പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മിക്കാന്‍ കേരളത്തിന് യു എ ഇ റെഡ് ക്രസന്റിന്റെ സഹായം

Posted on: July 11, 2019 9:40 pm | Last updated: July 12, 2019 at 9:36 am

തിരുവനന്തപുരം: സംസ്ഥാനത്ത് പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മിക്കുന്നതിന് യു എ ഇ റെഡ് ക്രസന്റ് അതോറിറ്റി ഇരുപത് കോടി രൂപയുടെ സഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പ്രളയ പുനര്‍ നിര്‍മാണത്തിന് പണം സമാഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി യു എ ഇ സന്ദര്‍ശിച്ചപ്പോള്‍ അവിടുത്തെ ഭരണാധികാരികളുമായി ചര്‍ച്ച നടത്തിയിരുന്നു. പ്രളയത്തിന്റെ അതിഭീകരമായ അനുഭവങ്ങള്‍ റെഡ്ക്രസന്റുമായി അന്ന് ചര്‍ച്ച ചെയ്തു. ഈ ചര്‍ച്ചയില്‍ പാര്‍പ്പിട നിര്‍മാണത്തിന് റെഡ് ക്രസന്റ് സഹായം ലഭ്യമാക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. അതിന്റെ ഭാഗമായി ഇന്ന് തിരുവനന്തപുരത്തെത്തിയ റെഡ് ക്രസന്റ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ഫഹദ് അബ്ദുല്‍ റഹ്മാന്‍ ബിന്‍ സുല്‍ത്താനുമായി സംസ്ഥാന സര്‍ക്കാര്‍ ധാരാണാപത്രം ഒപ്പിട്ടു. ആദ്യഘട്ടമായുള്ള സഹായമാണിത്. തുടര്‍ന്നും സഹായം ലഭ്യമാക്കുമെന്ന് റെഡ് ക്രസന്റ് അറിയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ധാരാണാപത്രം ഒപ്പിടല്‍ ചടങ്ങില്‍ യു എ ഇ കോണ്‍സല്‍ ജനറല്‍ ജമാല്‍ അല്‍ സാബി, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍, റീബില്‍ഡ് കേരള ചീഫ് എക്‌സിക്യൂട്ടീവ് ഡോ. വി. വേണു, ലൈഫ് മിഷന്‍ സി ഇ ഒ യു വി. ജോസ്, മുഖ്യമന്ത്രിയുടെ സെക്രട്ടറി എം. ശിവശങ്കര്‍, പ്രവാസി വ്യവസായി എം എ യൂസഫലി എന്നിവരും പങ്കെടുത്തു.

റെഡ്ക്രസന്റ് യു എ ഇയില്‍ ഏറ്റവും കൂടുതല്‍ ചാരിറ്റി പ്രവര്‍ത്തനം നടത്തുന്നവരാണ്. ലോകത്താകെ വിവിധ തരത്തിലുള്ള സഹായം അവര്‍ ലഭ്യമാക്കുന്നുണ്ട്. കേരളത്തിന് നല്‍കുന്ന സഹായത്തിനും പിന്തുണയ്ക്കും യു എ ഇ ഭരണാധികാരികള്‍ക്കും റെഡ് ക്രസന്റിനും മുഖ്യമന്ത്രി നന്ദി അറിയിച്ചു.