019 11:20 am | Last updated: July 14, 2019 at 3:14 pm

ന്യൂഡല്‍ഹി: സിഖ് ആചാര്യന്‍ ഗുരു നാനാക്കിന്റെ 550ാം ജന്മദിനാഘോഷം അടുത്തിരിക്കെ, തീര്‍ഥാടകര്‍ക്ക് കര്‍താര്‍പൂര്‍ ഇടനാഴിയിലൂടെ സുഗമ യാത്ര സാധ്യമാക്കുന്നതുമായി ബന്ധപ്പെട്ട ഇന്ത്യ-പാക് രണ്ടാംഘട്ട ചര്‍ച്ച ഇന്ന് നടക്കും. പാക് ഭാഗത്തെ അത്താരി-വാഗ അതിര്‍ത്തിയിലാണ് ചര്‍ച്ച. ഖലിസ്ഥാന്‍ അനുകൂല നേതാവ് ഗോപാല്‍ സിംഗ് ചൗളയെ ചര്‍ച്ചക്കുള്ള സംഘത്തില്‍ നിന്ന് പാക്കിസ്ഥാന്‍ ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ, ചൗളയുടെ സാന്നിധ്യത്തിനെതിരെ ഇന്ത്യ പ്രതിഷേധമുയര്‍ത്തിയിരുന്നു.

ഇടനാഴിയിലൂടെ എത്ര തീര്‍ഥാടകരെ അനുവദിക്കാനാകും എന്നതടക്കമുള്ള പ്രധാന വിഷയങ്ങള്‍ യോഗത്തില്‍ വരും. സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ ഇന്ത്യ മുന്നോട്ടുവെക്കും. സിഖ് ആചാര്യനായ ഗുരു നാനാക് അന്ത്യവിശ്രമം കൊള്ളുന്ന പാക്കിസ്ഥാനിലെ കര്‍താര്‍പൂരിലുള്ള ഗുരുദ്വാര ദര്‍ബാര്‍ സാഹിബിലേക്ക് ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് സുഗമമായ യാത്രയും പ്രവേശവും ഉറപ്പുവരുത്തുന്നതിനാണ് ഉഭയകക്ഷി ആലോചനകള്‍ നടന്നുവരുന്നത്.

തീര്‍ഥാടനത്തിന് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ ഭാഗത്ത് നാലുവരിപ്പാതയുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. ഇത് സെപ്തംബറോടെ പൂര്‍ത്തിയാക്കും. എന്നാല്‍, രണ്ടുവരിപ്പാതയാണ് പാക്കിസ്ഥാന്‍ നിര്‍മിക്കുന്നത്. പാക്കിസ്ഥാനിലെ നരോവല്‍ ജില്ലയിലാണ് കര്‍താര്‍പൂര്‍ സ്ഥിതി ചെയ്യുന്നത്. ദര്‍ബാര്‍ സാഹിബിലേക്ക് ഇവിടെ നിന്ന് നാലു കിലോമീറ്റര്‍ ദൂരമുണ്ട്. നവംബറിലാണ് ഗുരു നാനാകിന്റെ 550ാം ജന്മദിന ആഘോഷങ്ങള്‍ നടക്കുന്നത്.