Connect with us

Editorial

ജി എസ് ടിയില്‍ തളരുന്ന നികുതി ഘടന

Published

|

Last Updated

നികുതി ചോര്‍ച്ച തടയാന്‍ വ്യാപാര സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ് സര്‍ക്കാര്‍. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ 64 നക്ഷത്ര ഹോട്ടലുകളില്‍ ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി രേഖകള്‍ പിടിച്ചെടുക്കുകയുണ്ടായി. ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കാനും സമയബന്ധിതമായി റിട്ടേണ്‍ സമര്‍പ്പിക്കാത്ത വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനും തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചിട്ടുണ്ട്.

നികുതിയില്‍ ഗണ്യമായ ഇടിവുണ്ടാകുകയും വായ്പകളില്‍ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കെ സംസ്ഥാനത്തിന്റെ സാമ്പത്തിക നില കൂടുതല്‍ മോശമായി വരുന്ന സാഹചര്യത്തിലാണ് പുതിയ നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങിയത്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ജി എസ് ടി വളരെയധികം ഗുണം ചെയ്യുമെന്നും നികുതി വരുമാനം ഗണ്യമായി കൂടുമെന്നുമായിരുന്നു പ്രതീക്ഷ. എന്നാല്‍ ജി എസ് ടി നടപ്പാക്കിയത് വേണ്ടത്ര തയ്യാറെടുപ്പില്ലാതെ ആയതിനാല്‍ നികുതി വളര്‍ച്ച കുറയുകയാണുണ്ടായത്. നാല് ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ നികുതി വളര്‍ച്ചാ നിരക്ക്. കഴിഞ്ഞ 10 വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണ് ഇത്. ജി എസ് ടി വന്നാല്‍ സാധാരണ ഉപഭോക്താക്കള്‍ക്കുള്ള സാധനങ്ങളുടെ വില കുറയുമെന്ന പ്രതീക്ഷയും തെറ്റി. വില ഒട്ടും കുറഞ്ഞില്ല. പല സാധനങ്ങള്‍ക്കും കുത്തനെ ഉയരുകയാണുണ്ടായത്.
നടപ്പു വര്‍ഷത്തില്‍ ഇതുവരെയുള്ള കണക്കനുസരിച്ച് പ്രതീക്ഷിച്ചതിനേക്കാള്‍ 16 ശതമാനം കുറവായിരുന്നു നികുതി വരുമാനം. കഴിഞ്ഞ വര്‍ഷത്തെ നികുതിയില്‍ സംസ്ഥാന സര്‍ക്കാര്‍ 20 മുതല്‍ 30 ശതമാനം വരെ വരുമാന വളര്‍ച്ച പ്രതീക്ഷിച്ചിടത്ത് 15 ശതമാനം വളര്‍ച്ച മാത്രമാണ് ഉണ്ടായത്. കേന്ദ്രത്തിന്റെ നഷ്ടപരിഹാരം കൂടി ചേര്‍ത്തുള്ള കണക്കാണിത്. അഞ്ച് വര്‍ഷത്തേക്ക് മാത്രമേ കേന്ദ്ര സര്‍ക്കാറില്‍ നിന്ന് ജി എസ് ടി നഷ്ടപരിഹാരം ലഭിക്കുകയുള്ളൂ. അതിനകം മറ്റു വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തുകയോ നികുതി പിരിവ് ഊര്‍ജിതപ്പെടുത്തുകയോ ചെയ്തില്ലെങ്കില്‍ സംസ്ഥാനം അതിരൂക്ഷമായ സാമ്പത്തിക ഞെരുക്കം നേരിടും.

ജി എസ് ടി വന്നതിനു ശേഷം സംസ്ഥാനത്ത് വന്‍ നികുതി ചോര്‍ച്ചയുള്ളതായി കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ധനമന്ത്രി ടി എം തോമസ് ഐസക് വെളിപ്പെടുത്തിയിരുന്നു. പുകയില, സ്വര്‍ണം, ടൈല്‍, മാര്‍ബിള്‍, ഗ്രാനൈറ്റ്, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ വഴി വാറ്റ് കാലത്ത് 2,462 കോടി നികുതി കിട്ടിയിരുന്നെങ്കില്‍ ജി എസ് ടി വന്ന ശേഷം ഇത് 1,170 കോടിയായി കുറഞ്ഞു. നികുതി വെട്ടിപ്പാണോ വ്യാപാരികള്‍ അനധികൃതമായി കൂടുതല്‍ ഇന്‍പുട് ടാക്‌സ് ക്രെഡിറ്റ് എടുക്കുന്നതാണോ കാരണമെന്നു കണ്ടെത്തി ഉടനടി തിരിച്ചു പിടിക്കാന്‍ നടപടി സ്വീകരിക്കുമെന്നാണ് മന്ത്രി പറയുന്നത്.

സ്വര്‍ണത്തിന് നേരത്തെ ഒന്നേകാല്‍ ശതമാനം കോംപോസിഷന്‍ നികുതിയുണ്ടായിരുന്നത് ജി എസ് ടി വന്നപ്പോള്‍ നികുതി മൂന്ന് ശതമാനമായി വര്‍ധിച്ചിട്ടും വരുമാനത്തില്‍ ഗണ്യമായ ഇടിവാണുണ്ടായത്. നികുതി വെട്ടിപ്പ് നടക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണിതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ജി എസ് ടിക്കു ശേഷം ചെക്ക് പോസ്റ്റുകള്‍ ഇല്ലാതായതും നികുതി വരുമാനത്തെ ബാധിച്ചു. ഇതിനു പകരം ഇവേ ബില്ലാണ് ജി എസ് ടിയില്‍ വ്യവസ്ഥ ചെയ്യുന്നത്. 50,000 രൂപയില്‍ കൂടുതല്‍ വിലയുള്ള സാധനങ്ങള്‍ ഒരു സ്ഥലത്തു നിന്ന് 10 കിലോമീറ്ററിലധികം ദൂരെയുള്ള മറ്റൊരിടത്തേക്ക് എത്തിക്കേണ്ടി വരുമ്പോള്‍ ഉപയോഗിക്കേണ്ട യാത്രാ രേഖയാണ് ഇ വേ ബില്‍. ഓണ്‍ലൈനില്‍ നിന്ന് ലഭിക്കുന്ന ഈ രേഖ ഉപയോഗിച്ച് ഇന്ത്യയിലെവിടെയും ചരക്കുമായി യാത്ര ചെയ്യാവുന്നതാണ്. ജി എസ് ടി വന്ന് ഒരു വര്‍ഷത്തിന് ശേഷം ഇ വേ ബില്‍ നടപ്പായെങ്കിലും പ്രവര്‍ത്തനം ഇപ്പോഴും കാര്യക്ഷമമല്ല. റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ട വെബ്‌സൈറ്റ് പണിമുടക്കുന്നതും പ്രതിസന്ധിയുണ്ടാക്കുന്നു. ചെക്ക് പോസ്റ്റുകളില്‍ ഇ വേ ബില്ലുകള്‍ പരിശോധിക്കാന്‍ നൂറിലധികം സ്‌ക്വാഡുകളെ നിയോഗിക്കാന്‍ കഴിഞ്ഞ ദിവസത്തെ ഉന്നതതല യോഗം തീരുമാനിച്ചിട്ടുണ്ട്.
2019-20 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത് 30 ശതമാനം നികുതി വര്‍ധനവും അതുവഴി 6,000 കോടി രൂപയുടെ അധിക വരുമാനവുമാണ്. ഇതൊരു കടന്ന പ്രതീക്ഷയാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. അടുത്ത കാലത്തായി സംസ്ഥാനം കൈവരിച്ച ഏറ്റവും വലിയ നികുതി വര്‍ധന 25 ശതമാനമായിരുന്നു. 2012-13 വര്‍ഷത്തിലായിരുന്നു ഇത്. തുടര്‍ന്ന് 2013-14ല്‍ പത്തും 2014-15ല്‍ ഒമ്പതും 2015-16ല്‍ എട്ടും 2016-17ല്‍ പത്തും 2017-18ല്‍ നാലും ശതമാനമായിരുന്നു നികുതി വളര്‍ച്ചാ നിരക്ക്.

നികുതി പിരിവ് ജി എസ് ടി സമ്പ്രദായത്തിലേക്ക് മാറിയതാണ് 2017-18ലെ വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിയാന്‍ കാരണം. മുന്നൊരുക്കമില്ലാതെ ജി എസ് ടി നടപ്പാക്കിയതിന്റെ അപാകതകളും അവ്യക്തതകളും ഇപ്പോഴും പൂര്‍ണമായും മാറിയിട്ടില്ലെന്നിരിക്കെ നാല് ശതമാനത്തില്‍ നിന്ന് എങ്ങനെ 30 ശതമാനത്തിലേക്ക് നിരക്ക് ഉയരുമെന്ന ചോദ്യം അവശേഷിക്കുന്നു. 7.1 ശതമാനം മാത്രം വളരുന്ന സാമ്പത്തിക ഘടനയില്‍ 30 ശതമാനം അധിക നികുതി വരുമാനം ദിവാസ്വപ്‌നമാണ്. നികുതി പിരിവ് പരമാവധി ഊര്‍ജിതമാക്കിയാല്‍ 15 ശതമാനത്തിലോ 20 ശതമാനത്തിലോ എത്തിക്കാനായേക്കുമെങ്കിലും ലക്ഷ്യം കൈവരിക്കുക പ്രയാസമാണ്. ആത്യന്തികമായി ഇത് ഉത്പന്നങ്ങള്‍ക്കെല്ലാം കുത്തനെ വില വര്‍ധിക്കാനിടയാക്കും.

ഏതായാലും സംസ്ഥാനം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കടുത്ത നടപടികളിലേക്ക് നീങ്ങുകയല്ലാതെ സര്‍ക്കാറിന് നിര്‍വാഹമില്ല. ഇതിന്റെ തുടക്കമാണിപ്പോഴത്തെ റെയ്ഡുകളും നികുതി അടവില്‍ വീഴ്ച വരുത്തുന്ന വ്യാപാരികള്‍ക്കെതിരായ നിയമ നടപടികളുമെല്ലാം.

Latest