Connect with us

National

വിമത എംഎല്‍എമാര്‍ രാജി പിന്‍വലിക്കുന്നു; കര്‍ണാടകയില്‍ കോണ്‍ഗ്രസ് തന്ത്രങ്ങള്‍ വിജയത്തിലേക്കോ?

Published

|

Last Updated

നാഗരാജ്

ബംഗളൂരു: പത്ത് എംഎല്‍എമാര്‍ രാജിവെച്ചതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കര്‍ണാടകയിലെ കോണ്‍ഗ്രസ് – ജെഡിഎസ് സര്‍ക്കാറിന് ആശ്വാസമായി വിമത എംഎല്‍എമാര്‍ നിലപാട് മാറ്റുന്നു. രാജിവെച്ച രണ്ട് എംഎല്‍എമാര്‍ രാജി പിന്‍വലിക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ നടത്തിയ അനുനയ നീക്കത്തിന് ഒടുവിലാണ് ഹോസ്‌കോട്ട് എംഎല്‍എ നാഗരാജും ചിക്ബല്ലാപൂര്‍ എംഎല്‍എ ഡോ. കെ സുധാകറും രാജി പിന്‍വലിക്കാന്‍ സന്നദ്ധത അറിയിച്ചത്.

നാഗരാജാണ് തങ്ങള്‍ രാജി പിന്‍വലിക്കാന്‍ ആലോചിക്കുന്നുവെന്ന സൂചന നല്‍കി രംഗത്തുവന്നത്. ഒരു പ്രത്യേക സാഹചര്യത്തിലാണ് തങ്ങള്‍ രാജി നല്‍കിയതെന്നും ഇപ്പോള്‍ ഡികെ ശിവകുമാറും മറ്റു നേതാക്കളും തങ്ങളോട് രാജി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണെന്നും നാഗരാജ് മാധ്യമങ്ങളോട് പറഞ്ഞു. സുധാകര്‍ റാവുവുമായി ആലോചിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. എല്ലാറ്റിലും ഉപരി ദശാബ്ദങ്ങളായി തങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും നാഗരാജ് പറഞ്ഞു. ശിവകുമാറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്.

നാഗരാജ് രാജി പിന്‍വലിക്കാന്‍ സന്നദ്ധത അറിയിച്ചതായി ഡികെ ശിവകുമാര്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. തങ്ങള്‍ എന്നും ഒന്നിച്ച് നില്‍ക്കുമെന്നും 40 വര്‍ഷത്തിലേറെയായി കോണ്‍ഗ്രസിനൊപ്പമാണ് തങ്ങളുടെ ജീവിതമെന്നും ശിവകുമാര്‍ പറഞ്ഞു. മുമ്പ് കഴിഞ്ഞതെല്ലാം ഞങ്ങള്‍ മറക്കുകയാണ്. നാഗരാജ് തങ്ങള്‍ക്ക് ഒപ്പം നില്‍ക്കുമെന്ന് ഉറപ്പ് തന്നിട്ടുണ്ടെന്നും അതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജൂലൈ പത്തിനാണ് നാഗരാജും സുധാകറും സ്പീക്കര്‍ക്ക് രാജി നല്‍കിയത്. രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അവര്‍ക്ക് 17ാം തീയ്യതി വരെ സ്പീക്കര്‍ അവസരം നല്‍കിയിരുന്നു.

Latest