കുമ്മനം നല്‍കിയ കേസ്; വട്ടിയൂര്‍കാവില്‍ ഉപതിരഞ്ഞെടുപ്പ് നടത്താന്‍ തടസ്സമില്ലെന്ന് നിയമോപദേശം

Posted on: July 11, 2019 3:29 pm | Last updated: July 11, 2019 at 3:29 pm

തിരുവനന്തപുരം: വട്ടിയൂര്‍കാവിലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേസ് നിലനില്‍ക്കുന്നുണ്ടെങ്കിലും ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് തടസ്സമില്ലെന്ന് നിയമോപദേശം. വട്ടിയൂര്‍കാവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വിജയിച്ച കെ മുരളീധരന്റെ വിജയത്തെ ചോദ്യം ചെയ്ത് ബിജെപി സ്ഥാനാര്‍ഥിയായിരുന്ന കുമ്മനം രാജശേഖരനാണ് കോടതിയെ സമീപിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കെ മുരളീധരന്‍ തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് എംഎല്‍എ സ്ഥാനം രാജിവെച്ചിരുന്നു.

എന്നാല്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ വട്ടിയൂര്‍കാവില്‍ ഉപതിരഞ്ഞെടുപ്പ് നടത്താനാകുമോ എന്ന കാര്യത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിയമോപദേശം തേടിയത്. കുമ്മനം നല്‍കിയ കേസില്‍ മുരളീധരന്റെ വിജയം അസാധുവാക്കണമെന്ന് മാത്രമെ ആവശ്യപ്പെടുന്നുള്ളൂവെന്നും കുമ്മനത്തെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലാത്തതിനാല്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് തടസ്സമില്ലെന്നാണ് ഹൈക്കോടതിയിലെ സ്റ്റാന്‍ഡിംഗ് കോണ്‍സില്‍ നിയമോപദേശം നല്‍കിയത്.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ മുരളീധരന്‍ ആസ്തി മറച്ചുവെച്ചുവെന്ന് കാണിച്ചാണ് കുമ്മനം കേസ് നല്‍കിയത്.