അബൂദബി വിമാനത്താവളവും തുറമുഖവും അറിവും അനുഭവവും കൈമാറും

Posted on: July 10, 2019 11:56 pm | Last updated: July 10, 2019 at 11:56 pm

അബൂദബി: അബൂദബി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയും അബൂദബി തുറമുഖ കമ്പനിയും തമ്മില്‍ അറിവും അനുഭവവും കൈമാറാന്‍ ധാരണ. മികച്ച രീതികള്‍ അവലോകനം ചെയ്യുന്നതിനും അറിവും അനുഭവവും പങ്കിടാനും അബൂദബി തുറമുഖ വകുപ്പില്‍ നിന്നുള്ള ഒരു സംഘം അബൂദബി വിമാനത്താവളങ്ങള്‍ സന്ദര്‍ശിച്ചു. സംഘം എയര്‍പോര്‍ട്ട് ബിസിനസ്, റിസ്‌ക് മാനേജുമെന്റ് ടീമുമായി കൂടിക്കാഴ്ച നടത്തി.

ഇരു കമ്പനികളും തമ്മില്‍ പങ്കാളികളായതോടെ പരസ്പരം ഇടപഴകുന്നതിലൂടെ ഇരു സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ബിസിനസ്സ് തുടര്‍ച്ച ഉറപ്പാക്കുന്നതിനും കഴിയും. രണ്ട് സ്ഥാപനങ്ങളുടെയും നിരന്തരമായ ശ്രമങ്ങളുടെ ഫലമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. തന്ത്രപരമായ ബിസിനസ്സ് തുടര്‍ച്ച, ലക്ഷ്യങ്ങള്‍ വികസിപ്പിക്കുന്ന പ്രക്രിയ, ബജറ്റ് അലോക്കേഷന്‍ സംവിധാനങ്ങള്‍ ഇതിലൂടെ മെച്ചപ്പെടുത്താനാകും.

ബിസിനസ് ഇംപാക്റ്റ് അനാലിസിസ് റിപ്പോര്‍ട്ടുകള്‍, അടിയന്തര-പ്രതിസന്ധി പ്രതികരണ പദ്ധതികള്‍, വിതരണക്കാരെയും കരാറുകാരെയും കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍, അനുബന്ധ സ്ഥാപനങ്ങളുമായുള്ള പരസ്പര സഹായ കരാറുകള്‍, എന്റര്‍പ്രൈസസ് റിസ്‌ക് രജിസ്റ്റര്‍ പരിപാലിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഇരു പാര്‍ട്ടികളും ചര്‍ച്ച ചെയ്തു. ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളില്‍ ഒന്നാണ് അബൂദബി വിമാനത്താവളം. അബൂദബി തുറമുഖവുമായി ധാരണയിലായതോടെ ഇരു കമ്പനികളും തമ്മില്‍ പരസ്പരം അനുഭവങ്ങള്‍ കൈമാറാനാകുമെന്ന് അബൂദബി വിമാനത്താവള ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബ്രയാന്‍ തോംസണ്‍ പറഞ്ഞു.