ബാബരി കേസ്: 18ന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മധ്യസ്ഥ സമിതിക്ക് സുപ്രീം കോടതി നിര്‍ദേശം

Posted on: July 11, 2019 4:26 pm | Last updated: July 11, 2019 at 9:01 pm

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഭൂമിതര്‍ക്ക കേസില്‍ ഈ മാസം 18നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മധ്യസ്ഥ സമിതിക്ക് സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദേശം. മധ്യസ്ഥ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെങ്കില്‍ അതിനനുസരിച്ച നടപടികളുമായി കോടതി മുന്നോട്ട് പോകുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. മധ്യസ്ഥചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നും ഹരജി ഉടന്‍ പരിഗണിക്കണമെന്നുമാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നടപടി. ജൂലൈ 25ന് കേസ് വീണ്ടും പരിഗണിക്കും.

മധ്യസ്ഥ ചര്‍ച്ചയ്ക്കുള്ള സമയപരിധി ആഗസ്ത് 15നാണ് അവസാനിക്കാനിരിക്കെയാണ് കോടതി നിലപാട് കടുപ്പിച്ചത്. കേസ് വേഗം കേള്‍ക്കണമെന്നാവശ്യപ്പെട്ട് മുഖ്യപരാതിക്കാരിലൊരാളായ ഗോപാല്‍ സിങ് വിശാരദ് കഴിഞ്ഞ ദിവസം സുപ്രിംകോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ച് എട്ടിന് ബാബരി ഭൂമിതര്‍ക്ക വിഷയം മധ്യസ്ഥ ചര്‍ച്ചയ്ക്കുവിട്ടശേഷം ഇതാദ്യമായാണ് വീണ്ടും കേസ് പരിഗണിക്കണിക്കുന്നത്.

ജസ്റ്റിസ് എഫ് എം ഐ കലീഫുല്ല, ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരാണ് സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സമിതിയിലുള്ളത്.