നെടുങ്കണ്ടം കസ്റ്റഡി മരണം: രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് ജുഡീഷ്യല്‍ കമ്മിഷന്‍

Posted on: July 13, 2019 9:41 am | Last updated: July 13, 2019 at 12:39 pm

നെടുങ്കണ്ടം: പീരുമേട് സബ്ജയിലില്‍ റിമാന്‍ഡിലിരിക്കെ മരിച്ച രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ .ആദ്യ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൃത്യതയില്ലാത്തതും ഗുരുതര പിഴവുകളുമുള്ളതാണെന്നും ജുഡീഷ്യല്‍ കമ്മീഷന്‍ റിട്ടയേര്‍ഡ് ജസ്റ്റിസ് കെ നാരായണക്കുറുപ്പ് പറഞ്ഞു.ആന്തരാവയവങ്ങള്‍ പരിശോധനക്ക് അയച്ചിട്ടില്ല. മുറിവുകളുടെ കാലപ്പഴക്കവും സ്വഭാവവും പരിശോധിക്കാന്‍ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യതണം.

വളരെ ലാഘവത്തോടെ ചെയ്ത പോസ്റ്റുമോര്‍ട്ടമാണ് രാജ്കുമാറിന്റേത്. ഇപ്പോഴത്തെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടു കൊണ്ട് ഒരു പ്രയോജനവും ഇല്ല. നിലവില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇല്ലാത്ത അവസ്ഥ ആണ്. ഇക്കാരണങ്ങളാല്‍ രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്‌തേ മതിയാകൂ എന്നും നാരായണക്കുറുപ്പ് പറഞ്ഞു.

ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും രാജ്കുമാറിന്റെ അമ്മ കസ്തൂരി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് നെടുങ്കണ്ടം കസ്റ്റഡിമരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. സിറ്റിംഗ് ജഡ്ജിയെ കിട്ടാത്തതപകൊണ്ടാണ് വിരമിച്ച ജഡ്ജിയായ ജസ്റ്റിസ് കെ നാരായണക്കുറുപ്പിനെ അന്വേഷണച്ചുമതല ഏല്‍പ്പിച്ചത്. ആറുമാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം.