കണ്ണൂര്‍ വിമാനത്താവളത്തില്‍ മയക്ക് മരുന്ന് വേട്ട; 910 ഗ്രാം ഹാഷിസ് ഓയില്‍ പിടികൂടി

Posted on: July 13, 2019 7:47 pm | Last updated: July 14, 2019 at 12:06 pm

മട്ടന്നൂര്‍: വിദേശത്തേക്ക് കടത്താന്‍കൊണ്ടുവന്ന ഹാഷിസ് ഓയിലുമായി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യുവാവ് പിടിയില്‍. കണ്ണൂര്‍ സ്വദേശി അജാസിനെയാണ് സി ഐ എസ് എഫ് പിടികൂടിയത്. ദോഹയിലേക്ക് കൊണ്ടുപോകാനായി എത്തിച്ച 910 ഗ്രാം ഹാഷിസ് ഓയില്‍ ഇയാളില്‍ നിന്ന് കണ്ടെടുത്തു.

വെള്ളിയാഴ്ച രാത്രി ദോഹയിലേക്ക് പോകാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കയറാനെത്തിയപ്പോഴാണ് അജാസ് പിടിയിലായത്. സി ഐ എസ ്എഫിന്റെ പരിശോധനയിലാണ് അജാസ് കുടുങ്ങിയത്. സംശയം തോന്നിയ യുവാവിനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് ശരീരത്തിലും ചെരിപ്പിലുമായി ഒളിപ്പിച്ചു വച്ച നിലയില്‍ മയക്കുമരുന്ന് കണ്ടെത്തിയത്.

പിടികൂടിയ ഹാഷിഷ് ഓയിലും പ്രതിയെയും സി ഐ എസ് എഫ് കൊച്ചി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബൂറോയ്ക്ക് കൈമാറി. വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ച് രണ്ടാം തവണയാണ് വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് ഓയില്‍ പിടികൂടുന്നത്.